വായനാമുറി

Manasikarogyam

  • Register

EasyBlog

This is some blog description about this site

  • Home
    Home This is where you can find all the blog posts throughout the site.
  • Categories
    Categories Displays a list of categories from this blog.
  • Tags
    Tags Displays a list of tags that have been used in the blog.
  • Bloggers
    Bloggers Search for your favorite blogger from this site.
  • Team Blogs
    Team Blogs Find your favorite team blogs here.
  • Login
    Login Login form

ഓട്ടിസം - നേരത്തേ കണ്ടുപിടിക്കുക, ചികിത്സിക്കുക

  • Font size: Larger Smaller
  • Hits: 3797
  • 0 Comments
  • Subscribe to this entry
  • Print

1943-ല്‍ ലിയോ കാനര്‍ എന്ന  മനോരോഗവിദഗ്ദ്ധനാണ്  കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന  ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്.  ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ  ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.

1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗവിദഗ്ദ്ധനാണ് കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.

ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആണ്‍കുട്ടികളില്‍ രോഗസാധ്യത. പെണ്‍കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അത് കൂടുതല്‍ ഗുരുതരമായി കാണപ്പെടുന്നു. ഓട്ടിസം താരതമ്യേന സമ്പന്ന കുടുംബങ്ങളില്‍ മാത്രമായി കാണുന്ന അസുഖമെന്നായിരുന്നു പഴയ ധാരണ. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഈ രോഗം നിരവധി സാധുകുടുംബങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസത്തെക്കുറിച്ച് സമീപകാലത്തുണ്ടായ ബോധവത്കരണമാകാം ഈ തിരിച്ചറിവിനു കാരണം.

ലക്ഷണങ്ങള്‍

ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്‍റെ  ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും.  ശൈശവ ഓട്ടിസം (Infantile Autism) ഉളള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു.  മറ്റുളളവരാകട്ടെ ഏകദേശം 15-18 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു.  ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക്‌ കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്ക്കൂളില്‍  കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ, അതില്‍ സഹതപിക്കുവാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വത:സിദ്ധമായ ഉള്‍വലിയല്‍ മൂലം ആഗ്രഹമുണ്ടെങ്കില്‍പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്കു കഴിയില്ല. ഇതുകൊണ്ടു തന്നെ ലൈംഗികവികാരങ്ങള്‍ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്. ഓട്ടിസക്കാര്‍ വളരെ അപൂര്‍വ്വമായേ വിവാഹം കഴിക്കാറുള്ളൂ.

{xtypo_quote_right}സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്.{/xtypo_quote_right} ഓട്ടിസത്തിന്‍റെ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതു തന്നെ വൈകിയായിരിക്കും. വളരെ മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍മട്ടിലാണ് ഇവര്‍ സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവര്‍ എന്താണ് ഇവരോടു പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കില്ല. വാക്കുകളോ വാചകങ്ങളോ തന്നെ ഇവര്‍ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. അതേസമയം ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. 'ഹൈപ്പര്‍ലെക്സിയ' (hyperlexia) എന്നാണ് ഇതിനെ പറയുന്നത്.

ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നിവയാണ് ഇവരുടെ  പ്രധാന വിനോദങ്ങള്‍. ദൈനംദിന കാര്യങ്ങള്‍ ഒരേ മാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ളേറ്റ്, ഇരിക്കുവാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും, പുതിയ സ്ഥലത്തേക്ക് താമസം മാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍ പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല. വട്ടം കറങ്ങല്‍, ഊഞ്ഞാലാടല്‍, പാട്ട്, വാച്ചിന്‍റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തില്‍ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളില്‍ മൂന്നില്‍രണ്ടു ഭാഗത്തിന് ബുദ്ധിവളര്‍ച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD) എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.

