വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

7 minutes reading time (1315 words)

മനോരോഗ ചികിത്സ

മനോരോഗ ചികിത്സ

ആരോഗ്യമെന്നാല്‍ പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും രോഗത്തിന്‍റെ അഭാവം മാത്രമല്ലെന്നും ലോകാരോഗ്യ സംഘടന നിര്‍വ്വചിക്കുന്നു. ഈ നിര്‍വ്വചനത്തിന് ഇന്ന് സാമാന്യത്തിലധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ ഓരോ സമൂഹത്തിലും രാഷ്ട്രത്തിലും നിക്ഷിപ്ത്മാണ്. ഇതിനായി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കപ്പെടാറുണ്ട്. ഈ മൂന്ന് മേഖലകളെ താരതമ്യം ചെയ്താല്‍ ഒരു കാര്യം വ്യക്തമായി ബോധ്യപ്പെടും. മറ്റു രണ്ടു മേഖലകള്‍ക്കും ലഭിക്കുന്ന പരിഗണന മാനസികാരോഗ്യത്തിന് ലഭിക്കാറില്ല. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഈ അവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളില്‍ ഈ രംഗത്ത് ആശാവഹമായ പ്രവണതകള്‍ പല രാജ്യങ്ങളിലും ദൃശ്യമാണ്. ഭൂരിപക്ഷം ജനങ്ങളിലും ശാരീരികാരോഗ്യപരമായ സൂ‍ചകങ്ങള്‍ കൈവരിക്കുന്നതില്‍ പിറകിലായ ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ഇതില്‍ പെടുന്നില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ താരതമ്യം ചെയ്താല്‍ വലിയ അന്തരം കാണാന്‍ കഴിയും. ആയുര്‍ദൈര്‍ഘ്യം, രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയിലെല്ലാം നമ്മുടെ സംസ്ഥാനം വളരെ മുന്നിലാണ്. കുറഞ്ഞ ആളോഹരി വരുമാനത്തിനിടയിലും ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നതിനെ ആരോഗ്യരംഗത്തെ കേരള മോഡല്‍ എന്ന് വിവക്ഷിക്കപ്പെടാറുണ്ട്. പോഷകാഹാരത്തിന്‍റെ ലഭ്യത, സാക്ഷരത, സ്ത്രീസാക്ഷരത എന്നിവയിലുണ്ടായ നേട്ടത്തിന്‍റെ തുടര്‍ച്ചയായി ഇതിനെ വിശദീകരിക്കാം. ശാരീരികാരോഗ്യ രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം,  മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ ഇനിയും മുന്നേറാനുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഈ രംഗത്ത് ഉണ്ടായിട്ടുള്ള പുതിയ പ്രവണതകള്‍ പഠിക്കാനും അവക്കനുസരിച്ച വിധത്തില്‍ ഈ രംഗം പുനഃക്രമീകരിക്കാനും സമയമായിരിക്കുന്നു.

മാനസികാരോഗ്യ മേഖല അവഗണിക്കപ്പെടാന്‍ പല കാരണങ്ങളുണ്ട്. ആധുനിക വൈദ്യം മറ്റു പല രംഗങ്ങളില്‍ വന്‍ മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മനോരോഗങ്ങളുടെ കാരണങ്ങള്‍,ചികിത്സ എന്നിവയെക്കുറിച്ച് ആദ്യകാലത്തുണ്ടായിരുന്ന തെറ്റായ ധാരണകള്‍ മാറ്റിയെടുക്കാന്‍ കൂടുതല്‍ സമയമെടുത്തു. യൂറോപ്പിലെ മതനേതൃത്വങ്ങള്‍ക്ക് ഈ രംഗത്തുണ്ടായിരുന്ന ശക്തമായ സ്വാധീനവും ഇതിന് സഹായകമായി. ഓരോ വ്യക്തിയുടെയും മനസ്സ് അയാളുടെ സ്വകാര്യ അനുഭവം മാത്രമായതിനാല്‍ ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന മനോരോഗങ്ങളും വൈകല്യങ്ങളും വ്യത്യസ്തമായിരിക്കുമെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സ്കിസോഫ്രീനിയ,മാനിക് ഡിപ്രസ്സീവ് സൈക്കോസിസ് എന്നീ പ്രധാന രോഗങ്ങളുടെ ലക്ഷണങ്ങള്‍, അവയെ വേര്‍തിരിക്കാനുള്ള അളവുകോല്‍ എന്നിവയിലൊന്നും അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. പ്രശ്സ്ത ജര്‍മ്മന്‍ സൈക്യാട്രിസ്റ്റ് പ്രൊഫ. എമില്‍ ക്രെപ്ലിന്‍ ഈ രണ്ടു സുപ്രധാന രോഗങ്ങളെ വേര്‍തിരിച്ചത് ഈ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.

