മദ്യപാനം നിര്‍ത്താന്‍ വിദഗ്ദ്ധസഹായം തേടുന്ന കാര്യം പരിഗണിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും മനസ്സില്‍ സാധാരണ ഉയര്‍ന്നുവരാറുള്ള ഒരു സന്ദേഹമാണ് മുകളില്‍ക്കൊടുത്തത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍പ്പോലും ഈയൊരു ആശങ്ക വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഈ പേടി കാരണം വിദഗ്ദ്ധചികിത്സകളെ പടിപ്പുറത്തു നിര്‍ത്തുന്നവരും തമ്മില്‍ ഭേദം മദ്യപിച്ചു ജീവിക്കുന്നതാണെന്നു നിശ്ചയിക്കുന്നവരും അനവധിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ ഭയത്തിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന ഒരു അവലോകനം പ്രസക്തമാണ്.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.
എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:
മുമ്പ് ഉപയോഗിച്ചുപോന്ന അതേ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ലഹരി തോന്നാതെ വരികയും, ലഹരി കിട്ടാന്‍ വേണ്ടി പഴയതിലും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ വിറയല്‍, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതൊഴിവാക്കാന്‍ വേണ്ടി തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക.
Inserted
Skipped
None
Removed
None