കാരണങ്ങള്‍

ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുളള  വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളില്‍ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല തലച്ചോറിന്‍റെ പരിശോധനകളായ സി.ടി.സ്കാന്‍, എം.ആര്‍.ഐ, ഇ.ഇ.ജി  എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്‍റെ അളവ് കൂടുതലാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുളളവരെ അപേക്ഷിച്ച് 50 ശതമാനം  കൂടുതലാണ്. ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. ഓട്ടിസ്റ്റിക് രോഗിയുടെ സഹോദരീ സഹോദരന്മാര്‍ക്കും നേരിയ തോതിലുള്ള ഭാഷാവൈകല്യങ്ങളും ബുദ്ധിവളര്‍ച്ചയിലും ചിന്താശക്തിയിലും വ്യതിയാനങ്ങളും ഉണ്ടാകാറുണ്ട്.

കുട്ടികളെ വളര്‍ത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്‍റെ തീവ്രത കൂട്ടുന്നു. 

പ്രായം കൂടുമ്പോള്‍ എന്തു സംഭവിക്കും?

ഓട്ടിസം പരിപൂര്‍ണ്ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരില്‍ ബുദ്ധിവളര്‍ച്ച കൂടിയവര്‍ക്ക് കൂടുതല്‍ സുഖപ്രാപ്തി  ലഭിക്കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍രണ്ടു ഭാഗമെങ്കിലും മാനസികവൈകല്യം ബാധിച്ചവരും, ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമേ സ്വന്തമായി തൊഴില്‍ ചെയ്ത് ജീവിക്കാനാകൂ. ഏകദേശം പകുതിയോളം പേര്‍ക്ക് പ്രായമാകുമ്പോള്‍ അപസ്മാരം പിടിപെടാം. സ്വയം മുറിവേല്‍പ്പിക്കല്‍, അമിത ദേഷ്യപ്രകടനം എന്നിവ ഇവര്‍ക്ക് പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന അനുബന്ധ  പ്രശ്നങ്ങളാണ്.

ചികിത്സയും പ്രതിവിധിമാര്‍ഗ്ഗങ്ങളും 

{xtypo_quote_left}ഓട്ടിസത്തിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനുവേണ്ടി പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല.{/xtypo_quote_left}ഓട്ടിസത്തിന്‍റെ അനുബന്ധ പ്രശ്നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനുവേണ്ടി പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല.  അക്രമവാസന, അമിത ബഹളം, ഉറക്ക പ്രശ്നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്.  ചികിത്സ എത്രയും നേരത്തെ ആരംഭിക്കുന്നുവോ അത്രയും തന്നെ ഫലപ്രാപ്തി ലഭിക്കുന്നു.  ഓട്ടിസം ഉണ്ടോ എന്ന് ചെറിയ സംശയം ഉടലെടുക്കുമ്പോള്‍ തന്നെ പ്രതിവിധികളും സ്വീകരിച്ചു തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം.  വേറൊരു വസ്തുത, ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നുകൊണ്ട് പോകുന്നത് കുട്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്ന അത്രയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ അവനെ സഹായിക്കുന്നു. ഇവരുടെ  പെരുമാറ്റ രൂപീകരണത്തിനുളള പരിശീലനം വീട്ടില്‍വച്ചും, സ്കൂളില്‍വച്ചും നല്‍കേണ്ടി വരുന്നു.  മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുളള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.

ചികിത്സയില്‍ ഊന്നല്‍ കൊടുക്കേണ്ട കാര്യങ്ങള്‍

  • സാധാരണരീതിയിലുളള വികസനത്തെ ത്വരിതപ്പെടുത്തുക 
  • പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനുമുളള പരിശീലനം
  • കാര്യഗ്രഹണശേഷിയെ ബാധിക്കുന്ന പെരുമാറ്റ പ്രശ്നങ്ങള്‍ കുറയ്ക്കുക
  • സ്വഭാവ രൂപീകരണത്തിലൂടെയും, സംസാരത്തിലൂടെയും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനുളള പ്രാപ്തി നേടിക്കൊടുക്കുക
  • അനുബന്ധ അവസ്ഥകളെ ഔഷധ, മന:ശാസ്ത്ര ചികിത്സകളിലൂടെ മാറ്റുക