എഴുപതുകളുടെ തുടക്കത്തില്‍ നടത്തപ്പെട്ട യു. എസ് - യു. കെ പ്രൊജക്ടാണ് അമേരിക്കയിലും ഇംഗ്ഗണ്ടിലുമുള്ള മനോരോഗ വിദഗ്ധര്‍ രോഗനിര്‍ണ്ണയത്തില്‍ പുലര്‍ത്തുന്ന വന്‍ വ്യത്യാസം പുറത്തുകൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് മനോരോഗങ്ങളെ കൃത്യമായി നിര്‍വ്വചിക്കാനും രോഗി പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ രോഗങ്ങളെ തരംതിരിക്കാ‍നും വലിയതോതിലുള്ള അന്താരാഷ്ട്ര സഹകരണത്തോടെ ശ്രമങ്ങള്‍ നടന്നു. ലോകാരോഗ്യസംഘടനയാണ് ഇതിന് നേതൃത്വം നല്‍കിയത്. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍റെ രോഗസ്ഥിതിവിവര മാന്വലിന്‍റെ മൂന്നാം പതിപ്പ് (Diagnostic and Statistical Manual, 3rd Edition) പുറത്തുവന്നതോടെ ഈ രംഗത്ത് ലോകമൊട്ടുക്ക് രോഗങ്ങള്‍ക്ക് ഒരേ പേരുകള്‍     ഉപയോഗിച്ച് കൃത്യമായി വിവരിക്കാന്‍ സാധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു. ഇതിനു ശേഷം വന്ന പതിപ്പുകളും ലോകാരോഗ്യ സംഘടന പുറത്തിറക്കുന്ന International Classification of Disorders (ICD 10th Edition)ഉം പൂര്‍ണ്ണമായും ഒരേ രീതിയില്‍ രോഗങ്ങളെ തരംതിരിക്കുന്നു.

രോഗനിര്‍ണ്ണയത്തിലും തരംതിരിക്കലിലുമുണ്ടായ വ്യക്തത പുതിയ ഔഷധങ്ങള്‍ കണ്ടെത്താനും പരീക്ഷിക്കാനും സഹായകരമായി. ഇതുമൂലം മനോരോഗം ബാധിച്ചാല്‍ എന്നും ഭ്രാന്താശുപത്രിയിലെ (Asylum) ഇരുണ്ട മുറികളില്‍ അടച്ചിട്ട് ചികിത്സിക്കേണ്ടവരാണെന്ന ധാരണക്ക് ഇളക്കം തട്ടി. ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായപ്പോള്‍ ദീര്‍ഘകാലമായി അടച്ചിടപ്പെട്ട ധാരാളം രോഗികള്‍ക്ക് രോഗശമനം ഉണ്ടാവുകയും അവര്‍ തിരിച്ച് സമൂഹത്തില്‍ വന്ന് സുഖമായി ജീവിക്കാനും തുടങ്ങി.

