കുട്ടിക്കുടിയന്മാര്‍ കൂടുന്നു

കേരളത്തില്‍ കുട്ടികള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്...? ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഇതാ......

സ്ക്കുളില്‍ യുവജനോത്സവം നടക്കുന്നതിനാല്‍, തിരികെ വീട്ടില്‍ വരാന്‍ വൈകുമെന്ന് എട്ടാംക്ലാസുകാരനായ മകന്‍ പറഞ്ഞിരുന്നതാണ് . എന്നാല്‍ വൈകിട്ട് ഏഴുമണി കഴിഞ്ഞിട്ടും മകനെ കാണാതായപ്പോള്‍ അമ്മയ്ക്ക് ആധിയായി.മകന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍റെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോള്‍ അവനും വീട്ടിലെത്തിയിട്ടില്ല!മറ്റു പല കൂട്ടുകാരുടെയും വീടുകളിലേക്ക് വിളിച്ചു നോക്കിയപ്പോള്‍ അവരൊക്കെ ആറുമണിക്കു മുന്‍പുതന്നെ വീട്ടിലെത്തിയിട്ടുണ്ട്.സ്കൂളിലെ കലാപരിപാടികളൊക്കെ അഞ്ചുമണിക്കു തന്നെ തീര്‍ന്നെന്ന് അവര്‍ പറഞ്ഞു. പരിഭ്രാന്തരായ അച്ഛനുമമ്മയും മകനെ തിരക്കി സ്ക്കുളിലെത്തി.ക്ലാസ്മുറിയിലും സ്ക്കുളിന്‍റെ പരിസരത്തും ഗ്രൗണ്ടിലുമെല്ലാം അവര്‍ മകനെ അന്വേഷിച്ചു.ഒടുവില്‍ ഒന്‍പതുമണിയോടെ സ്ക്കൂള്‍ ഗ്രൗണ്ടിന്‍റെ ഏറ്റവും പിറകിലുള്ള മതിലിനടുത്ത് മകനും അവന്‍റെ സുഹൃത്തും ബോധരഹിതരായി കിടക്കുന്നത് കണ്ട് അവര്‍ ഞെട്ടി.പൊട്ടിയ മദ്യക്കുപ്പിയും സിഗരറ്റ് പാക്കറ്റും പരിസരത്തുണ്ടായിരുന്നു.സ്വന്തം മകന്‍റെ ശരീരത്തില്‍ നിന്ന് മദ്യത്തിന്‍റെ രൂക്ഷഗന്ധം വമിക്കുന്നത്‌ മനസ്സിലാക്കിയ അമ്മയുടെ കണ്ണുകള്‍നിറഞ്ഞു.

പിറ്റേന്ന് ബോധംതെളിഞ്ഞ ശേഷം മകനെ ചോദ്യംചെയ്ത രക്ഷിതാക്കള്‍ക്കു മുന്നില്‍ കൂസലില്ലാതെ നിന്ന് ആ മകന്‍ പറഞ്ഞു."ഞങ്ങളുടെ സ്ക്കൂളിലെ പല ചേട്ടന്മാരും കുടിക്കാറുണ്ട്.അവരുടെയൊന്നും വീട്ടില്‍ അത് പ്രശ്നമാകുന്നില്ലല്ലോ.അല്ലെങ്കില്‍തന്നെ,അച്ഛന്‍ എന്നും വീട്ടില്‍ കുടിച്ചിട്ടല്ലേ വരുന്നത്.അച്ഛന്‍ ചെയ്യുന്ന കാര്യമല്ലേ ഞാനും ചെയ്തുള്ളൂ."പതിമൂന്നുകാരനായ മകന്‍റെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടിപ്പോയി അവന്‍റെ അച്ഛന്.

കുട്ടികള്‍ക്കിടയിലെ മദ്യപാനവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും കൂടിവരുന്നതായി സമീപകാലാനുഭവങ്ങള്‍ വ്യക്തമാക്കുന്നു. ശരാശരി പന്ത്രണ്ടര വയസ്സില്‍തന്നെ കുട്ടികളില്‍ മദ്യപാനശീലം ആരംഭിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.കേരളത്തിലെ തെക്കന്‍ ജില്ലകളിലെ ചില ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ആണ്‍കുട്ടികളില്‍ ഈലേഖകന്‍ നടത്തിയ ഒരു സര്‍വേയില്‍നിന്നു വ്യക്തമായത് കുട്ടികളില്‍ 50 ശതമാനത്തിലേറെ പേര്‍ മദ്യം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ്.