പരിശീലനം നല്‍കുമ്പോള്‍ - മാതാപിതാക്കള്‍ക്കായുളള സന്ദേശം

  • നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തതയോടെ  പറയുക
  • നീണ്ട വിശദീകരണങ്ങള്‍ ഒഴിവാക്കുക
  • അടുത്തതായി ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു ചെറിയ വിശദീകരണം മുന്‍കൂട്ടി നല്‍കുക.  ഇത് അവരുടെ ഉല്‍കണ്ഠ കുറയ്ക്കും.  ഇതിലേക്ക് വേണ്ടി ചിത്രങ്ങളോ, ചിത്രങ്ങളടങ്ങിയ ടൈംടേബിളോ ഉപയോഗിക്കാം
  • കുട്ടിയുടെ ദേഹത്തു തൊട്ട് പേര്‍ വിളിക്കുക
  • ലളിതമായി അവനോട് സംസാരിക്കുക
  • ചോദ്യങ്ങളും വിശദീകരണങ്ങളും കൊണ്ട് കുട്ടിയെ വീര്‍പ്പ് മുട്ടിക്കരുത്
  • കുട്ടിക്ക് പ്രതികരിക്കാനുളള സമയം നല്‍കുക
  • കുട്ടിയെ കളിയാക്കരുത്
  • കുട്ടിയെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കരുത്.  ഉദാ: “ഇത് ചൂടാണ്,  ഇതില്‍ തൊടരുത് ” എന്നതിനു പകരം “തൊടരുത്”  എന്നുമാത്രം പറയുക
  • സംവേദനക്ഷമതയെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യിക്കുക. ഉദാ: ഊഞ്ഞാലാട്ടം, പരുപരുത്ത പ്രതലത്തിലൂടെയുളള നടത്തം, നല്ല സംഗീതം കേള്‍ക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുക

ഓട്ടിസത്തിന്‍റെ ചികിത്സ വളരെ വൈവിധ്യമാര്‍ന്ന മേഖലയാണ്. ഇതിന് സൈക്യാട്രിസ്റ്റ്, ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഡവലപ്പ്മെന്റല്‍ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഒരു സംഘത്തിന്‍റെ കൂട്ടായ ചികിത്സ ആവശ്യമാണ്. ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍  മറ്റ് ശാരീരിക അസുഖങ്ങള്‍ മൂലമല്ല  എന്നുറപ്പാക്കലാണ് ആദ്യകര്‍ത്തവ്യം. ഇ.എന്‍. ടി വിദഗ്ദ്ധര്‍ ശ്രവണശക്തി പരിശോധിച്ച് കുട്ടിക്ക് ബധിരത ഇല്ലെന്ന് ഉറപ്പാക്കണം. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെകൊണ്ട് ബുദ്ധിമാന്ദ്യം എത്രയുണ്ടെന്ന് മനസ്സിലാക്കണം.  അസുഖത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കലാണ് അടുത്ത പ്രധാനകാര്യം. ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് മാത്രമായുള്ള സ്കൂളുകള്‍ കേരളത്തില്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ പഠനത്തോടൊപ്പം കുട്ടിയുടെ പെരുമാറ്റവൈകല്യങ്ങള്‍ ശരിയാക്കി എടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം (ബിഹേവിയര്‍ തെറാപ്പി), വൈജ്ഞാനിക  ശക്തി, ഭാഷ, പഠനരീതി എന്നിവ മെച്ചപ്പെടുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ നല്‍കിവരുന്നു. ഹാലോപെരിഡോള്‍, റിസ്പെരിഡോണ്‍, ഒലാന്‍സിപൈന്‍, ക്ളോസപ്പിന്‍, നാല്‍ട്രെക്സോണ്‍, ലിതിയം എന്നീ ഔഷധങ്ങള്‍ ഓട്ടിസത്തിന്‍റെ ചികിത്സയ്ക്ക് ഇന്ത്യയില്‍ ലഭ്യമാണ്. 

0
ഡോ. സുരേഷ് കുമാര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡീക്കല്‍ കോളേജില്‍ നിന്ന് ഡി.പി. എമ്മും, റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും , കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് കെ.എം.സി.റ്റി. മെഡിക്കല്‍ കോളെജില്‍ സൈക്ക്യാട്രി വിഭാഗം പ്രൊഫസറാണ്.

Comments

  • No comments made yet. Be the first to submit a comment

Leave your comment

Guest Saturday, 26 September 2026

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി