വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
5 minutes reading time (1088 words)

മൊബൈലും മനസ്സും

“ഭാര്യ കുവൈറ്റിലിരുന്ന് ആരോടൊക്കെയോ ചാറ്റിംഗ് നടത്തുകയാണ്. ഉറങ്ങാതെ നോക്കിയിരുന്നാല്‍രാത്രി രണ്ടും മൂന്നും മണിക്കൊക്കെ കാണാന്‍പറ്റും, അവള്‍ഇടയ്ക്കിടെ ഓണ്‍ലൈന്‍ആകുന്നത്.”

“ഡിഗ്രിക്കാലത്ത് ഒരു ഫേസ്ബുക്ക് കാമുകന് കുറച്ച് അഴുക്കു ഫോട്ടോസ് അയച്ചു കൊടുത്തിരുന്നു. അയാളതു പബ്ലിക്കാക്കുമോ എന്ന പേടി അന്നു തൊട്ട് വിടാതെ കൂടെയുണ്ട്. അതാണ് ഞാനിപ്പൊ കല്യാണാലോചന വന്നപ്പൊ കൈ മുറിച്ചത്.”

 

“നല്ല മാറ്റമുണ്ടായിരുന്നു. ഓണം കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോയപ്പോള്‍ഒരു പഴയ മോഡല്‍ഫോണ്‍ആണ് കൊടുത്തു വിട്ടത്. ആഴ്ചയിലൊരിക്കല്‍ഞങ്ങളെ വിളിക്കാനേ അവനതു തൊടാറുണ്ടായിരുന്നുള്ളൂ. പക്ഷേ ക്രിസ്തുമസ്സിന് വീട്ടില്‍വന്നപ്പോള്‍പിന്നെയും പ്രശ്നമായി. പ്രൊജക്ടിനു വേണ്ടി ഒരു പത്തു മിനുട്ട് എന്തോ നോക്കാനുണ്ട് എന്നും പറഞ്ഞാണ് ആദ്യം ഫോണ്‍എടുത്തത്. പിന്നെ, പഴയ അതേ അവസ്ഥ തന്നെ — ദിവസം ഒരു പതിനഞ്ചു മണിക്കൂര്‍ഫേസ്ബുക്കും വാട്ട്സാപ്പും ഗെയിമുകളും. പണ്ട് എന്‍റെ അച്ഛന്‍ഇങ്ങനെയായിരുന്നു. കുറേ നാള്‍മദ്യപിക്കാതെ ഇരുന്ന് ഒരു കല്യാണത്തിനോ മറ്റോ ഒന്നു തൊട്ടുപോയാല്‍പിന്നെ ഒരു നിയന്ത്രണവുമില്ലാതെ കുടിക്കാന്‍തുടങ്ങുമായിരുന്നു.”

 

ബസ്സിലും ട്രെയിനിലും ചടങ്ങുകളിലും ക്യൂ നില്‍ക്കുകയോ കാത്തിരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളിലുമൊക്കെ മാലോകര്‍സ്ക്രീനില്‍നിന്നു കണ്ണു പറിക്കാതെ, ചുറ്റുപാടുകളെ വിസ്മരിച്ച്, ഫോണില്‍ത്തന്നെ നോക്കിയിരിക്കുന്ന കാലമാണ്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും വില കുറയുകയും പ്രചാരമാവുകയും ചെയ്തത്, അവയുമായി ബന്ധപ്പെട്ട പല മാനസികപ്രശ്നങ്ങളും രംഗത്തുവരാന്‍ഇടയൊരുക്കിയിട്ടുമുണ്ട്. ചില പ്രശ്നങ്ങള്‍ഔദ്യോഗികമായിത്തന്നെ മനോരോഗങ്ങളുടെ പട്ടികകളില്‍ഇടംപിടിച്ചു കഴിഞ്ഞു. വേറെയും കുറേയെണ്ണത്തെക്കുറിച്ചു ഗവേഷണങ്ങള്‍നിത്യേനയെന്നോണം പുറത്തുവരികയും അത്തരം വൈഷമ്യങ്ങള്‍പിടിപെട്ടവര്‍ചികിത്സകരെ കൂടുതല്‍ക്കൂടുതലായി സമീപിക്കുകയും ചെയ്യുന്നുണ്ട്.

അഡിക്ഷനുകള്‍

ഫോണിലോ ഇന്‍റര്‍നെറ്റിലോ ആകമാനമോ അല്ലെങ്കില്‍താഴെക്കൊടുത്തതില്‍ഏതെങ്കിലും ഒരു മേഖലയില്‍മാത്രമായോ ഒരാള്‍നിയന്ത്രണമില്ലാത്ത വിധം ഇടപഴകിത്തുടങ്ങുമ്പോഴാണ്‌അയാള്‍ക്ക് അതിന്, മദ്യത്തിന്‍റെയോ പുകവലിയുടെയോ ഒക്കെക്കാര്യത്തില്‍സംഭവിക്കാറുള്ളതുപോലെ, ഒരു അഡിക്ഷന്‍ആയി എന്നു പറയുന്നത്.

