വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

4 minutes reading time (806 words)

അവൻ അപരനാണ്

അവൻ അപരനാണ്

ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട് കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു. 

ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ കുഞ്ഞുണ്ടായി. അതുകഴിഞ്ഞ് മൂന്നുമാസമായതോടെ, ഭർത്താവ് ഇവളെ ഉപേക്ഷിച്ചുപോയി. പിന്നെ അവളും അവളുടെ മോനും എന്റെ വീട്ടിൽത്തന്നെയാ താമസം. അന്നൊന്നുമിവൾക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ 2 വർഷമായി സ്വഭാവത്തിലെന്തൊക്കെയോ മാറ്റങ്ങൾ. രാത്രിയിൽ തീരെ ഉറക്കമില്ല. ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെടുന്നു. ഒറ്റക്കിരുന്ന് എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരു വർഷം മുമ്പ് ഒരു ദിവസം ഇവളൊരു മടലെടുത്ത് അവളുടെ മകനെ തലങ്ങും വിലങ്ങും തല്ലി. തടസം പിടിക്കാൻ ഞാൻ ചെന്നപ്പോൾ അവൾ പറയുകയാ 'ഇതെന്റെ മോനല്ല', എന്നെ ബലാൽസംഗം ചെയ്യാൻ വന്നിരിക്കുന്ന അപരനാണ്'. ഞങ്ങൾ ഒരുപാട് പ്രാർത്ഥനകളും നേർച്ചകളും ചെയ്തു നോക്കി. എന്നിട്ടും ഇപ്പോഴും അവളു പറയുകയാ ഇതവളുടെ മകനല്ലെന്ന്.....‘ വൃദ്ധന്റെ കണ്ഠമിടറി. സാധാരണ കേൾക്കുന്ന രോഗവിവരങ്ങളിൽ നിന്ന് അല്പം വ്യത്യസ്തതയുള്ള കാര്യമായതുകൊണ്ട് അല്പം കൌതുകം തോന്നി. എൽസി അപ്പോഴും രോഷാ‍കുലയായി കൂടെയുള്ളവരെ വഴക്കുപറയുന്നുണ്ടായിരുന്നു. ഞാൻ എൽസിയുടെ മകനെ നോക്കി. കുട്ടിത്തം വിട്ടുമാറാത്ത മുഖ ഭാവവുമായി നില്ക്കുന്ന ജോമോൻ എന്റെ നോട്ടം താങ്ങാൻ കഴിയാതെയെന്നവണ്ണം മിഴികൾ താഴ്ത്തി. ഞാൻ എൽസിയോടു മകനെ ചൂണ്ടിക്കാണിച്ചു ചോദിച്ചു: ''ഇതാരാണ്?" എൽസിയെന്നെ തുറിച്ചു നോക്കി. “ഇവനോ? ഇവനെന്റെ മകനാണെന്നു പറഞ്ഞ് വീട്ടിൽ കയറിവന്നിരിക്കുകയാ. ശരിക്കും എന്റെ മകൻ മരിച്ചു പോയി. എന്റെ മകനാണെന്നു പറഞ്ഞു വന്നിരിക്കുന്ന അപരനാ ഇവൻ. ബലാൽസംഗം ചെയ്യാനാ ഇവൻ വന്നിരിക്കുന്നത്, ആഭാസൻ“ ഇതു പറഞ്ഞുകൊണ്ട് എല്‍സി ജോമോന്റെ മുഖത്ത് ആഞ്ഞടിച്ചു. ജോമോന്റെ കണ്ണുകൾ നിറഞ്ഞു. എന്താ സാറെ ഇവളിങ്ങനെ. ഇവളെ വല്ല കടുത്ത പിശാചും കയറി ബാധിച്ചതാണോ?' വൃദ്ധൻ തന്റെ ആശങ്കകൾ പങ്കുവെച്ചു.

