നാല്‍പ്പതുകാരനായ ഗിരീശന്‍ കഴിഞ്ഞ കുറേ മാസമായി വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഇഷ്ടന്റെ പ്രശ്നം ഇതാണ്: വഴിയിലൂടെ നടക്കുമ്പോള്‍  പരിസരത്ത് എവിടെയെങ്കിലും പട്ടിയെ കണ്ടാല്‍ അദ്ദേഹം അസ്വസ്ഥനാകും. ആ പട്ടി തന്റെ കാലില്‍ നക്കിയോ, പട്ടിയുടെ ഉമിനീര്‍ തന്റെ കാലില്‍ പറ്റിയോ എന്നൊക്കെ അദ്ദേഹത്തിനു സംശയം ഉണ്ടാകും. പട്ടി തന്റെയടുത്ത് വന്നിട്ടില്ലെന്ന് അറിയാമെങ്കിലും എന്തോ ഒരു സംശയം മനസ്സില്‍ ബാക്കി. തുടര്‍ന്ന് ഗിരീശന്റെ നെഞ്ചിടിപ്പ് കൂടുന്നു, ശരീരം വിയര്‍ക്കുന്നു, വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നു... സിനിമയില്‍ കണ്ട പേവിഷബാധയേറ്റു മരിച്ച മനുഷ്യന്റെ ദൃശ്യങ്ങള്‍ മനസ്സിലൂടെ കടന്നുപോകുന്നു. അസ്വസ്ഥത സഹിക്കാനാകാതെ, ഗിരീശന്‍ നേരെ മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ക്ലിനിക്കിലേക്ക് വച്ചുപിടിക്കുന്നു.

പ്രിവന്റീവ് ക്ലിനിക്കിലെ ഡോക്ടറോട് ഗിരീശന്‍ തന്റെ ആശങ്കകള്‍ പങ്കുവച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോക്ടര്‍ ഞെട്ടിപ്പോയി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വിവിധ ആശുപത്രികളില്‍ നിന്നായി അഞ്ചുപ്രാവശ്യം ഗിരീശന്‍ പേവിഷബാധക്കെതിരേയുള്ള പ്രതിരോധകുത്തിവയ്പെടുത്തിട്ടുണ്ട്! ഓരോ തവണയും അഞ്ച് ഇഞ്ചക്ഷനുകള്‍ വീതമുള്ള പൂര്‍ണ്ണമായ പ്രതിരോധചികിത്സയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പക്ഷേ, തന്നെ പട്ടി കടിച്ചതായി ഗിരീശന്‍ ഓര്‍ക്കുന്നില്ല. വഴിയിലെവിടെയെങ്കിലും ഒരു പട്ടിയെ കണ്ടാല്‍ ആ പട്ടിയുടെ ഉമിനീരോ മൂത്രമോ തന്റെ ശരീരത്തു പറ്റിയിട്ടുണ്ടോ എന്ന സംശയമാണ് ഗിരീശനെ ആശുപത്രികളിലേയ്ക്കു നയിക്കുന്നത്. ഡോക്ടറോട് തന്റെ കാലിലുള്ള ചെറിയ ഏതെങ്കിലും പാടുകള്‍ ചൂണ്ടിക്കാട്ടി പട്ടി അവിടെ നക്കിയിട്ടുണ്ടെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു. മുന്‍പെടുത്ത പ്രതിരോധ കുത്തിവയ്പിന്റെ കാര്യങ്ങള്‍ പറയാത്തതുകൊണ്ട് ഡോക്ടര്‍ വീണ്ടും ചികിത്സ നല്‍കുന്നു. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ കാര്യങ്ങള്‍........

ഒ.സി.ഡി.

ഗിരീശനെ ബാധിച്ചിരിക്കുന്നത് ഒബ്സെസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (Obsessive Compulsive Disorder - OCD) എന്ന ഉല്‍ക്കണ്ഠാ രോഗമാണ്. മനസ്സിനുള്ളിലേക്ക് കടന്നുവരുന്ന അസ്വസ്ഥത ഉളവാക്കുന്നതും ആവര്‍ത്തന സ്വഭാവമുള്ളതുമായ ചിന്തകളെയും ദൃശ്യങ്ങളെയുമാണ് ഒബ്സഷന്‍സ് (obsessions) എന്ന് പറയുന്നത്. ഈ ചിന്തകള്‍ യഥാര്‍ത്ഥമല്ല എന്ന് അനുഭവിക്കുന്ന ആള്‍ക്ക് തന്നെ അറിയാമെങ്കിലും അവയെ തടസ്സപ്പെടുത്താന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഒബ്സെഷനുകളെ തുടര്‍ന്നുണ്ടാകുന്ന കഠിനമായ ഉല്‍കണ്ഠയെ തരണം ചെയ്യാന്‍ ആ വ്യക്തി ചെയ്യുന്ന ആവര്‍ത്തനസ്വഭാവമുള്ള പ്രവര്‍ത്തികളാണ് കംപള്‍സീവ് പ്രവര്‍ത്തികളും. 