ചൂതാട്ടം

സദാ ചൂതാട്ടത്തെപ്പറ്റി ചിന്തിക്കുക, ചൂതാട്ടം നിയന്ത്രിക്കാന്‍ശ്രമിക്കുമ്പോഴെല്ലാം ദേഷ്യവും അസ്വസ്ഥതയുമൊക്കെ ഉളവാകുക, പണമേറെ നഷ്ടപ്പെട്ടുകഴിഞ്ഞും അതൊക്കെ തിരിച്ചുപിടിക്കാമെന്ന വ്യാമോഹവുമായി പിന്നെയും ചൂതാട്ടത്തിനിറങ്ങുക തുടങ്ങിയവ “ഗാംബ്ലിംഗ് ഡിസോര്‍ഡര്‍” എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. നാനാതരം ചീട്ടുകളികളും ലക്കിഗെയിമുകളും വാതുവെപ്പുകളുമൊക്കെ ലഭ്യമാണ്, ഏതുനേരത്തും എവിടെനിന്നുവേണമെങ്കിലും പങ്കെടുക്കാന്‍സൌകര്യമുണ്ട് എന്നതിനാലൊക്കെ ചൂതാട്ടങ്ങള്‍ക്കു പലരും ഇന്‍റര്‍നെറ്റ് തെരഞ്ഞെടുക്കുന്നുണ്ട്.

എറണാകുളം ജില്ലയിലെ ആറായിരത്തോളം കോളേജ് വിദ്യാര്‍ത്ഥികളില്‍നടത്തിയതും ‘ബ്രിട്ടീഷ് ജേര്‍ണല്‍ഓഫ് സൈക്ക്യാട്രി ഓപ്പണ്‍’ പ്രസിദ്ധീകരിച്ചതുമായ ഒരു പഠനം, ആ കൂട്ടത്തില്‍ഓണ്‍ലൈന്‍ചൂതാട്ടം അഡിക്ഷനായിക്കഴിഞ്ഞ മുപ്പത്തിരണ്ടും നെറ്റില്‍ചൂതാടാറുള്ള വേറെയും ഇരുപത്തിരണ്ടും പേരെ തിരിച്ചറിയുകയുണ്ടായി.

പരിഹാരങ്ങള്‍

  • ചൂതാട്ടം ഒരു പ്രശ്നത്തിലേക്കു വളര്‍ന്നുകഴിഞ്ഞെന്ന് സ്വയം സമ്മതിക്കുക. അക്കാര്യം അടുപ്പമുള്ള ആരോടെങ്കിലും തുറന്നുപറയുക. ചൂതാട്ടത്തിലേക്കു വീണ്ടും മടങ്ങാന്‍ത്വരയുണരുമ്പോഴൊക്കെ അവരുടെ സഹായം തേടുകയോ അനാരോഗ്യകരമല്ലാത്ത മറ്റെന്തെങ്കിലും പ്രവൃത്തികളിലേക്കു മനസ്സു തിരിക്കുകയോ ചെയ്യുക.

ഗെയിമുകള്‍

ഫോണില്‍ഗെയിം കളിക്കുന്നവരില്‍മൂന്നോളം ശതമാനത്തിന് ഗെയിമിംഗ് ഒരഡിക്ഷനായി മാറുന്നുണ്ട്. ഗെയിമിംഗ് മൂലം മറ്റു ഹോബികളിലും കൂട്ടുകാരോടൊത്തു സമയം ചെലവിടുന്നതിലുമൊന്നും താല്‍പര്യമില്ലാതാവുക, എന്തുമാത്രം സമയം ഗെയിമിംഗിനു ചെലവിടുന്നെന്ന വിവരം ബന്ധുമിത്രാദികളില്‍നിന്ന് ഒളിച്ചുപിടിക്കുക എന്നിവ അഡിക്ഷന്‍റെ സൂചനകളാകാം.

ഗെയിമുകള്‍പരിധിയിലേറെ കളിക്കുന്നവര്‍ക്കു വിഷാദരോഗത്തിനുള്ള സാദ്ധ്യത രണ്ടരയിരട്ടി ആകുന്നുണ്ട്. ഒറ്റപ്പെടല്‍, ശ്രദ്ധക്കുറവ്, അമിതോത്ക്കണ്ഠ, മുന്‍കോപം, ഉറക്കച്ചടവ് എന്നിവയും അവര്‍ക്കു നേരിടേണ്ടിവരാം. യാഥാര്‍ത്ഥ്യവും ഗെയിമിലെ ലോകവും തമ്മില്‍അവര്‍ക്കു കണ്‍ഫ്യൂഷന്‍ഉളവാകാം. ദൃശ്യങ്ങള്‍ഞൊടിയിടയില്‍മാറിമറിഞ്ഞുവരുന്ന തരം ഗെയിമുകളില്‍തുടര്‍ച്ചയായി മുഴുകുന്നത് നിത്യജീവിതം വിരസമാണെന്ന തോന്നല്‍സൃഷ്ടിക്കാം. വെടിവെപ്പും കത്തിക്കുത്തുമൊക്കെ നിറഞ്ഞ ഗെയിമുകളുടെ അമിതോപയോഗം അക്രമാസക്ത ഉളവാക്കാം.