ഡെല്യൂഷണൽ മിസ്ഐഡന്റിഫിക്കേഷൻ 

എല്‍സിയെ ബാധിച്ചിരുന്ന പ്രശ്നത്തെ ‘തെറ്റിദ്ധാരണാപരമായ മിഥ്യാവിശ്വാസം’ (ഡെല്യൂഷണൽ മിസ്ഐഡന്റിഫിക്കേഷൻ) എന്ന വിഭാഗത്തില്‍പ്പെടുത്താം. തെറ്റായ ഒരു കാര്യം ശരിയാണെന്നു ഉറച്ചു വിശ്വസിക്കുകയും, അതുതെറ്റാണെന്നു തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍പോലും ആ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് മിഥ്യാ വിശ്വാസം (Delusion) മാനസിക രോഗങ്ങളില്‍ ഗൌരവമായി പരിഗണിക്കപ്പെടേണ്ട ‘മനോവിഭ്രാന്തി (Psychotic Disorders) രോഗങ്ങളിലാണ് ‘മിഥ്യാ വിശ്വാസങ്ങള്‍’ സാധാരണയായി കാണപ്പെടുന്നത്. 

നമുക്കു ചുറ്റുമുള്ള ആള്‍ക്കാരെ തിരിച്ചറിയുന്നതില്‍ പിഴവു സംഭവിക്കുകയും അവര്‍ മറ്റാരോ ആണെന്നു ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന സ്ഥിതിയെയാണ് ‘ഡെല്യൂഷണൽ മിസ്ഐഡന്റിഫിക്കേഷൻ’ എന്നു വിളിക്കുന്നത്. നമ്മുടെ ബന്ധുവായ അഥവാ അടുത്ത സുഹൃത്തായ ഒരു വ്യക്തി, യഥാര്‍ത്ഥത്തില്‍ ആ വ്യക്തി തന്നെയല്ലെന്നും അദ്ദേഹത്തെപ്പോലെയിരിക്കുന്ന ഒരു അപരനാണെന്നുമുള്ള ഉറച്ച വിശ്വാസത്തെ ‘കാപ്ഗ്രാസ് ഡെല്യൂഷന്‍ ‘ (Capgras Delusion) എന്നാണ് വിശേഷിപ്പിക്കുന്നത്. 
ഇവിടെ എല്‍സിക്കു സംഭവിച്ചിരിക്കുന്നതും ഈ പ്രശ്നമായിരുന്നു. സ്വന്തം മകന്‍ യഥാര്‍ത്ഥത്തില്‍ തന്റെ മകനല്ലെന്നും അവനെപ്പോലെയിരിക്കുന്ന ഒരു അപരനാണെന്നും എല്‍സി വിശ്വസിച്ചു. ഈ അപരന്റെ ഉദ്ദേശ്യം തന്നെ ബലാത്സംഗം ചെയ്യുക എന്നതാണെന്നു കൂടി എല്‍സി പറഞ്ഞതോടെ പ്രശ്നം അതിരൂക്ഷമാവുകയായിരുന്നു.

മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളില്‍ ഡോപ്പമിന്‍ (Dopamine) എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ് മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാവുന്നത്.