ഈ പ്രവണതക്ക് വേഗത വര്‍ദ്ധിച്ചതോടെ ചില പുതിയ ആശയങ്ങളും ധാരണകളും രൂപപ്പെട്ടുതുടങ്ങി. മനോരോഗികളുടെ ദുരവസ്ഥക്ക് കാരണം രോഗമല്ലെന്നും മറിച്ച് ആശുപത്രിയിലെ ദീര്‍ഘകാലത്തെ കാരാഗൃഹസമാനമായ ഏകാന്തവാസമാണെന്നും ഒരു വിഭാഗം മനോരോഗ വിദഗ്ധര്‍ സിദ്ധാന്തിച്ചു. ഇതു മൂലം വ്യക്തിയുടെ വൈകാരിക പ്രതികരണ ശേഷിയും ആശയവിനിമയത്തിനുള്ള കഴിവും കുറയുമെന്നും അവര്‍ കണ്ടെത്തി. ഔഷധങ്ങള്‍ മൂലം രോഗശമനമുണ്ടായവരെ എത്രയും വേഗം തിരിച്ച് സമൂഹത്തിലേക്ക് അയച്ചാല്‍ അവരുടെ അവസ്ഥ വളരെയധികം മെച്ചമാകുമെന്ന് അവര്‍ വാദിച്ചു. തുടര്‍ന്നു നടന്ന ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ ഈ വിഭാഗത്തെ ശരിവെയ്ക്കുന്ന ഫലങ്ങളാണ് നല്‍കിയത്. ഡീഇന്‍സ്റ്റിറ്റ്യുഷണലൈസേഷന്‍ (De- Institutionalisation) എന്നാണ് ഈ പ്രസ്ഥാനത്തിന്‍റെ പേര്. ആശുപത്രികളിലെ രോഗികളെ എത്രയും വേഗം ഡിസ്ചാര്‍ജ്ജ് ചെയ്യുക, പുതിയ രോഗികളെ പ്രവേശിപ്പിക്കാതിരിക്കുക, ഭ്രാന്താശുപത്രികള്‍ അടച്ചു പൂട്ടുക എന്നിവയായിരുന്നു ഇവരുടെ മുദ്രാവാക്യങ്ങള്‍. ഇറ്റലിയിലെ ഏതാനും മനോരോഗ വിദഗ്ധരാണ് ഇതിന്‍റെ മുന്‍നിര വക്താക്കള്‍.. തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ക്രമേണ വികസിത രാജ്യങ്ങളിലും എല്ലാം തന്നെ ഈ പ്രക്രിയ ആരംഭിച്ചു. ദീര്‍ഘകാലം രോഗികളെ അടച്ചിടുന്ന ആശുപത്രികള്‍ക്കുള്ള ധനസഹായം കുറക്കുകയും അവിടേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കാതിരിക്കുകയും വേണമെന്ന് സര്‍ക്കാരുകള്‍ തന്നെ നിര്‍ദ്ദേശിച്ചു. ദീര്‍ഘകാല ചികിത്സ വേണ്ടിവരുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ സാമൂഹ്യ മാനസികാരോഗ്യ പദ്ധതികള്‍ ആരംഭിച്ചു. ഇതുമൂലം മനോരോഗം ബാധിച്ചവരില്‍ ഭൂരിപക്ഷവും ഇന്ന് തങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കുകയും എന്തെങ്കിലും തൊഴിലുകളില്‍ ഏര്‍പ്പെട്ട് സ്വതന്ത്രരായി ജീവിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഇന്ത്യയില്‍

മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൌകര്യങ്ങള്‍ തീരെ കുറവായ ഒരു രാജ്യമാണ് നമ്മുടേത്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്സ്, ഒക്യുപേഷന്‍ തെറാപിസ്റ്റ് എന്നീ മേഖലകളിലെല്ലാം ഗുരുതരമായ ആ‍ള്‍ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ മനോരോഗചികിത്സാ സ്ഥാപനങ്ങളുടെയും അപര്യാപ്തതയുണ്ട്. മനോരോഗ ചികിത്സാരംഗത്തെ സ്ഥിതി മെച്ചപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 1982- ല്‍ ദേശീയ മാനസികാരോഗ്യ പദ്ധതി നടപ്പാ‍ക്കിത്തുടങ്ങി. എന്നാല്‍ മറ്റ് കേന്ദ്ര ആരോഗ്യ പരിപാടികള്‍ക്കുണ്ടായ പിന്തുണയോ ധനസഹായമോ ഈ പരിപാടിക്ക് ലഭിച്ചില്ല. ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് കുറച്ചെങ്കിലും കാര്യങ്ങള്‍ ഭേദപ്പെട്ടത്. മൂന്ന് കാര്യങ്ങള്‍ക്കാണ് ഇവിടെ ഊന്നല്‍ നല്‍കുന്നത്.