പരിഹാരങ്ങള്‍

  • ഓരോ ദിവസവും, ഇന്നു ഞാന്‍ഗെയിം അഡിക്ഷനിലേക്കു തിരിച്ചുപോകില്ലെന്നു സ്വയം ഓര്‍മിപ്പിക്കുക.
  • ക്രിക്കറ്റും ഫുട്ബോളും പോലുള്ള, കൂട്ടുചേര്‍ന്നു കളിക്കേണ്ട കായികയിനങ്ങളില്‍പങ്കെടുത്തു തുടങ്ങുക.
  • ആരോഗ്യകരമായ ഹോബികള്‍വളര്‍ത്തിയെടുക്കുക.

ബന്ധങ്ങള്‍

ചാറ്റിംഗിനും മെസേജുകള്‍ക്കും ഓണ്‍ലൈന്‍ഇടപഴകലുകള്‍ക്കുമൊക്കെ ഏറെ പ്രാധാന്യം കൊടുക്കുകയും തന്മൂലം ചുറ്റുമുള്ളവരോടുള്ള ബന്ധങ്ങള്‍ദുര്‍ബലമാവുകയും ചെയ്യുന്ന അവസ്ഥ ‘സൈബര്‍റിലേഷന്‍ഷിപ്പ് അഡിക്ഷന്‍’ എന്നു വിളിക്കപ്പെടുന്നു. സ്വന്തം പേരോ മുഖമോ വെളിപ്പെടുത്താതെയും ബന്ധങ്ങള്‍രൂപപ്പെടുത്താം, ഒരേ നേരത്തും വലിയ പണച്ചെലവില്ലാതെയും ഏറെപ്പേരുമായി ബന്ധങ്ങള്‍ക്കു ശ്രമിക്കാം എന്നതൊക്കെ നെറ്റിനെ പലര്‍ക്കും ആകര്‍ഷകമാക്കുന്നുണ്ട്. ആളുകളോട് നേരിട്ടിടപഴകാന്‍കഴിവു കുറവുള്ളവരും മറ്റുള്ളവരുടെ സാമീപ്യത്തില്‍വല്ലാത്ത ടെന്‍ഷന്‍തോന്നാറുള്ളവരും ചുമ്മാ കമ്പനി കൂടുന്നതിനും പ്രണയ, ലൈംഗിക ബന്ധങ്ങള്‍ക്കുമൊക്കെ നെറ്റിനെ കൂടുതലായി ആശ്രയിക്കുകയും അഡിക്ഷനിലേക്കു വഴുതുകയും ചെയ്യാം.

ശ്രദ്ധിക്കാന്‍

  • മുഖാമുഖം കാണാതുള്ള ബന്ധങ്ങളില്‍നമുക്ക് മറ്റുള്ളവരുടെ ശരീരഭാഷ വായിച്ചെടുക്കാന്‍അവസരം കിട്ടുന്നില്ല, അതുകൊണ്ടുതന്നെ നമ്മുടെ സങ്കല്‍പത്തിനനുസരിച്ചതു മാത്രമായ ഒരു രൂപവും വ്യക്തിത്വവുമൊക്കെ അപ്പുറത്തുള്ള ആള്‍ക്ക് നാം പതിച്ചു നല്‍കാം, ഇത് തെറ്റിദ്ധാരണകള്‍ക്കും പറ്റിക്കപ്പെടലുകള്‍ക്കുമൊക്കെ സാദ്ധ്യത കൂട്ടുന്നുണ്ട് എന്നൊക്കെ മറക്കാതിരിക്കുക.

ഷോപ്പിംഗ്

നെറ്റില്‍നിന്നു സാധനങ്ങള്‍വാങ്ങിക്കൂട്ടാനുള്ള അനിയന്ത്രിതമായ ത്വര, ഓണ്‍ലൈന്‍ഷോപ്പിംഗ് അഡിക്ഷന്‍റെ ഭാഗമാകാം. ശേഖരിച്ച സാധനങ്ങള്‍, മറ്റുള്ളവര്‍വിമര്‍ശിച്ചേക്കുമെന്ന ഭയത്താല്‍, ഒളിപ്പിച്ചുവെക്കേണ്ടി വരിക, ഷോപ്പിംഗിനു ശേഷം കുറ്റബോധം തോന്നുക എന്നിവയും ഇത്തരക്കാരില്‍കണ്ടേക്കാം. വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ലഭ്യമാണെന്നതും പണമടക്കുന്നത് ക്രെഡിറ്റ് കാര്‍ഡോ ഓണ്‍ലൈന്‍ബാങ്കിംഗോ വഴിയാണ്, നോട്ടുകള്‍എണ്ണിക്കൊടുത്തല്ല എന്നതിനാല്‍പലപ്പോഴും ചെലവിടുന്ന തുകയെപ്പറ്റി ശരിക്കുള്ള ഒരു ബോദ്ധ്യം ജനിക്കാതെ പോകുന്നതും ഓണ്‍ലൈന്‍ഷോപ്പിംഗ് അതിരുവിടുന്നതിനു കാരണമാകാറുണ്ട്.