അഞ്ചുശതമാനത്തോളം കുട്ടികള്‍ ഇടയ്ക്കിടെ മദ്യം ഉപയോഗിക്കുകയും അതു കാരണമുള്ള ശാരീരിക-മാനസിക പ്രശ്നങ്ങളനുഭവിക്കുകയും ചെയ്യുന്ന 'പ്രശ്നക്കാരായ മദ്യപന്മാ'രാണ്(Problem drinkers).ഈ പ്രശ്നക്കാരായ മദ്യപന്മാരില്‍ ബഹുഭൂരിപക്ഷവും 13 വയസ്സിനു മുന്‍പുതന്നെ മദ്യം രുചിച്ചു നോക്കിയവരാണ്.ചെറുപ്രായത്തില്‍തന്നെ മദ്യോപയോഗം ആരംഭിക്കുന്നവര്‍, മറ്റുള്ളവരെ അപേക്ഷിച്ച് മദ്യത്തിന് അടിമകളാകാനുള്ള സാധ്യത നാലിരട്ടിയാണെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു.

എന്തുകൊണ്ട് മദ്യപാനം?

സമീപകാലത്ത് നടന്ന നിരവധി ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് മദ്യാസ്ക്തി ജനിതകകാരണങ്ങള്‍കൊണ്ട് പാരമ്പര്യമായി പകര്‍ന്നുകിട്ടാവുന്ന ഒരു രോഗമാണെന്നാണ്.മദ്യാപന്മാരുടെ മക്കള്‍, അച്ഛ്നമ്മമാരോടൊപ്പം താമസിക്കുന്നില്ലെങ്കില്‍ പോലും ചെറിയപ്രായത്തില്‍ മദ്യം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.എന്നാല്‍ ഇതിനെക്കളേറെ പ്രാധാന്യം ഉള്ള കാര്യമാണ്, മുതിര്‍ന്നവര്‍ മദ്യം ഉപയോഗിക്കുന്നത് കണ്ടുവളരുന്ന കുട്ടികള്‍ ഈ ശീലം അനുകരിക്കാന്‍ സാധ്യതയേറെയാണെന്നത്.മദ്യോപയോഗം സ്വാഭാവികജീവിതത്തിന്‍റെ ഭാഗമാണെന്നു ധരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ച് മദ്യോപയോഗം തുടങ്ങുന്നു.പൊതുസമൂഹത്തില്‍ മദ്യത്തോടുള്ള മനോഭാവം മാറിവരുന്നതു കുട്ടികള്‍ക്ക് പ്രേരണയാകുന്നുണ്ട്.കല്യാണം,മരണം, ആഘോഷവേളകള്‍ എന്നിവയിലൊക്കെ മദ്യം വിളമ്പുന്നത് സര്‍വസാധാരണമായിരുക്കുന്നു. മദ്യം ആരോഗ്യത്തെ നശിപ്പിക്കുന്ന പദാര്‍ത്ഥമെന്ന നിലയില്‍നിന്ന് നിര്‍ദോഷകരമായ ഒരു വിനോദമാര്‍ഗ്ഗമെന്ന നിലയിലേക്ക് സമൂഹകാഴച്ചപ്പാട് മാറിയിരിക്കുന്നു.സിനിമകളും മറ്റു മാദ്ധ്യമങ്ങളും മദ്യത്തെ പൗരുഷലക്ഷണമായി ചിത്രീകരിക്കുമ്പോള്‍ കുട്ടികള്‍ വേഗം അതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.സ്ത്രീകളുടെ ഇടയിലും മദ്യത്തോട് അല്പം"മൃദുസമീപനം" വര്‍ദ്ധിച്ചുവരുന്നതായി കാണാം.കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ ലേഖകന്‍ നടത്തിയ ഒരു സര്‍വേയില്‍ നിങ്ങളുടെ ജീവിതപങ്കാളിയില്‍ നിങ്ങള്‍ കാണാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്? എന്ന ചോദ്യത്തിന് "മദ്യപാനം"എന്ന് ഉത്തരമെഴുതിയവര്‍ പത്തുശതമാനം പേര്‍ മാത്രമായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്ക്കുളില്‍ മദ്യപിച്ച് സമനില തെറ്റിയ പ്ലസ് വണ്‍‌കാരികളായ മൂന്നു പെണ്‍കുട്ടികള്‍ കാട്ടിയ വിക്രിയകള്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഞെട്ടിച്ചത് അടുത്തകാലത്താണ്‌.

