വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

2 minutes reading time (454 words)

വഴിതെറ്റുന്ന കൌമാരം

വഴിതെറ്റുന്ന കൌമാരം

പത്തുവയസ്സുകാരൻ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു...
പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു...
കേരളത്തിലെ സ്കൂൾവിദ്യാർത്ഥികളിൽ ശരാശരി 13 വയസിൽ മദ്യപാനശീലം ആരംഭിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു... 

സമീപകാലത്ത് പത്രമാധ്യമങ്ങളിൽ നാം വായിച്ച ചില വാർത്തകളുടെ തലക്കെട്ടുകളാണിവ. കൌമാരപ്രായക്കാരിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വാസനകളും മാനസികപ്രശ്നങ്ങളും പൊതുസമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ചുവരികയാണ്. ആധുനിക സാങ്കേതികവിദ്യകളുടെ തള്ളിക്കയറ്റത്തില്‍പ്പെട്ട് വഴിതെറ്റിപ്പോകുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വിഷമത്തിലാണ് മാതാപിതാക്കളും അദ്ധ്യാപകരും.

ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം 10 വയസ്സുമുതൽ 19 വയസ്സുവരെയുള്ള പ്രായത്തെയാണ് കൌമാരം എന്നു വിശേഷിപ്പിക്കുന്നത്. ശാരീരികമായും വൈകാരികമായും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണിത്. ഈ പ്രായത്തിൽ സംഭവിക്കുന്ന ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിൽ നിർണ്ണായക സ്വാധീനം ചെലുത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന കൌമാരപ്രായക്കാർക്കായി ലൈഫ് സ്കിൽ ട്രെയിനിങ്ങ് അഥവാ ജീവിതനൈപുണ്യപരിശീലനം എന്ന ആശയം മുന്നോട്ടു വച്ചിരിക്കുന്നത്.

ജീവിത നൈപുണ്യങ്ങൾ

ജീവിതത്തിലെ ബുദ്ധിമുട്ടുള്ളതും പുതുമ നിറഞ്ഞതുമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന കഴിവുകളെയാണ് ലൈഫ് സ്കിൽസ് അഥവാ ജീവിത നൈപുണ്യങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.

ജീവിതത്തിലെ ബുദ്ധിമുട്ടുള്ളതും പുതുമ നിറഞ്ഞതുമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന കഴിവുകളെയാണ് ലൈഫ് സ്കിൽസ് അഥവാ ജീവിത നൈപുണ്യങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പത്ത് കഴിവുകളുണ്ടെന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

  1. ആശയവിനിമയ ശേഷി (Communication skill)
  2. വ്യക്തിബന്ധവികസനശേഷി (Interpersonal relationship skills)
  3. സ്വാവബോധം (Self awareness)
  4. തന്മയീഭാവം (Empathy)
  5. തീരുമാനമെടുക്കൽ (Decision making)
  6. പ്രശ്നപരിഹാര ശേഷി (Problem solving)
  7. സർഗാത്മകചിന്ത (Creative thinking) 
  8. ഗുണദോഷയുക്തി വിചാരം (Critical  thinking)
  9. വികാരനിയന്ത്രണ ശേഷി (Control of emotions)
  10. സമ്മർദ്ദനിയന്ത്രണ ശേഷി (Stress management)

വാക്കുകളിലൂടെയും അല്ലാതെയും സ്വന്തം ആശയങ്ങൾ മറ്റുള്ളവർക്കു മുന്നിലവതരിപ്പിക്കാനുള്ള കഴിവാണ് ആശയവിനിമയ ശേഷി. താൻ ഇടപെടുന്ന മറ്റുള്ള വ്യക്തികളോട് - അദ്ധ്യാപകർ, മാതാപിതാക്കൾ, സഹപാഠികൾ - ഉചിതമായ  വ്യക്തിബന്ധം വികസിപ്പിച്ചെടുക്കനുള്ള കഴിവാണ് വ്യക്തിബന്ധവികസനശേഷി. അവനവന്റെ കഴിവുകളും കഴിവുകേടുകളും തിരിച്ചറിയാനുള്ള സിദ്ധിയാണ് സ്വാവബോധം. മറ്റൊരാളുടെ വികാരങ്ങൾ പൂർണ്ണമായും ഉള്‍ക്കൊണ്ട് അതിനനുസൃതമായി പ്രതികരിക്കാനുള്ള കഴിവാണ് തന്മയീഭാവം. ഭാവിയിലെ ഒരോ ഘട്ടത്തിലും തീരുമാനങ്ങളെടുക്കും മുമ്പ് അവയുടെ പ്രത്യാഘാതങ്ങളും സാദ്ധ്യതകളും വിശദമായി മനസിലാക്കിയിട്ട് പൂർണ്ണ ഉത്തരവാദിത്വത്തോടെ തീരുമാനമെടുക്കാനുള്ള കഴിവാണ് 'തീരുമാനമെടുക്കൽ ശേഷി'. ജീവിതത്തിൽ ഒരു പ്രശ്നസാഹചര്യം വരുമ്പോൾ, അതിന്റെ എല്ലാ വശങ്ങളും മനസിലാക്കി എറ്റവും ഉചിതമായ പരിഹാരമാർഗ്ഗം തെരഞ്ഞെടുക്കാനുള്ള കഴിവാണ് 'പ്രശ്നപരിഹാര ശേഷി'. ഇതുവരെ നാം കേട്ടിട്ടുപോലുമില്ലാത്ത പുതുമയുള്ള സാഹചര്യങ്ങളെ തരണം ചെയ്യാൻ ഉണ്ടായിരിക്കേണ്ട കഴിവാണ് 'സർഗാത്മക ചിന്ത'. നാം കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരോ കാര്യത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും വിശകലനം ചെയ്യാനുള്ള കഴിവാണ് 'ഗുണദോഷയുക്തി വിചാരം'. കൌമാരക്കാരിൽ കാണുന്ന അമിതദേഷ്യം, ഉത്കണ്ഠ,  നിരാശ, കാമം തുടങ്ങിയ വികാരങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവാണ് 'വികാര നിയന്ത്രണശേഷി'. ജീവിത സമ്മർദ്ദങ്ങൾ നിയന്ത്രിക്കാനും അതുവഴി ശാരീരിക - മാനസികാരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുമുള്ള കഴിവാണ് 'സമ്മർദ്ദ നിയന്ത്രണശേഷി'. 