പ്രതിരോധിക്കാന്‍

  • ഷോപ്പിംഗ് സൈറ്റുകളുടെ മെയിലുകള്‍ക്കു സബ്സ്ക്രൈബ് ചെയ്യാതിരിക്കുക. അവരുടെ ആപ്പുകളുടെ നോട്ടിഫിക്കേഷന്‍ഓഫ് ചെയ്തിടുക.
  • ആഡ് ബ്ലോക്കറുകള്‍ഉപയോഗിക്കുക.
  • ക്രെഡിറ്റ്കാര്‍ഡിന്‍റെ വിശദാംശങ്ങള്‍സൈറ്റുകളില്‍സേവ് ചെയ്തിടാതിരിക്കുക.

പോണ്‍

അമിതമായ പോണ്‍ക്കാഴ്ചയ്ക്ക് പല പാര്‍ശ്വഫലങ്ങളുമുണ്ട്. പുരുഷമേല്‍ക്കോയ്മയെക്കുറിച്ചുള്ള മുന്‍വിധികളെ ശക്തിപ്പെടുത്തുക, സ്ത്രീകള്‍ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത വെറും ലൈംഗികോപകരണങ്ങള്‍മാത്രമാണെന്ന കാഴ്ചപ്പാടുണ്ടാക്കുക എന്നിവ ഇതില്‍പ്പെടുന്നു. സ്വയംഭോഗത്തിനു സ്ഥിരമായി നീലച്ചിത്രങ്ങളെ ആശ്രയിക്കുന്നത് നിത്യജീവിതത്തില്‍ലൈംഗികതാല്‍പര്യം നഷ്ടമാകാനും പങ്കാളിയുമായി ബന്ധപ്പെടുമ്പോള്‍ഉദ്ധാരണം കിട്ടാതിരിക്കുകയോ സ്ഖലനം വൈകുകയോ ചെയ്യാനും കാരണമാകാം. ക്രമേണ, പോണ്‍കാണുമ്പോള്‍പ്പോലും ഉദ്ധാരണം വരാതാകാം.

പരിഹാരം

  • പോണില്‍നിന്ന്‍കുറച്ചു നാളത്തേയ്ക്കു പൂര്‍ണമായും വിട്ടുനിന്നാല്‍മിക്കവര്‍ക്കും ലൈംഗികശേഷി തിരിച്ചുകിട്ടാറുണ്ട്.

സോഷ്യല്‍മീഡിയ

ഉണര്‍ന്നാല്‍ഏറ്റവുമാദ്യംതന്നെ വിവിധ അക്കൌണ്ടുകള്‍പരിശോധിക്കുക, ഏറെനാളായി നേരിട്ടറിയാവുന്നവരേക്കാളും പ്രാധാന്യം സോഷ്യല്‍മീഡിയയിലെ പരിചയക്കാര്‍ക്കു കൊടുക്കാന്‍തുടങ്ങുക, മറ്റു സന്തോഷങ്ങളും താല്‍പര്യങ്ങളും ഉത്തരവാദിത്തങ്ങളും അവഗണിക്കപ്പെടുകയും ജീവിതം സോഷ്യല്‍മീഡിയയ്ക്കുള്ളില്‍മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്യുക തുടങ്ങിയവ ഈ അഡിക്ഷന്‍റെ മുഖ്യലക്ഷണങ്ങളാണ്.

പരിഹാരങ്ങള്‍

  • ആഹ്ലാദജനകവും ആരോഗ്യദായകവുമായ മറ്റു പ്രവൃത്തികളിലും ശ്രദ്ധചെലുത്താന്‍തുടങ്ങുക.
  • ഏതൊക്കെ പ്രശ്നങ്ങളില്‍നിന്ന്‍ഒളിച്ചോടാനാണ് സോഷ്യല്‍മീഡിയയെ ആശ്രയിക്കുന്നത് എന്നതു തിരിച്ചറിയുക. അവയ്ക്കു പരിഹാരമുണ്ടാക്കുക.

അഡിക്ഷനുകള്‍ക്കു പുറമേ, വേറെയും മാനസിക പ്രത്യാഘാതങ്ങള്‍അമിതമായ ഫോണ്‍നോട്ടത്തിനുണ്ട്.

നിരാശ

മറ്റുള്ളവരുമായി സ്വയം തുലനപ്പെടുത്താനുള്ള ത്വര മനുഷ്യസഹജമാണ്. അനേകരുമായുള്ള താരതമ്യപ്പെടുത്തലില്‍നിരന്തരം ഏര്‍പ്പെട്ട് വിഷാദിച്ചുകൊണ്ടിരിക്കാന്‍സോഷ്യല്‍മീഡിയ ചരിത്രത്തില്‍സമാനതകളില്ലാത്ത അവസരം ഒരുക്കിയിട്ടുമുണ്ട്. വിനോദയാത്രകളെയും പുതിയ കാറിനെയുമൊക്കെക്കുറിച്ചുള്ള പോസ്റ്റുകള്‍കണ്ടുകണ്ട്, താന്‍മാത്രം എങ്ങുമെത്താതെ പോയെന്ന അനുമാനത്തിലും നൈരാശ്യത്തിലും നിപതിക്കുന്നവരുണ്ട്. മറ്റുള്ളവര്‍അതീവ സൂക്ഷ്മതയോടെയെടുത്ത്, ഒട്ടേറെ എഡിറ്റിംഗ് കഴിഞ്ഞുമാത്രം പങ്കുവെക്കുന്ന സെല്‍ഫികളുമായി സ്വയം താരതമ്യം ചെയ്തുകൊണ്ടേയിരിക്കാനുള്ള പ്രവണത പലര്‍ക്കും സ്വയംമതിപ്പു നഷ്ടമാവാനും മനോവൈഷമ്യത്തിനും നിമിത്തമാകുന്നുണ്ട്. ഒരു “പെര്‍ഫക്റ്റ് ഇമേജ്” പ്രദര്‍ശിപ്പിക്കാനുള്ള അവിരതശ്രമങ്ങളും, പരാതികളും പരിവട്ടങ്ങളും മുറ്റുന്ന പോസ്റ്റുകള്‍നിത്യേന കാണുന്നതുമൊക്കെയാകാം ഇനിയും ചിലര്‍ക്കു വിഷാദജനകമാകുന്നത്. സ്വന്തമായി അധികം പോസ്റ്റുകളോ കമന്‍റുകളോ ഒന്നും ഇടാതെ ചുമ്മാ മറ്റുളളവരുടേതു നോക്കിയിരിക്കുക മാത്രം ചെയ്യുന്നവര്‍ക്ക് ഇത്തരം റിസ്കുകള്‍കൂടുതലുണ്ട്.

പ്രണയത്തിലെയോ ദാമ്പത്യത്തിലെയോ മുന്‍കൂട്ടാളികളെ, അവര്‍ക്കു വല്ല പുതിയ ബന്ധവും ആയോ എന്നറിയാനുള്ള ആകാംക്ഷയോടെ, ചിലര്‍സോഷ്യല്‍മീഡിയയില്‍പിന്തുടരാറുണ്ട്. ഇത് നൈരാശ്യത്തിനു വഴിവെക്കുകയും ഹൃദയത്തിലെ മുറിവുകളുണങ്ങി പുതിയൊരു ജീവിതത്തിലേക്കു കടക്കുന്നതിനു പ്രതിബന്ധമാവുകയും ചെയ്യാം.

പരിഹാരങ്ങള്‍

  • സന്തോഷവിവരങ്ങളേ മിക്കവരും സോഷ്യല്‍മീഡിയയില്‍പരസ്യപ്പെടുത്തൂവെന്നു മറക്കാതിരിക്കുക.
  • വല്ലാതെ അസൂയ ഉളവാക്കുന്നവരില്‍നിന്നു രക്ഷ കിട്ടാന്‍അണ്‍ഫോളോ, അണ്‍ഫ്രണ്ട് തുടങ്ങിയ സൌകര്യങ്ങള്‍പ്രയോജനപ്പെടുത്തുക.
  • “മൂഡ്‌ഓഫ്” ആയിരിക്കുന്ന നേരങ്ങളില്‍സോഷ്യല്‍മീഡിയയില്‍കയറാതിരിക്കുക.

ഉത്ക്കണ്ഠ

പലരിലും, സ്വതവേ ആശങ്കാചിത്തരായവരില്‍വിശേഷിച്ചും, ഉത്ക്കണ്ഠ വര്‍ദ്ധിക്കാന്‍സോഷ്യല്‍മീഡിയ നിമിത്തമാകുന്നുണ്ട്. “അപ്ഡേറ്റുകള്‍വൈകിയാല്‍എല്ലാവരും എന്തു വിചാരിക്കും?”, “തന്‍റെ പോസ്റ്റുകളെ മറ്റുള്ളവര്‍എങ്ങിനെ വ്യാഖ്യാനിക്കും? അവയോടവര്‍എങ്ങിനെ പ്രതികരിക്കും?” “ഇന്നയാള്‍കമന്‍റ് ചെയ്യാതിരുന്നത് എന്തുകൊണ്ടായിരിക്കും?” എന്നൊക്കെയുള്ള ആകുലതകള്‍ഇതില്‍പ്പെടുന്നു.

നോമോഫോബിയ എന്നൊരു പ്രശ്നവുമുണ്ട്. “നോ മൊബൈല്‍ഫോബിയ” എന്നതിന്‍റെ ചുരുക്കപ്പേരാണിത്. ഫോണിനെ സ്വല്‍പനേരത്തേക്കെങ്കിലും പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴോ അതേപ്പറ്റി ഒന്നാലോചിച്ചാല്‍പ്പോലുമോ ഉത്ക്കണ്ഠയും ഉള്‍ക്കിടിലവും വരുന്ന അവസ്ഥയാണിത്‌.