പരീക്ഷണസ്വാഭാവം കൂടുതലായി കണ്ടുവരുന്ന കൗമാരപ്രായത്തില്‍, അവസരം കിട്ടിയാല്‍ മദ്യം കുടിക്കാന്‍ പലരും മുതിര്‍ന്നേക്കും. അതിനുള്ള സാഹചര്യങ്ങള്‍ അനായാസമായി ലഭിച്ചാല്‍ പ്രശ്നം രൂക്ഷമാകും.വീട്ടില്‍ മദ്യക്കുപ്പികള്‍ സൂക്ഷിക്കുകയും കുട്ടികളുടെ മുന്‍പില്‍ വെച്ച് കുടിക്കുകയും ചെയ്യുന്ന രക്ഷിതാക്കളാണ് ഈക്കാര്യത്തില്‍ പ്രധാന പ്രതികള്‍.ആഘോഷവേളകളില്‍ കുട്ടികള്‍ക്ക് അല്പം മദ്യം പകര്‍ന്നു നല്‍കുന്ന മാതാപിതാക്കളുമുണ്ട്!

ശ്രദ്ധക്കുറവും അമിതവികൃതിയും കൂടുതലായുള്ള ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍(Hyper kinetic disorder),കുറ്റവാസനകള്‍ പ്രകടിപ്പിക്കുന്ന കണ്‍ഡക്ട് ഡിസോര്‍ഡര്‍(Conduct disorder)എന്നീ മാനസിക രോഗാവസ്ഥകളുള്ള കുട്ടികളില്‍ മദ്യമുപയോഗിക്കാനുള്ള പ്രവണത ചെറുപ്രായത്തില്‍തന്നെ പ്രകടമായിരിക്കും.ആത്മനിയന്ത്രണം കുറവുള്ള ഈ കുട്ടികള്‍ മദ്യപാനത്തോടൊപ്പം പുകവലി, ലൈംഗിക പരീക്ഷണങ്ങള്‍,അക്രമവാസനകള്‍ എന്നിവയിലും ചെറുപ്രായത്തിലേ ഏര്‍പ്പെട്ടിന്നിരിക്കും.

സമപ്രായക്കാരുടെ സമ്മര്‍ദത്തിനു വഴങ്ങി മദ്യപാനമാരംഭിക്കുന്ന കുട്ടികളും ധാരാളം. തന്‍റെ സുഹൃത്ത് തനിക്കിഷ്ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍, 'പറ്റില്ല' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനുള്ള കഴിവില്ലാത്ത കുട്ടികള്‍ക്കാണ് ഇങ്ങനെ പറ്റുന്നത്. സ്ക്കൂളിലെ വളരെ സജീവമായ ഒരു 'ഗാങ്ങില്‍' അംഗത്വം നേടാന്‍ മദ്യമുപയോഗിച്ച് പൗരുഷം തെളിയിക്കണമെന്ന വ്യവസ്ഥ വെക്കുന്ന കുട്ടികളുമുണ്ട്.സുഹൃത്തുക്കളുടെ നിര്‍ബദ്ധത്തിനു വഴങ്ങാത്തപക്ഷം അവര്‍ തന്നോട് മിണ്ടാതാകുമോ എന്ന ആശങ്കയാണ് കുട്ടികളെ ഇത്തരം ശീലങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

വീട്ടില്‍നിന്ന് വേണ്ടത്ര സ്നേഹവും വൈകാരിക സുരക്ഷിതത്വവും കിട്ടാതെ വരുന്നത് കുട്ടികളെ മദ്യപാനത്തിലേക്ക് നയിക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്ക്, മാതാപിതാക്കളുടെ സ്വാഭാവദൂഷ്യങ്ങള്‍, കുട്ടികളോടോത്ത് വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാതെ പോകുന്നത് എന്നിവയൊക്കെ ഈ പ്രശ്നത്തിന് കാരണമാകാം. വീട്ടില്‍നിന്ന് വേണ്ടത്ര പരിഗണന ലഭിക്കാത്ത കുട്ടികള്‍, വീടിനുപുറത്ത് സൗഹൃദങ്ങള്‍ തേടിപ്പോകുന്നത് സ്വാഭാവികം. പ്രായത്തില്‍ കൂടിയ കുട്ടികളുമായുള്ള സൗഹൃദം പല കുഞ്ഞുങ്ങളെയും മദ്യപാനമുള്‍പ്പെടെയുള്ള ദൂശ്ശീലങ്ങളിലേക്ക് നയിക്കാം.