 1. നിലവിലുള്ള മനോരോഗാശുപത്രികളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക.
 2. മെഡിക്കല്‍ കോളേജുകളിലെ സൈക്യാട്രി വിഭാഗങ്ങളെ ശക്തിപ്പെടുത്തി യോഗ്യതയുള്ള പ്രൊഫഷണലുകളെ ലഭ്യമാക്കുക.
 3. ജില്ലാ മാനസികാരോഗ്യ പരിപാടി. ഇതു വഴി വിവിധ മനോരോഗ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകുന്ന രോഗികള്‍ക്ക് അവരുടെ നാട്ടില്‍ത്തന്നെ തുടര്‍ചികിത്സ ലഭ്യമാക്കുക. ഇതിനായി വിവിധ മനോരോഗ ചികിത്സാ പ്രൊഫഷണലുകളെ ടീമുകളായി ജില്ലകള്‍ തോറും വിന്യസിച്ച് മുന്‍ നിശ്ചയിച്ച ദിവസങ്ങളില്‍ ഇവരുടെ സേവനം പ്രാഥമിക-സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുകയും,സൌജന്യമായി മരുന്നുകള്‍. കൌണ്‍സലിംഗ് എന്നിവ ലഭ്യമാക്കുകയും ചെയ്തു. എട്ടാം പദ്ധതിയിലൊന്ന് ബാംഗ്ലൂരിലെ നിംഹാന്‍സ് ബെല്ലാരി ജില്ലയില്‍ വികസിപ്പിച്ച മാത്യകയുടെ അടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യപ്പെട്ടു. ചികിത്സക്കു പുറമെ മനോരോഗങ്ങളെയും, ചികിത്സകളെയും കുറിച്ച് അറിവ് പകരല്‍, വിവിധ തലത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ  പരിശീലിപ്പിക്കല്‍ എന്നിവക്കും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.

കേരളത്തില്‍

കേരളത്തിലെ വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ദേശീയമാനസികാരോഗ്യ പരിപാടിയില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ തിരുവനന്തപുരം,തൃശ്ശുര്‍ ജില്ലകളിലും, പത്താം പദ്ധതിയില്‍ ഇടുക്കി, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ജില്ലാ മാനസികാരോഗ്യ പരിപാടി തുടങ്ങി. 1999-2000 കാലഘട്ടത്തില്‍ തുടങ്ങിയ രണ്ട് (തിരുവനന്തപുരം,തൃശ്ശുര്‍) പദ്ധതികളും അവയുടെ കേന്ദ്ര സഹായം അവസാനിച്ചതിനാല്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നു. മറ്റ് മൂന്ന് ജില്ലകളിലും കേന്ദ്ര ഫണ്ട് ലഭ്യമാണ്.

ഇവക്കു പുറമേ മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സസിന്‍റെ (ഇംഹാന്‍സ്) നേതൃത്വത്തില്‍ സാമൂഹ്യ മാനസികാരോഗ്യ പരിപാടി നടത്തപ്പെടുന്നു. പ്രജനന ശിശു ആരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേശീയ ഗ്രാമീണ മിഷന്‍ ഇന്ത്യയിലാദ്യമായി മാനസികാരോഗ്യ രംഗത്ത് കാലെടുത്തു വച്ചത് ഇതിലൂടെയാണ്. മലപ്പുറം ജില്ലയില്‍ കോഴിക്കോട് പാലിയേറ്റീവ് മെഡിസിന്‍ പ്രവര്‍ത്തകര്‍ തുടക്കമിട്ട സംരംഭമാണ് പിന്നീട് ഇംഹാന്‍സിന്‍റെ നേതൃത്വത്തില്‍ വികസിച്ചതെന്ന കാര്യം എടുത്തു പറയേണ്ടതാണ്. അപ്രകാരം മലബാറിലെ അഞ്ചു ജില്ലകളിലും സാമൂഹ്യ മാനസികാരോഗ്യ പദ്ധതി നിലവിലുണ്ട്. ശാ‍രീരിക ആരോഗ്യ രംഗത്തും സാമൂഹ്യരംഗത്തും കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. മാനസികാരോഗ്യ രംഗത്തും ഇത്തരത്തിലുള്ള മുന്നേറ്റം നടത്താനുള്ള അവസരമാണ് ഇതെന്ന കാര്യം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.

ഇനി എന്ത്?