പരിഹാരങ്ങള്‍

  • സോഷ്യല്‍മീഡിയയില്‍നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുകയോ അവിടെ ചെലവഴിക്കുന്ന സമയം വെട്ടിച്ചുരുക്കുകയോ ചെയ്യുക.
  • ഏതൊക്കെ ചിന്താഗതികളും നടപടികളും ചങ്ങാത്തങ്ങളുമാണ് ഉത്ക്കണ്ഠയ്ക്കു വഴിതെളിക്കുന്നതെന്നു തിരിച്ചറിഞ്ഞ് തക്ക പരിഹാരനടപടികള്‍സ്വീകരിക്കുക.

ഏകാന്തതാബോധം

സോഷ്യല്‍മീഡിയയില്‍ഏറെ സമയം ചെലവിടാറുള്ള ചിലര്‍ക്കെങ്കിലും പകരം ലഭിക്കാറ് അവിടെനിന്നു ധാരാളം ബന്ധങ്ങള്‍കിട്ടിയെന്ന ധന്യതയല്ല, മറിച്ചു കൂടുതല്‍ഒറ്റയ്ക്കായിപ്പോയി എന്ന ഖിന്നതയാണ്. സോഷ്യല്‍മീഡിയയില്‍സജീവമാകുന്നതിന് അനുസരിച്ച് നേര്‍ക്കുനേരുള്ള ഇടപഴകലുകള്‍ക്കു സമയം ശേഷിക്കാതെ പോകുന്നതാണ് ഇതിനൊരു കാരണം. സോഷ്യല്‍മീഡിയയില്‍ആശയവിനിമയത്തിന് നിത്യജീവിതത്തിലേതു പോലെ ശരീരഭാഷയുടെ സഹായം ലഭിക്കാത്തതിനാല്‍ദുര്‍വ്യാഖ്യാനങ്ങള്‍ക്കു സാദ്ധ്യത അധികമാണ്, ഓണ്‍ലൈന്‍സുഹൃത്തുക്കള്‍എന്താണു പ്രതീക്ഷിക്കുന്നത് എന്നതിനെപ്പറ്റി ഗ്രാഹ്യം സ്വരൂപിക്കുക എളുപ്പമല്ല എന്നീ കാരണങ്ങളാല്‍ഓണ്‍ലൈനില്‍ഗാഢബന്ധങ്ങള്‍സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍വിഫലമാവുകയും അങ്ങിനെ ഏകാന്തതാബോധം ഉടലെടുക്കുകയും ചെയ്യാറുമുണ്ട്.

പ്രതിരോധിക്കാന്‍

  • നിത്യജീവിതത്തില്‍ഒരുമിച്ചു സമയം ചെലവിടുന്നതും വിവിധ അനുഭവങ്ങളിലൂടെ ഒന്നിച്ചു കടന്നുപോകുന്നതുമൊക്കെയാണ്, അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും കുറേ ലൈക്കുകളും കമന്‍റുകളും പങ്കിടുന്നതല്ല ഗഹനതയുള്ള വ്യക്തിബന്ധങ്ങള്‍രൂപപ്പെടുത്താനുള്ള ഉത്തമ മാര്‍ഗങ്ങള്‍എന്നതു വിസ്മരിക്കാതിരിക്കുക.

ശ്രദ്ധക്കുറവ്

പ്രധാനപ്പെട്ട വല്ലതും ചെയ്യുന്ന നേരങ്ങളില്‍ഫോണ്‍പല രീതിയില്‍നമ്മുടെ ശ്രദ്ധയെ നശിപ്പിക്കാം. ഇടയ്ക്ക് നോട്ടിഫിക്കേഷന്‍വല്ലതും വന്നാല്‍, ഫോണ്‍എടുത്തില്ലെങ്കില്‍പ്പോലും, “അത് എന്തിന്റേതാകും?!” എന്ന ആകാംക്ഷയിലും “ഇപ്പോഴങ്ങോട്ടു നോക്കേണ്ട!” എന്നു തന്നെത്തന്നെ പിന്തിരിപ്പിക്കുന്നതിനുമൊക്കെ മാനസികോര്‍ജ്ജം പാഴാകാം. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മുഷിപ്പനാണെങ്കില്‍നാം ഇടയ്ക്കു “ചെറിയൊരു” ബ്രേയ്ക്കിനു വേണ്ടി ഫോണ്‍കയ്യിലെടുക്കുകയും അത് ഉദ്ദേശിച്ചതിലും അധികം നേരം നീണ്ടുപോവുകയും ചെയ്യാം. ഫോണ്‍തിരികെവെച്ച് ആദ്യം ചെയ്തുകൊണ്ടിരുന്ന കാര്യത്തിലേക്കു മടങ്ങിയാലും ശ്രദ്ധ അതില്‍പൂര്‍ണമായും പതിയാന്‍സമയമെടുക്കാം.

പ്രതിരോധിക്കാന്‍

  • പറ്റുന്നത്ര നോട്ടിഫിക്കേഷനുകള്‍ഓഫ് ചെയ്തു വെക്കുക.
  • ഏകാഗ്രതാശേഷി നിലനിര്‍ത്താന്‍, ആവശ്യത്തിന് ഉറങ്ങാനും വ്യായാമം ചെയ്യാനും മനസ്സിരുത്തുക.