മസ്തിഷ്കത്തിലെ വിവിധ രാസപദാര്‍ത്ഥങ്ങള്‍ നമ്മുടെ ചിന്തകള്‍, ഓര്‍മകള്‍, വികാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളില്‍ ഡോപ്പമിന്‍ (Dopamine) എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുമ്പോഴാണ് മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാവുന്നത്. കാപ്ഗ്രാസ് ഡെല്യൂഷന്‍ പോലെയുള്ള മിഥ്യാവിശ്വാസങ്ങള്‍ ഉള്ളവരുടെ തലച്ചോറിന്റെ വലതുഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് ചില തകരാറുകളുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മസ്തിഷ്കത്തിന്റെ മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍ ഖണ്ഡത്തിന്റെ പ്രവര്‍ത്തനക്ഷയം, പാര്‍ശ്വഭാഗത്തുള്ള റ്റെമ്പറല്‍ ഖണ്ഡത്തിന്റെ തകരാറുകള്‍, മസ്തിഷ്കത്തിന്റെ ഇടതുവലതു ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലാ‍യ്മ എന്നിവയും ഇത്തരക്കാരില്‍ കാണാന്‍ കഴിഞ്ഞേക്കും. ‘സ്കീസോഫ്രീനിയ’ (Schizophrenia) പോലെയുള്ള വിഭ്രാന്തി രോഗങ്ങളുടെ ഭാഗമായാണ് ഇത്തരം മിഥ്യാവിശ്വാസങ്ങള്‍ സാധാരണ കാണപ്പെടുന്നത്.

പിശാചിന്റെ വിളയാട്ടം

സാധാരണ ജനങ്ങളുടെ ദൃഷ്ടിയില്‍ ഇത്തരം പ്രശ്നങ്ങള്‍ പ്രേതബാധകൊണ്ടും പിശാചിന്റെ വിളയാട്ടം കൊണ്ടുമുണ്ടാകുന്ന പ്രശ്നങ്ങളാണെന്നു തോന്നിയേക്കാം. തന്മൂലം, ഇത്തരം പ്രശ്നങ്ങള്‍ ആരംഭഘട്ടത്തില്‍ പ്രാര്‍ത്ഥനകള്‍, മന്ത്രവാദം, പൂജകള്‍, ചരട് ജപിച്ച്കെട്ടുക എന്നീ രീതികള്‍ വഴി പരിഹരിക്കാനാണ് ശ്രമങ്ങളുണ്ടാവുക. വളരെ വൈകി, അസുഖം ഏറെമൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പ്രശ്നം ഒരു മനോരോഗ വിദഗ്ദ്ധന്റെ അടുത്തെത്തുന്നത്.

അടിയുറച്ച മിഥ്യാവിശ്വാസങ്ങളെ മാറ്റിയെടുക്കാന്‍ കൌണ്‍സലിംഗ് രീതികള്‍ കൊണ്ട് കഴിയാറില്ല. രാസപദാര്‍ത്ഥങ്ങളുടെ അളവ് ക്രമപ്പെടുത്തി, അതുവഴി മിഥ്യാവിശ്വാസങ്ങള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ഇതിനായി മസ്തിഷ്കത്തിലെ ഡോപ്പമിന്റെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ആന്റി സൈക്കോട്ടിക് ഔഷധങ്ങളാണ് ഉപയോഗിക്കാറുള്ളത്. അത്യപൂര്‍വമായി ഔഷധങ്ങളോട് വേണ്ടവിധം പ്രതികരിക്കാത്ത രോഗികള്‍ക്ക് ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി (Electro Convulsive Therapy) അഥവാ ‘ഷോക് ചികിത്സ‘യും ഉപയോഗിക്കാറുണ്ട്.

രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറിക്കഴിഞ്ഞ് പിന്നെയും നിശ്ചിത കാലത്തേക്കു കൂടി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നു തുടരേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാത്തപക്ഷം രോഗലക്ഷണങ്ങള്‍ ഒരിടവേളക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടേക്കാം. ഡോക്ടര്‍ പറയുന്നതനുസരിച്ചുമാത്രം മരുന്നിന്റെ ഡോസ് ക്രമപ്പെടുത്തി, ക്രമേണ ഡോസ് കുറച്ച് മരുന്ന് നിര്‍ത്താവുന്നതാണ്. എന്നാല്‍ ദീര്‍ഘകാലം പഴക്കമുള്ള രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ഒരു ചികിത്സയുമെടുത്തിട്ടില്ലെങ്കില്‍, അനിശ്ചിതകാലം മരുന്നു തുടരേണ്ടിവന്നേക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് അധികം വൈകാതെ ചികിത്സ തേടിയാല്‍, വേഗം ഭേദപ്പെടുത്താനും മരുന്നുകള്‍ ക്രമേണ നിര്‍ത്താനും സാധിക്കാറുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള രോഗാവസ്ഥയില്‍ മാറ്റം വരാന്‍ പലപ്പോഴും ആഴ്ച്ചകളും മാസങ്ങളും വേണ്ടിവന്നേക്കാം. പനിമാറുന്നതുപോലെ മൂന്നോ നാലോ ദിവസം മരുന്നുകഴിച്ചാല്‍ ഈ രോഗം മാറാറില്ലെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ പുതിയതരം ഔഷധങ്ങള്‍ ഇത്തരം രോഗങ്ങളുടെ ചികിത്സക്കു ലഭ്യമാണെന്നത് ഏറെ ആശ്വാസകരമാണ്.

താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ പുതിയതരം ഔഷധങ്ങള്‍ ഇത്തരം രോഗങ്ങളുടെ ചികിത്സക്കു ലഭ്യമാണെന്നത് ഏറെ ആശ്വാസകരമാണ്. ചികിത്സയോടൊപ്പം ബന്ധുക്കളുടെ സ്നേഹനിബദ്ധമായ സമീപനവും രോഗികള്‍ക്ക് ആവശ്യമാണ്.രോഗിയുടെ മിഥ്യാവിശ്വാസത്തെ തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. രോഗിയുടെ പെരുമാറ്റ വൈകല്യങ്ങള്‍ രോഗത്തിന്റെ ഭാഗമാണെന്നും അവ മനപൂര്‍വം രോഗി സൃഷ്ടിക്കുന്നതല്ലെന്നും ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.

എന്റെ മകന്‍

എല്‍സിയെ വിശദമായി പരിശോധിച്ചപ്പോള്‍ എല്‍സിക്ക് “സ്കീസോഫ്രീനിയ” എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണുള്ളതെന്നു മനസിലായി. മിഥ്യാവിശ്വാസങ്ങളോടൊപ്പം, ഒറ്റക്കിരിക്കുമ്പോള്‍ ആരൊക്കെയോ തന്നോട് സംസാരിക്കുന്ന രീതിയിലുള്ള അശരീരി ശബ്ദങ്ങളും അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നു (Auditory Hallucinations). ആ ശബ്ദങ്ങളോടുള്ള പ്രതികരണമെന്ന രീതിയിലാണ് അവര്‍ ഒറ്റക്കിരുന്നു പിറുപിറുത്തുകൊണ്ടിരുന്നത്. ആദ്യ ഘട്ടത്തില്‍ ചികിത്സയോട് തീര്‍ത്തും നിസ്സഹകരിച്ച എല്‍സി “എനിക്കു രോഗമില്ല” എന്നാവര്‍ത്തിച്ചുകൊണ്ടിരുന്നു. സ്കീസോഫ്രീനിയ രോഗങ്ങള്‍ക്കു സ്വന്തം അവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച്ച (Insight) ഇല്ലാത്തതു കൊണ്ട് ഇത്തരം പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. ഗുളികകള്‍ കഴിക്കാന്‍ വിസമ്മതിച്ച എല്‍സിക്ക് ആദ്യദിനങ്ങളില്‍ ഇഞ്ചക്ഷനുകളും തുള്ളിമരുന്നും ഉപയോഗിച്ചാണ് ചികിത്സ നല്‍കിയത്. ദിവസങ്ങള്‍ക്കകം എല്‍സി മരുന്നു കഴിക്കാന്‍ തുടങ്ങി. എല്‍സിയുടെ അക്രമസ്വഭാവം കുറഞ്ഞെങ്കിലും മിഥ്യാവിശ്വാസം അതേപോലെ ദിവസങ്ങളോളം തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ബന്ധുക്കള്‍ക്ക് സകലപ്രതീക്ഷകളും നഷ്ടപ്പെട്ടെന്നു തോന്നി. ‘ഇവളെക്കൊണ്ടാക്കാന്‍ പറ്റിയ അനാഥാലയങ്ങള്‍ വല്ലതുമുണ്ടോ സാറേ?‘ എന്നു ബന്ധുവായ വൃദ്ധന്‍ എന്നോടു ചോദിച്ചു. കുറച്ചുദിവസം കൂടെ കാക്കാന്‍ അയാളോട് പറഞു. മറ്റൊരു നിവൃത്തിയുമില്ലാത്ത അദ്ദേഹം അങ്ങനെ ചെയ്യാന്‍ തയ്യാറായി.