 • കോഴിക്കോട്ടെ ഇംഹാന്‍സിനെ കേന്ദ്രസര്‍ക്കാര്‍ മികവിന്‍റെ കേന്ദ്രമായി അംഗീകരിച്ചത് മലബാര്‍ മേഖലയില്‍ മാനസികാരോഗ്യ രംഗത്ത് നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വലിയ അംഗീകാരമാണ്. ഇതിലൂടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും കഴിയും. യോഗ്യതയുള്ള മാനസികാരോഗ്യ പ്രൊഫഷണലുകളെ കൂടുതലായി പരിശീലിപ്പിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കും. ജില്ലാ സാമൂഹ്യ മാനസികാരോഗ്യ പരിപാടികളില്‍ കൂടുതല്‍ ജനപങ്കാളിത്തവും സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ഉറപ്പുവരുത്താന്‍ കഴിയണം. ദീര്‍ഘകാല ചികിത്സക്ക് ഇടയില്‍വെച്ച് കൊഴിഞ്ഞുപോകുന്ന രോഗികളെ കണ്ടെത്താനും ഇതു വഴി കഴിയും.
 • മനോരോഗങ്ങളുടെ കാരണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്തി തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സാധിക്കണം.
 • പൂര്‍ണ്ണമായോ ഭാഗികമായോ രോഗവിമുക്തി നേടിയവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ഒന്ന് എന്ന തോതില്‍ ആരംഭിക്കാന്‍ സാധിക്കണം.
 • ലഘു മനോരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് അവര്‍ക്കടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തന്നെ അത്യാവശ്യം വേണ്ട കൌണ്‍സലിങ്ങ്, വിഷാദരോഗത്തിനുള്ള മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം.
 • അലഞ്ഞു തിരിയുന്നവര്‍ക്കും അശരണരുമായ മനോരോഗികള്‍ക്ക് താമസത്തിനും പുനരധിവാസത്തിനുമായി കേന്ദ്രങ്ങള്‍ തുറക്കുക.

മനോരോഗാശുപത്രികള്‍ - ഒരു വിശകലനം

അറുപതുകളിലും എഴുപതുകളിലും ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായതോടെ ഭൂരിപക്ഷം മനോരോഗികളെയും സമൂഹത്തില്‍ തന്നെ നിലനിര്‍ത്തി ചികിത്സിക്കാമെന്ന ധാരണ രൂപപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭകാലത്ത് ക്ഷയം, കുഷ്ഠം, മനോരോഗങ്ങള്‍ എന്നിവക്ക് കൃത്യമായ ചികിത്സാരീതികള്‍ ലഭ്യമായിരുന്നില്ല. ഇത്തരം രോഗം ബാധിച്ചവരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക അന്ന് പ്രധാന ആവശ്യമായിരുന്നു. ക്ഷയം,  കുഷ്ഠം  എന്നിവയുടെ സാംക്രമിക സ്വഭാവമാണ് ഇതിന് കാരണമെങ്കില്‍ മനോരോഗികള്‍ അപകടകാരികളാണെന്ന ധാരണ മൂലമാണ് ഇത് വേണ്ടിവന്നത്. കടുത്ത ഉന്മാദം, ക്രോധം, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍, മതിഭ്രമങ്ങള്‍ എന്നിവ കാരണം മനോരോഗികള്‍ അക്രമാസക്തരാകാന്‍ സാധ്യതയുണ്ട് എന്നത് നേരാണ്. ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും അന്നു ലഭ്യമായിരുന്നില്ല. ഇതാണ് മനോരോഗികളെ വിദൂരമായ ഉയര്‍ന്ന മതിലുകളും ബന്ധിക്കപ്പെട്ട കവാടങ്ങളുമുള്ള അഭയകേന്ദ്രത്തില്‍ തളക്കണമെന്ന തീരുമാനത്തിനു പുറകില്‍. 1966 - അറുപതുകളിലും എഴുപതുകളിലും ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായതോടെ ഭൂരിപക്ഷം മനോരോഗികളെയും സമൂഹത്തില്‍ തന്നെ നിലനിര്‍ത്തി ചികിത്സിക്കാമെന്ന ധാരണ രൂപപ്പെട്ടു. മനോരോഗാശുപത്രികള്‍ രോഗശമനത്തിന് ലഭ്യമായ ചികിത്സാ രീതികള്‍ വച്ച് ഏറ്റവും അനഭിലഷണീയമായ രീതിയാണെന്ന ഉറച്ച ധാരണ ഇന്ന് മനോരോഗ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദഗ്ധര്‍ക്കുമുണ്ട്. ഇതിന്‍റെ കാരണങ്ങളെക്കുറിച്ച് പരിശോധിക്കാം.