ഫോമോ

“Fear of Missing Out” എന്നതിന്‍റെ ചുരുക്കപ്പേരാണിത്. ഓണ്‍ലൈന്‍അല്ലാതിരിക്കുമ്പോഴൊക്കെ, “നെറ്റിലിപ്പോള്‍ബാക്കിയെല്ലാരും ആഘോഷിക്കുകയാവും”, “ഞാന്‍മാത്രം അതിലൊന്നും ഭാഗമാകുന്നില്ലല്ലോ” എന്നൊക്കെയുള്ള വ്യാകുലചിന്തകള്‍ഉയരുകയാണ് ഇതിന്‍റെ മുഖ്യലക്ഷണം. ജോലി ചെയ്യുമ്പോഴോ വണ്ടിയോടിക്കുമ്പോഴോ ഒക്കെപ്പോലും ഫോമോ ബാധിതരുടെ മനസ്സു ഫോണിലാവാം.

പരിഹാരം

  • സന്തോഷത്തിനായി തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥലോകത്തെയും ജീവിതത്തെയും അവഗണിച്ച് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരിടമല്ല സോഷ്യല്‍മീഡിയ, അങ്ങനെയൊരു കാഴ്ച്ചപ്പാട് ആത്യന്തികമായി മനോവൈഷമ്യമാണു കൈവരുത്തുക എന്നൊക്കെ സ്വയമോര്‍മിപ്പിക്കുക.

ഉറക്കക്കുറവ്

രാത്രിയില്‍ഉറക്കത്തെയും അവഗണിച്ച് ഫോണില്‍വല്ലതും ചെയ്തുകൊണ്ടിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. രാത്രിയില്‍, ഫോണുകളുടെ വെളിച്ചം പുറത്തു പകലാണെന്നു തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുകയും അത് ഉറക്കത്തെ സഹായിക്കുന്ന മെലാറ്റോണിന്‍എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കുറയാന്‍ഇടയാക്കുകയും ചെയ്യുന്നത് ഉറക്കമില്ലായ്മക്കു വഴിയൊരുക്കുന്നുണ്ട്. ഉറങ്ങാന്‍കിടക്കുന്നതിനു തൊട്ടുമുന്നേ വൈകാരികമായി ഇളക്കിവിടുന്ന പോസ്റ്റുകളോ മറ്റോ കാണുന്നതും ഉറക്കത്തെ നശിപ്പിക്കാം. ഉറക്കത്തിനിടെ കോളുകള്‍അറ്റെന്‍ഡു ചെയ്യുക, ഇടയ്ക്കുണര്‍ന്നു മെസേജുകള്‍ക്കു മറുപടി കൊടുക്കുക തുടങ്ങിയ ശീലങ്ങളും പ്രശ്നമാണ്.

പ്രതിരോധിക്കാന്‍

  • ഉറങ്ങാന്‍കിടക്കുന്നതിന് രണ്ടു മണിക്കൂര്‍മുമ്പ് ഫോണ്‍നോക്കുന്നത് നിര്‍ത്തുക.
  • രാത്രിയായെന്നു സ്വയം തിരിച്ചറിഞ്ഞ് സ്ക്രീനില്‍നിന്നുള്ള നീല വെളിച്ചത്തെ ഫില്‍ട്ടര്‍ചെയ്തുതരുന്ന, Twilight: Blue light filter പോലുള്ള ആപ്പുകള്‍ഉപയോഗപ്പെടുത്തുക.

ബിഞ്ച്‌വാച്ചിംഗ്

ടിവി സീരിയലുകളുടെ ഒട്ടേറെ എപ്പിസോഡുകള്‍വീക്കെന്‍ഡിലോ മറ്റോ ഓണ്‍ലൈനായി ഒറ്റയിരുപ്പിനു കണ്ടുതീര്‍ക്കുന്ന ശീലം – ബിഞ്ച്‌വാച്ചിംഗ് – വ്യാപകമാകുന്നുണ്ട്. ഉറങ്ങാനും വ്യായാമത്തിനും സൌഹൃദങ്ങള്‍ക്കുമൊക്കെ വിനിയോഗിക്കേണ്ട സമയമാണ് പലപ്പോഴും ഇവിടെ അപഹരിക്കപ്പെടുന്നത്. ഉറക്കച്ചടവ്, തളര്‍ച്ച, അമിതവണ്ണം, കാഴ്ചയുടെ പ്രശ്നങ്ങള്‍, ഞരമ്പുകളില്‍രക്തം കട്ടപിടിച്ചുപോകുന്ന ‘ഡീപ്പ് വെയിന്‍ത്രോംബോസിസ്’ എന്ന രോഗം തുടങ്ങിയവയ്ക്ക് നിരന്തരമുള്ള ബിഞ്ച്‌വാച്ചിംഗ് ഇടയൊരുക്കാം.