ജീവിതത്തിലുണ്ടാകുന്ന വിഷമഘട്ടങ്ങളെ തരണംചെയ്യാന്‍ മദ്യം പരീക്ഷിക്കുന്ന കുട്ടികളുമുണ്ട്. മദ്യം മനപ്രയാസത്തെ ഇല്ലാതാക്കുമെന്ന ധാരണ സിനിമകളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നിമൊക്കെയായിരിക്കും ഇവര്‍ക്ക് കിട്ടിയിട്ടുണ്ടാകുക. ഇങ്ങനെ തുടങ്ങുന്ന മദ്യപാനശീലം ക്രമേണ കൂടിക്കൂടിവന്ന്, ആ വ്യക്തി മദ്യത്തിനടിമയാകാന്‍ സാധ്യതയേറെയാണ്. സ്വതവേ ഉത്കണ്ഠാകുലരും ആതമവിശ്വാസക്കുറവുള്ളവരുമായ കുട്ടികള്‍ സുഹൃത്തുക്കളുടെ ഉപദേശം കേട്ട് ധൈര്യം കൂടാന്‍ മദ്യപിച്ചു തുടങ്ങുന്നതായും കണ്ടുവരുന്നുണ്ട്.

ജീവിതം തകര്‍ക്കുന്ന മദ്യപാനം

മുതിര്‍ന്നവരെ അപേക്ഷിച്ച്, മദ്യപാനത്തിന്‍റെ തോത് നിയന്ത്രിക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് കുറവായിരിക്കാനാണ് സാധ്യത.അതുകൊണ്ടുതന്നെ, അളവില്‍ കൂടുതല്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലാകുന്ന കുട്ടികളുടെ കഥകള്‍ കൂടുതലായി കേട്ടുവരുന്നുണ്ട്. ചെറുപ്രായത്തിലാരംഭിക്കുന്ന മദ്യപാനശീലം തലച്ചോറിലെ ഓര്‍മശക്തിയെ നിയന്ത്രിക്കുന്ന പ്രാധാന ഭാഗങ്ങളിലൊന്നായ ഹിപ്പോകാമ്പസ്സിന്‍റെ (Hippocampus) പ്രവര്‍ത്തനത്തെ ബാധിക്കും. ഇതുമൂലം ശ്രദ്ധക്കുറവ്, പഠനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങളും കുട്ടികളില്‍ സങ്കീര്‍ണമാണ്. അമിതദേഷ്യം, അക്രമസ്വഭാവം, അശ്ശീല ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രശ്നം സൃഷ്ടിക്കാറുണ്ട്.തുടക്കത്തില്‍ ചെറിയ അളവില്‍ മദ്യം കഴിച്ച് ആസ്വദിക്കുന്ന കുട്ടികള്‍, ക്രമേണ വേണ്ടത്ര 'ഇഫെക്റ്റ്' കിട്ടാത്തതിനാല്‍ മദ്യോപയോഗത്തിന്‍റെ അളവ് കൂട്ടിക്കൊണ്ടുവരാറുണ്ട്. മദ്യം കഴിക്കുമ്പോള്‍ ചില ആഹ്ലാദാനുഭവങ്ങളുണ്ടാകുന്നത് തലച്ചോറിലെ ചില മേഖലകളില്‍ 'ഡോപ്പമിന്‍' (Dopamine) എന്ന രാസപദാര്‍തഥത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതുകൊണ്ടാണ്.എന്നാല്‍ മദ്യം കിട്ടാത്ത ദിവസങ്ങളില്‍ ഡോപ്പമിന്‍റെ അളവു കുറഞ്ഞുനില്‍ക്കുന്നത് ഇവരില്‍ ഉത്കണ്ഠയും അസ്വസ്ഥതയുമുണ്ടാക്കും. ഇതിനെ മറികടക്കാനായി വീണ്ടും മദ്യത്തെ അഭയംപ്രാപിക്കുന്ന ഇവര്‍ ക്രമേണ മദ്യത്തിന് അടിമകളായി മാറുന്നു.