സ്കിസോഫ്രീനിയ, കടുത്ത ഉന്മാദം എന്നീ രോഗങ്ങള്‍ ബാധിച്ചവരാണ് എന്തെങ്കിലും തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവര്‍.. ഇതില്‍ ഉന്മാദ രോഗികളുടെ അസുഖം മൂന്നോ നാലോ ആഴ്ചകൊണ്ട് ഓ. പി. ചികിത്സ മാത്രം വേണ്ടിവരുന്ന നിലയിലേക്ക് എത്തിക്കാന്‍ സാധിക്കും. സ്കിസോഫ്രീനിയ രോഗികള്‍ക്ക് കുറച്ചുകൂടി ദീര്‍ഘകാലമെടുത്തിട്ടായാലും ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ ഇന്ന് ലഭ്യമാ‍യ ചികിത്സകള്‍ കൊണ്ട് സാധിക്കുന്നു. ദീര്‍ഘകാലം ആശുപത്രിവാസം വേണ്ടിവരുന്നവരില്‍ പലപ്പോഴും കാണപ്പെടുന്നത് അക്രമവാസനയല്ല, മറിച്ച് ഉള്‍വലിയല്‍, ആശയവിനിമയത്തിനും ആള്‍ക്കാരുമായി ഇടപഴകാനുമുള്ള വിമുഖത, അലസത എന്നീ നെഗറ്റീവ് രോഗലക്ഷണങ്ങളാണ്.

ഏകാന്തവും മടുപ്പിക്കുന്നതും ആവര്‍ത്തനവിരസവും അന്യരുമായി ഇടപഴകാനുള്ള അവസരം ലഭിക്കാത്തതുമായ തടവറക്ക് തുല്യമായ ആശുപത്രിവാസം ഇത്തരം രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കുറേക്കാലം ഇത്തരത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട രോഗി ഉള്ള കഴിവുകള്‍ കൂടി നഷ്ടപ്പെട്ട് ജഡാവസ്ഥയില്‍ ആകാ‍നുള്ള സാധ്യത കൂടുതലാണ്.

മിക്ക മനോരോഗാശുപത്രികളും വളരെ സങ്കീര്‍ണ്ണമായ സംഘടനാ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍ ഉയര്‍ന്ന തട്ടിലും നഴ്സുമാരും അവര്‍ക്ക് താഴെ മറ്റു ജീവനക്കാരുമെന്ന നിലയില്‍ ഒരു അധികാര ശ്രേണി നിലവിലുണ്ട്. ഭരണപരമായ ഉത്തരവാദിത്വം വഹിക്കുന്ന ഓഫീസ് ജീവനക്കാര്‍ മറ്റൊരു തട്ടായി പ്രവര്‍ത്തിക്കുന്നു. അധികാര പരിധി, ചുമതലകള്‍, കടമകള്‍ എന്നിവയിലെല്ലാം അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ താളം തെറ്റാനും രോഗികള്‍ക്ക് പ്രയാസം നേരിടാനും സാധ്യത ഏറെയാണ്. ഏതെങ്കിലും ജീവനക്കാരന്‍റെ കൃത്യവിലോപമോ അവസരത്തിനൊത്തുയരാതെ സാദാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ പോലെയുള്ള പ്രതികരണമോ കൂടിയാകുമ്പോള്‍ ഇത്തരം പ്രയാസങ്ങള്‍ ഏറുകയും ഗുരുതരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ വരെ സംഭവിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുകയും ചെയ്യാം. അനര്‍ത്ഥങ്ങള്‍ സംഭവിക്കുമ്പോള്‍ അവയെ ആഘോഷിക്കാന്‍ വെമ്പുന്ന മാധ്യമങ്ങളും ആരെയെങ്കിലും ബലിയാടാക്കി തടിയൂരാന്‍ ശ്രമിക്കുന്ന അധികാരികളും എല്ലാം ഒരര്‍ത്ഥത്തില്‍ നിസ്സഹായരാണ്. കാരണം തകരാറ് വ്യക്തികളുടെയല്ല, സംവിധാനത്തിന്‍റെ തന്നെയാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ മനോരോഗാശുപത്രികള്‍ കാലഹരണപ്പെട്ടതും എത്രയും വേഗം അവസാനിപ്പിക്കേണ്ടതുമായ സംവിധാനമാണെന്ന് അഭിപ്രായപ്പെടുന്നു. ഇതിന് പകരം അവര്‍ നിര്‍ദ്ദേശിക്കുന്നത് ഇവയാണ്.