ശ്രദ്ധിക്കാന്‍

  • തുടര്‍ച്ചയായി ഇരുന്നു കാണാതെ, അര മണിക്കൂറിലൊരിക്കല്‍ശരീരം ഒന്നിളകാന്‍അവസരം ഉണ്ടാക്കുക. ഒന്നു നടന്നിട്ടു വരികയോ വല്ല ജോലികളും പൂര്‍ത്തീകരിക്കുകയോ ചെയ്യുക.
  • ഉറങ്ങേണ്ട സമയത്തിന് രണ്ടു മണിക്കൂര്‍മുമ്പ് സീരിയല്‍ക്കാഴ്ച നിര്‍ത്തുക.
  • ഭക്ഷണം ആരോഗ്യകരമാണെന്ന് ഉറപ്പുവരുത്തുക.

ദാമ്പത്യകലഹം

ലൈക്കുകള്‍ക്കും കമന്‍റുകള്‍ക്കുമൊക്കെ മിക്കപ്പോഴും പല വ്യാഖ്യാനങ്ങള്‍സാദ്ധ്യമാണെന്നത് ദമ്പതികള്‍ക്കിടയില്‍പരസ്പരസംശയത്തിനു കാരണമാകുന്നുണ്ട്. നേരിയ സംശയങ്ങള്‍തലപൊക്കുക, തെളിവു ശേഖരണത്തിനായി പങ്കാളിയുടെ സോഷ്യല്‍മീഡിയാ ചലനങ്ങളെ കൂടുതലായി നിരീക്ഷിക്കാന്‍തുടങ്ങുക, അന്നേരം കണ്ണില്‍പ്പെടുന്ന കാര്യങ്ങള്‍ക്കൊക്കെ ദുര്‍വ്യാഖ്യാനങ്ങള്‍ചമക്കുക, അതുവഴി സംശയങ്ങള്‍കൂടുതല്‍ദൃഢമാവുക എന്നിങ്ങനെ പല ഘട്ടങ്ങളായാണ് ഈ പ്രശ്നം വഷളാകാറുള്ളത്.

പഴയ പ്രണയഭാജനങ്ങളുമായുള്ള സോഷ്യല്‍മീഡിയാ ബന്ധങ്ങള്‍, ജീവിതപങ്കാളികള്‍ക്ക് അസ്വാരസ്യമുണ്ടാക്കുന്ന തരം പോസ്റ്റുകള്‍, സോഷ്യല്‍മീഡിയയില്‍ഏറെ സമയം ചെലവിട്ടിട്ടും പങ്കാളിയെ പരാമര്‍ശിക്കാതെ വിടുന്നത് തുടങ്ങിയവയും ദാമ്പത്യകലഹങ്ങള്‍ക്കു നിമിത്തമാകുന്നുണ്ട്.

പ്രതിരോധിക്കാന്‍

  • ഇത്തരം സംശയങ്ങളെ തുടക്കത്തിലേ തിരിച്ചറിയുക. അവയുടെ ദൂരീകരണത്തിന് സോഷ്യല്‍മീഡിയയെ ആശ്രയിക്കാതെ പങ്കാളിയോടു തന്നെ കാര്യങ്ങള്‍തുറന്നു സംസാരിക്കുക.

അസുഖപ്പേടി

ആരോഗ്യത്തെപ്പറ്റിയുള്ള അമിത ആകാംക്ഷയാലോ, തനിക്കുള്ള ലക്ഷണങ്ങളെപ്പറ്റി കൂടുതലറിയാനോ, രോഗനിര്‍ണയം സ്വന്തം നിലക്കു നടത്താനോ ഒക്കെ നിരന്തരം നെറ്റില്‍ക്കയറുന്നവരുണ്ട്. അവര്‍ക്ക് ഓണ്‍ലൈന്‍വിവരങ്ങള്‍ഉത്ക്കണ്ഠയുളവാക്കുകയും, അതകറ്റാന്‍അവര്‍വേറെയും സെര്‍ച്ചുകള്‍നടത്തുകയും, അവ മൂലം പിന്നെയും ആകുലതകളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം ‘സൈബര്‍കോണ്ട്രിയ’ (cyberchondria) എന്നറിയപ്പെടുന്നു.

പ്രതിരോധിക്കാന്‍

  • കൃത്യമായ ഒരുത്തരം കിട്ടിയാലുമില്ലെങ്കിലും നിശ്ചിത സമയമെത്തിയാല്‍സെര്‍ച്ച് നിര്‍ത്തുമെന്ന നിഷ്കര്‍ഷ ഓരോ തവണയും പാലിക്കുക.
  • ചെറിയ ലക്ഷണങ്ങളെ പര്‍വതീകരിച്ചുകണ്ട് ആധിപിടിക്കുന്ന ശീലം മാറ്റിയെടുക്കാന്‍സൈക്കോതെറാപ്പി ഉപയോഗപ്പെടുത്തുക.

ഇവിടെ വിവരിച്ച ഏതൊരു പ്രശ്നവും സ്വയം നിയന്ത്രിക്കാന്‍ശ്രമിച്ചു പരാജയപ്പെടുന്നെങ്കില്‍വിദഗ്ദ്ധസഹായം തേടുക.

-----------------------------------------------------------

ഡോ. ഷാഹുല്‍ അമീന്‍
സൈക്യാട്രിസ്റ്റ്, സെന്‍റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

കുട്ടി വല്ലാതെ ഒതുങ്ങിക്കൂടുന്നോ? ഓട്ടിസമാകാം