മദ്യോപയോഗം ആരംഭഘട്ടത്തില്‍ ലൈംഗികതാത്പര്യം കൂട്ടാറുണ്ട്.ഇത്കുട്ടികളുടെ ഭാഗത്തുനിന്ന് പലവിധ പെരുമാറ്റദൂഷ്യങ്ങള്‍ക്കും കാരണമാകാറുണ്ട്. ചെറുപ്പത്തിലെ മദ്യമുപയോഗിച്ചുതുടങ്ങുന്ന കുട്ടികള്‍ അപകടകരമായ ലൈംഗികപരീക്ഷണങ്ങളിലേര്‍പ്പെട്ട് ലൈംഗിക രോഗങ്ങള്‍ പിടിപെടുന്ന അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. ഇക്കൂട്ടരില്‍ ഇന്‍റര്‍നെറ്റ്അടിമത്തം, മയക്കുമരുന്നുകളുടെ ദുരുപയോഗം എന്നിവയും ഉണ്ടാകാന്‍ സാധ്യതായേറെയാണ്.കരളിന്‍റെയും ശരീരത്തിലെ പുരുഷഹോര്‍മോണുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുക വഴി ക്രമേണ മദ്യപാനം ലൈംഗികശേഷിക്കുറവിന് കാരണമാകുന്നു. ചെറുപ്പത്തിലെ മദ്യപാനശീലം ആരംഭിക്കുന്നവര്‍ക്ക് യൗവനത്തില്‍ തന്നെ ഉദ്ധാരണശേഷിക്കുറവുപോലെയുള്ള പ്രശ്നങ്ങളുണ്ടാകാം.കുടലില്‍ വ്രണമുണ്ടാകുന്ന പെപ്റ്റിക് അള്‍സര്‍,കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നത്‌മൂലമുള്ള സിറോസിസ്,ഹെപ്പാറ്റിക് ഫെയിലിയര്‍ എന്നീ പ്രശ്നങ്ങള്‍ വഷളായാല്‍ മരണത്തിനുവരെകാരണമാകാം. ആഗ്നേയഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന 'അക്യുട്ട് പാന്‍ക്രിയാറ്റൈറ്റിസ്' (Acute pancreatitis) എന്ന രോഗവും ഏറെ അപകടകരമാണ്.

ചെറുപ്രായത്തിലാരംഭിക്കുന്ന മദ്യപാനശീലം വിവിധ മാനസിക രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. തലച്ചോറിലെ ഡോപ്പമിന്‍ ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം വിഭ്രാന്തിരോഗങ്ങള്‍(Psychosis), സംശയരോഗം(Delusional disorder) എന്നിവയമുണ്ടാകാം. കടുത്ത അക്രമസ്വഭാവത്തിനും ആത്മഹത്യാപ്രവണതയ്ക്കും ഇത് കാരണമാകാം. വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും ഇത്തരക്കാരില്‍ കണ്ടുവരുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മരവിരോഗമുള്‍പ്പെടെയുള്ള സാരമായ പ്രശ്നങ്ങള്‍ക്കും ഈ ദൂശ്ശീലം കാരണമാകാം. മദ്യപിച്ച അവസ്ഥയിലുണ്ടാകുന്ന തലയ്ക്ക് പരിക്കേല്‍ക്കുന്നതും ഗൗരവമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കാം.

കുട്ടിക്കുടിയന്മാരെ എന്തുചെയ്യണം?

എന്‍റെ മകന്‍ ഒരിക്കലും തെറ്റു ചെയ്യുകയില്ല എന്ന മുന്‍വിധി ഒരു രക്ഷിതാവും വെച്ചുപുലര്‍ത്താന്‍ പാടില്ല. എന്നാല്‍ തെറ്റുചെയ്ത കുട്ടിയെ കഠിനമായി ശിക്ഷിച്ചും അവഹേളിച്ചും മാനസികമായി തളര്‍ത്തുന്നതും നന്നല്ല.കുട്ടികള്‍ക്കനുവദിക്കാവുന്ന സ്വതന്ത്രത്തിന് ആരോഗ്യകരമായ ഒരു പരിധി ആവശ്യമാണ്.