 1. എല്ലാ ജില്ലകളിലും സാമൂഹ്യ മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി രോഗികള്‍ക്ക് അവരുടെ നാടിനേറ്റവും അടുത്ത ആരോഗ്യകേന്ദ്രങ്ങളില്‍ മനോരോഗചികിത്സ ലഭ്യമാക്കുക. ഭൂരിപക്ഷം രോഗികള്‍ക്കും ഇതിലൂടെ സൌഖ്യം ലഭിക്കും.
 2. കിടത്തി ചികിത്സ വേണ്ടവര്‍ക്ക് ജില്ലാ-താലൂക്ക് ആശുപത്രികളില്‍ സൌകര്യം  ലഭ്യമാക്കുക.
 3. ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ട ആവശ്യകതയുള്ള ചെറിയ ശതമാനം രോഗികള്‍ക്കു വേണ്ടി കേന്ദ്രങ്ങള്‍ തുറക്കുക.
 4. കൂടുതല്‍ സന്നദ്ധ സംഘടനകളെയും സര്‍ക്കാരിതര സംഘടനകളെയും ഇക്കാര്യത്തില്‍ പ്രോത്സാ‍ഹിപ്പിക്കുക. അവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കുക.
 5. ധാരാളം പുനരധിവാസ കേന്ദ്രങ്ങളും തൊഴില്‍പരിശീലന കേന്ദ്രങ്ങളും ഇത്തരം രോഗികള്‍ക്കു വേണ്ടി ആരംഭിക്കുക.
 6. നിലവിലുള്ള വലിയ ആശുപത്രികളിലേക്ക് പ്രവേശനം നിയന്ത്രിക്കുകയും കഴിയുന്നത്ര പേരെ ഡിസ്ചാര്‍ജ് ചെയ്ത് ഈ രംഗത്തെ ചിലവ് ചുരുക്കുകയും ചെയ്യുക. ഇത്തരത്തില്‍ മിച്ചം വരുന്ന പണം സാമൂഹ്യ മാനസികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താന്‍ ലഭ്യമാക്കുക.
 7. അന്താരാഷ്ട്ര വിദഗ്ധരുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മനോരോഗാശുപത്രിയിലേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് കുറക്കുക. പകരം ജില്ലാ മാനസികാരോഗ്യ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കി തുടര്‍ചികിത്സ ഉറപ്പാക്കുക. 

മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളിലും സാമൂഹ്യ മാനസികാരോഗ്യ പരിപാടികള്‍ നിലവിലുള്ളതിനാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വരുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളിലും സാമൂഹ്യ മാനസികാരോഗ്യ പരിപാടികള്‍ നിലവിലുള്ളതിനാല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ വരുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. തീര്‍ച്ചയായും ഇത് കേരളത്തിനാ‍കെയുള്ള ഒരു സന്ദേശം നല്‍കുന്നുണ്ട്. ഈ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും ആരോഗ്യ രംഗത്തെയും മനോരോഗ ചികിത്സാ രംഗത്തെയും വിദഗ്ധര്‍ തയ്യാറായാല്‍ കേരളത്തിലെ മനോരോഗം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും. തടവറകളില്‍ അടക്കപ്പെടാതെ സമൂഹത്തില്‍ സ്വതന്ത്രരായി ജീവിക്കാനുള്ള അവസരം അവര്‍ക്കും കൈവന്നാല്‍ മാത്രമെ നമ്മുടേത് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്ന ഒരു ജനസമൂഹം ആവുകയുള്ളൂ.

പഠനവൈകല്യങ്ങള്‍ (Specific Learning Disabilities)
മനസ്സറിഞ്ഞ് മക്കളെ വളര്‍ത്താം
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!