ചികിത്സയാരംഭിച്ച് ഇരുപത്തിയേഴാം ദിവസം ഞാന്‍ പതിവു പോലെ വാര്‍ഡ് റൌണ്ട്സിന് എത്തി എല്‍സിയെ പരിശോധിച്ചു. കഴിഞ്ഞ നാലഞ്ചു ദിവസമായി എല്‍സിയുടെ മിഥ്യാവിശ്വാസത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതായി എനിക്കു തോന്നിയിരുന്നു.  ആദ്യ ദിനങ്ങളില്‍ എന്നെ നിരന്തരം തെറികള്‍ കൊണ്ടഭിഷേകം ചെയ്തിരുന്ന എല്‍സി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള ‘സന്മനസ്സ്’ കഴിഞ്ഞ കുറച്ചു ദിവസമായി കാണിച്ചു വന്നിരുന്നു. അന്നും മകനെ ചൂണ്ടിക്കാട്ടി ഞാന്‍ എല്‍സിയോടു ചോദിച്ചു. ‘ഇതാരാ എല്‍സി?’ എല്‍സി യെന്നെ സൂക്ഷിച്ചു നോക്കി ‘എന്റെ ........’ അവരുടെ ചുണ്ടുകള്‍ വിറകൊണ്ടു. ശബ്ദമിടറി. ‘എന്റെ മോന്‍ ..... എന്റെ പൊന്നുമോന്‍ ’ എല്‍സിയുടെ കണ്ണില്‍നിന്നും കണ്ണീര്‍ പ്രവാഹമായി ഒഴുകി. എന്നാല്‍ അപ്പോഴും ജോമോന്റെ മുഖത്ത് ഒരുതരം മരവിപ്പുമാത്രം. സ്വന്തം അമ്മ ‘ബലാത്സംഗ വീരന്‍ ’ എന്നു വിളിച്ച ആ കുട്ടിക്ക് അല്ലെങ്കിലും എങ്ങനെയാണ് മനസു തുറന്നു ഒന്നു ചിരിക്കാനാവുക!

ഒരാഴ്ച്ച കൂടെക്കഴിഞ്ഞ എല്‍സി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആയി. രോഗലക്ഷണങ്ങള്‍ അപ്പോഴേക്കും പൂര്‍ണ്ണമായി മാറിക്കഴിഞ്ഞിരുന്നു. മരുന്നുകള്‍ തുടരേണ്ട ആവശ്യകതയെക്കുറിച്ചും ബന്ധുക്കള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പറഞ്ഞു മനസിലാക്കി അവരെ യാത്രയാക്കിയപ്പോള്‍ എല്‍സിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒപ്പം ഉണ്ടായിരുന്ന ജോമോന്റെ ചുണ്ടില്‍ അന്നുവരെ കാണാത്ത ഒരു പുഞ്ചിരി വിടര്‍ന്നിരുന്നു.

(രോഗിയുടെയും ബന്ധുക്കളുടെയും പേരുകള്‍ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.)

Image courtesy: http://www.petapixel.com

ഉറക്കത്തെപ്പറ്റി ചില ഉണര്‍ത്തലുകള്‍
അയ്യോ പട്ടി വരുന്നേ!!
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!