പരിശീലനം എങ്ങനെ?

വെറുതെ പ്രഭാഷണങ്ങൾ നടത്തിയതുകൊണ്ടുമാത്രം കൌമാരക്കാരെ സ്വാധീനിക്കാൻ കഴിയാറില്ല.

വെറുതെ പ്രഭാഷണങ്ങൾ നടത്തിയതുകൊണ്ടുമാത്രം കൌമാരക്കാരെ സ്വാധീനിക്കാൻ കഴിയാറില്ല. മറിച്ച്, നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുട്ടികളെക്കൊണ്ട് അഭിനയിപ്പിക്കുന്ന 'റോൾപ്ലേ' മാതൃകയും, പ്രധാനപ്പെട്ട വിഷയങ്ങളെ സംവാദത്തിനു വിധേയമാക്കുന്ന ഡിബേറ്റ് മാതൃകയുമാണ് കൂടുതൽ ഫലപ്രദം. കുട്ടികൾക്ക് പരസ്പരം ചർച്ചചെയ്ത് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന 'ഗ്രൂപ് ആക്റ്റിവിറ്റി'കളും വിവിധ വിഷയങ്ങളുടെ വ്യത്യസ്ത വശങ്ങളെക്കുറിച്ചാലോചിക്കാൻ പ്രേരണ നല്കുന്ന ബ്രെയിൻ സ്റ്റോമിംഗ് രീതികളും ഉപയോഗിക്കാവുന്നതാണ്. പരിശീലകൻ കുട്ടികളുടെ ആലോചനകളെ പ്രചോദിപ്പിക്കുന്ന നിർദ്ദേശങ്ങൾ നല്കുന്നതുമൂലം കാര്യങ്ങൾ സ്വന്തമായി വിശകലനം ചെയ്യാനുള്ള കഴിവ് കുട്ടികൾക്കുണ്ടാകുന്നു.

ഉദാഹരണത്തിന്, മദ്യപിക്കാൻ താല്പര്യമില്ലാത്ത ഒരു കുട്ടിയെ രണ്ടു കൂട്ടുകാർ മദ്യപിക്കാൻ നിർബന്ധിക്കുന്ന സാഹചര്യമെടുക്കാം. സുഹൃത്ബന്ധം തകരാതെ എങ്ങനെ മദ്യപാനത്തിൽ നിന്നകന്നു നില്ക്കാനാകുമെന്ന ചിന്തയാണ് ഇവിടെ ഉണ്ടാകേണ്ടത്. ആശയവിനിമയ ശേഷി, വ്യക്തിബന്ധ വികസനശേഷി, പ്രശ്നപരിഹാര ശേഷി, സമ്മർദ്ദനിയന്ത്രണം എന്നീ വിവിധ ജീവിതനൈപുണ്യങ്ങൾ ഇവിടെ ആവശ്യമാണ്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഈ സാഹചര്യം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുന്നു. ഇതുവഴി ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള എറ്റവും എളുപ്പ മാർഗ്ഗം കുട്ടികൾ തന്നെ കണ്ടെത്തും. സ്വയം കണ്ടെത്തുന്ന മാർഗ്ഗമായതുകൊണ്ട് അത് ജീവിതത്തിൽ പകർത്താനുള്ള താത്പര്യവും കൂടും.

സാധാരണ മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ശില്പശാലകൾ വഴിയാണ് പരിശീലനം നല്കുന്നത്. അമ്പതോ അതിൽ താഴെയോ കുട്ടികളുള്ള ഗ്രൂപ്പുകൾക്ക് പരിശീലനം നല്കുന്നതാണ് ഉചിതം. അദ്ധ്യാപകർക്ക് ഈ പരിശീലനം നല്കി പിന്നീട് കുട്ടികളെ പരിശീലിപ്പിക്കാൻ പ്രാപ്തരാക്കുന്നതും നല്ലതാണ്. ജീവിതനൈപുണ്യ പരിശീലനം ലഭിച്ച കുട്ടികളുടെ ഇടയിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം വിഷാദം, കുറ്റവാസന, അമിതദേഷ്യം, ശ്രദ്ധക്കുറവ്, പഠനവൈകല്യങ്ങൾ, ആത്മവിശ്വാസക്കുറവ്, ലൈംഗിക പരീക്ഷണങ്ങൾ തുടങ്ങിയവ കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സി.ബി.എസ്.ഇ. ഈ വർഷം മുതൽ കൌമാരക്കാരായ എല്ലാ കുട്ടികൾക്കും ലൈഫ് സ്കിൽസ് ട്രെയിനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്. 

Image courtesy: http://www.magazinecafe.co.uk

വണ്ണം കൂടിയാൽ മനസും തളരും
മദ്യം മനസ്സ് കലക്കുമ്പോള്‍
 

By accepting you will be accessing a service provided by a third-party external to http://www.manasikarogyam.com/

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is developed by Dean Marshall Consultancy Ltd