മകന്‍ മപിച്ചുവെന്ന മനസ്സിലാക്കിയ രക്ഷിതാവ് കുട്ടിയോട് അതേക്കുറിച്ച് തുറന്ന് സംസാരിക്കുവാന്‍ തയ്യാറാകണം. കുട്ടിയെ ഈ സാഹചര്യങ്ങളിലേക്കു നയിച്ച കാര്യങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്.സമസംഘങ്ങളുടെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള 'സ്വാഭാവദൃഢത' (Assertiveness) കുട്ടികള്‍ക്കുണ്ടാകേണ്ടത് ആവശ്യമാണ്. അനാരോഗ്യകരമായ സൗഹൃദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും ഉറ്റസുഹൃത്തുക്കളാണെങ്കില്‍പോലും മദ്യപാനത്തിന് ക്ഷനിക്കുന്നവരോട് 'എനിക്ക് താല്പര്യമില്ല' എന്ന് തീര്‍ത്തുപറയാനുമുള്ള കഴിവ് കുട്ടികള്‍ക്കുണ്ടാകണം. കുട്ടികള്‍ക്ക് തെറ്റായ മാതൃകകളാകുന്ന വീട്ടിലിരുന്നുള്ള മദ്യപാനം, മദ്യപിച്ചു വന്ന് വഴക്കിടുന്ന ശീലം എന്നിവ ഉപേക്ഷിക്കാന്‍ രക്ഷിതാക്കളും തയ്യാറാകണം. 'ഞാന്‍ നന്നാകില്ല, പക്ഷേ എന്‍റെ മകന്‍ നന്നായേപറ്റൂ' എന്ന നിലപാട് വിജയം കണ്ടെന്നുവരില്ല. മദ്യത്തിനടിമയായ അച്ഛന് മദ്യമുപയോഗിച്ച മകനെ ഉപദേശിക്കാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെടുകയാണെന്നോര്‍ക്കുക.

ഒരിക്കല്‍ മദ്യപിച്ചുപോയ മകന്‍ ഒരു ' മഹാപാപം' ചെയ്തുവെന്ന മട്ടില്‍ സംസാരിക്കുന്നത് നന്നാവില്ല. അതുപോലെ വീട്ടിലെത്തുന്ന അതിഥികളോട് ഈ വിഷയത്തെപ്പറ്റി പറഞ്ഞ് കുട്ടിയെ പരിഹസിക്കുന്നതും ഒഴിവാക്കണം. മകന്‍റെ പെരുമാറ്റം തങ്ങളെ വളരെയേറെ വിഷമിപ്പിച്ചുവെന്നു വാക്കുകളിലുടെയും പ്രവൃത്തിയിലുടെയും അവനെ ബോധ്യപ്പെടുത്തണം. അനുബന്ധ പെരുമാറ്റപ്രശ്നങ്ങളായ ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍, വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ ചികിത്സ തേടാനും ശ്രമിക്കണം. പരിഹാരമില്ലാത്ത പ്രശ്നമില്ലെന്നും പക്ഷേ, പ്രശ്നപരിഹാരത്തിന് അവന്‍തന്നെ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മകനെ ബോധ്യപ്പെടുത്താം.

കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്താകാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് കുട്ടികള്‍ പോകാതിരിക്കാനും സഹായിക്കും. ദിവസേന അരമണിക്കൂറെങ്കിലും കുട്ടിയോട് തുറന്നുസംസാരിക്കാന്‍ സമയം കണ്ടെത്താം. ഈ സമയത്ത് കുറ്റപ്പെടുത്തലോ ഗുണദോഷങ്ങളോ ഒഴിവാക്കി, അവന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിയാം. ജീവിതത്തിലുണ്ടാകുന്ന ഏതു സംഭവത്തെപ്പറ്റിയും ചര്‍ച്ചചെയ്യാന്‍ അവനെ പ്രേരിപ്പിക്കാം. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചാല്‍, അവര്‍ സംശയനിവൃത്തിക്കായി അശാസ്ത്രീയമായ സ്രോതസ്സുകള്‍ തേടിപ്പോകില്ല. പ്രതിസന്ധികളെ അതിജീവിക്കാനും ജീവിതത്തില്‍ ലക്ഷ്യബോധം വികസിപ്പിക്കാനും ' ജീവിത നൈപുണ്യ വിദ്യാഭ്യാസം' (Lifeskills Education) പോലെയുള്ള പരിശീലനപരിപാടികളും കുട്ടികളെ സഹായിക്കും.

Image Courtesy: additudemag.com