ഒബ്സെഷനുകള്‍ പലതരം

വിവിധതരം ചിന്തകള്‍ ഒ.സി.ഡി. എന്ന അവസ്ഥയുടെ ഭാഗമായി ഉണ്ടാകാറുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.

  1. കൈയിലോ ശരീരത്തോ അഴുക്കിരിപ്പുണ്ടെന്ന് സംശയിച്ച് ആവര്‍ത്തിച്ച് കൈ കഴുകിക്കൊണ്ടിരിക്കുക (Obsession of contamination). കതകു കുറ്റിയിട്ടിട്ടുണ്ടോ, ഗേറ്റ് അടച്ചിട്ടുണ്ടോ എന്നൊക്കെ സംശയിച്ച് വീണ്ടും വീണ്ടും പരിശോധിക്കുക (Pathological doubt).
  2. അമിതമായ അടുക്കും ചിട്ടയും. രണ്ടുനിര പുസ്തകങ്ങളുണ്ടെങ്കില്‍ ഒരേ ഉയരം വേണമെന്ന നിര്‍ബന്ധം (Obsession of symmetry). 
  3. മനസിലേയ്ക്കു കടന്നുവരുന്ന ലൈഗിക സ്വഭാവമോ അക്രമ സ്വഭാവമോ ഉള്ള ദൃശ്യങ്ങള്‍.. രക്തബന്ധമുള്ള വ്യക്തിയുമായി ലൈഗിക ബന്ധത്തിലേര്‍പ്പെടുന്നതുപോലെയുള്ള ദൃശ്യങ്ങള്‍ (Sexual or aggressive obsessions).
  4. ശരീരത്തില്‍ രോഗാണുക്കള്‍ കയറിയിട്ടുണ്ടെന്നു സംശയിച്ച് വീണ്ടും വീണ്ടും പരിശോധനകള്‍ നടത്തുക. പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിക്കുക (Obsession of Illness)

രോഗത്തിന്റെ ആദ്യഘട്ടത്തില്‍ വളരെയധികം പ്രയാസം ഉണ്ടാകാറില്ലെങ്കിലും ക്രമേണ കാര്യങ്ങള്‍ വഷളായേക്കാം. കമ്പല്‍ഷനുകളില്‍ ഏര്‍പ്പെടുന്നതിന്റെ ഫലമായി ജോലിയിലും കുടുംബകാര്യങ്ങളിലും ശ്രദ്ധ കുറയാനും പൊതുവേ പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാകാനും (Obsessional slowness) ഇതു കാരണമാകും. കഠിനമായ ഉല്‍കണ്ഠയും നിരാശയും ഇവരെ ബാധിക്കാറുണ്ട്.

സമൂഹത്തില്‍ ഏകദേശം രണ്ടു ശതമാനം പേര്‍ക്ക് ഒ.സി.ഡി. ഉള്ളതായി കണ്ടുവരുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ഏറെക്കുറെ തുല്യമായ തോതില്‍ കണ്ടുവരുന്ന ഈ രോഗം, ഭൂരിപക്ഷം പേരിലും 25 വയസിനു മുമ്പുതന്നെ കണ്ടുതുടങ്ങാറുണ്ട്. ഒ.സി.ഡി. ബാധിതരില്‍ അനുബന്ധമായി മറ്റ് ഉല്‍ക്കണ്ഠാരോഗങ്ങളും വിഷാദരോഗവും കൂടുതലായി കണ്ടുവരാറുണ്ട്. പൊടുന്നനേയുണ്ടാകുന്ന ആവര്‍ത്തിച്ചുള്ള ചലനങ്ങളും അപശബ്ദങ്ങളും (Tic disorder) ഒ.സി.ഡി.യോടൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കാരണങ്ങള്‍

ഒ.സി.ഡി. ബാധിതരില്‍ മസ്തിഷ്കത്തിലെ സിറോട്ടോണിന്‍ (Serotonin) എന്ന രാസപദാര്‍ത്ഥത്തിന്റെ അളവില്‍ കുറവുള്ളതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒ.സി.ഡി. ബാധിതരില്‍ മസ്തിഷ്കത്തിലെ സിറോട്ടോണിന്‍ (Serotonin) എന്ന രാസപദാര്‍ത്ഥത്തിന്റെ അളവില്‍ കുറവുള്ളതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നോര്‍എപ്പിനെഫ്രിന്‍, ഡോപ്പമിന്‍, ഗാബ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ അളവിലും വ്യതിയാനമുണ്ടാകാം. തലച്ചോറിലെ കോഡേറ്റ് ന്യൂക്ലിയസ്, ബേസല്‍ ഗാംഗ്ലിയ, കോര്‍ട്ടെക്സ് തുടങ്ങിയവയുടെ പ്രവര്‍ത്തന തകരാറുകളും ഇവരില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ സ്ട്രെപ്റ്റോക്കോക്കസ് (Streptococcus) എന്ന ബാക്ടീരിയബാധയെത്തുടര്‍ന്ന് തലച്ചോറിന്റെ ചില ഭാഗങ്ങള്‍ക്ക് തകരാറു സംഭവിക്കുകയും, തത്ഫലമായി ഒബ്സെഷന്‍സ്, ടിക്സ്, അക്രമസ്വഭാവം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഈ അവസ്ഥയെ PANDAS (Paediatric Autoimmune Neuropsychiatric Disorder Associated with Steptococcual Infections) എന്നു പറയുന്നു. 

ചെറുപ്പത്തിലുണ്ടാകുന്ന ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങള്‍ ഒ.സി.ഡി.യിലേക്ക് വഴിതെളിച്ചേക്കാം. കര്‍ശനമായ അച്ചടക്കനടപടികള്‍ക്ക് വിധേയരാകേണ്ടിവന്ന ബാല്യകാലം, കടുത്ത ശിക്ഷാനടപടികള്‍, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിലേക്ക് നയിച്ചേക്കാം. സ്വതവേ ഉല്‍കണ്ഠ കൂടുതലുള്ളവരില്‍ ഈ അവസ്ഥയുണ്ടാ‍കാനുള്ള സാദ്ധ്യത കൂടുതലാണ്. കുട്ടികളിലും കൌമാരപ്രായക്കാരിലും ഒ.സി.ഡി. യുടെ തോത് കൂടിവരുന്നതായി സമീപകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു.

ചികിത്സ

മരുന്നുകളും സ്വഭാവചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് ഏറ്റവും ഉത്തമം.

മരുന്നുകളും സ്വഭാവചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സയാണ് ഏറ്റവും ഉത്തമം. പഴക്കം ചെന്ന ഒ.സി.ഡി. വളരെ സാവധാനമേ ചികിത്സയോട് പ്രതികരിക്കൂ. പലപ്പോഴും മൂന്നുമുതല്‍ ആറുമാസത്തെ ചികിത്സ കഴിഞ്ഞേ എന്തെങ്കിലും പുരോഗതി കാണാറുള്ളൂ. രോഗലക്ഷണങ്ങള്‍ കണ്ട് ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം വേഗം കുറഞ്ഞേക്കാം. ക്ലോമിപ്രമീന്‍, ഫ്ലുവോക്സെറ്റീന്‍, ഫ്ലൂവോക്സെമീന്‍, സെര്‍ട്രാലിന്‍ തുടങ്ങിയ ഔഷധങ്ങളാണ് സാധാരണ ഉപയോഗിക്കുന്ന്ത്. തലച്ചോറിലെ സിറോട്ടോണിന്റെ അളവ് ക്രമീകരിച്ച് രോഗം മാറ്റുകയാണ് ഇവ ചെയ്യുന്നത്. ഇതോടൊപ്പം കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, സിസ്റ്റെമാറ്റിക് ഡീസെന്‍സിറ്റിസേഷന്‍, എക്സ്പോഷര്‍ വിത് റെസ്പോണ്‍‍സ് പ്രിവന്‍ഷന്‍, ബ്രയിന്‍ ലോക്ക്, അക്സപ്റ്റന്‍സ് ആന്റ് കമ്മിറ്റ്മെന്റ് തെറാപ്പി തുടങ്ങിയ മനശാസ്ത്ര രീതികളും പ്രയോജനം ചെയ്തേക്കാം. ഉല്‍ക്കണ്ഠ കുറയ്ക്കാനുള്ള റിലാക്സേഷന്‍ വ്യായാമങ്ങള്‍, ധ്യാനരീതികള്‍ തുടങ്ങിയവയും നല്ലതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശാസ്ത്രീയമായ ചികിത്സയെടുത്താല്‍ സാവധാനമാണെങ്കിലും രോഗാവസ്ഥയില്‍ മികച്ച പുരോഗതിയുണ്ടാവാറുണ്ട്. രോഗലക്ഷണങ്ങള്‍ മാറി, നിശ്ചിതകാലം കൂടി മരുന്നു തുടര്‍ന്നശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോസ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്താവുന്നതാണ്.

(രോഗിയുടെ പേര് സ്വകാര്യത സംരക്ഷിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.)

Image courtesy: http://www.samuidog.org