വായനാമുറി
വിസ്മയ സായൂജ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍
1991 മേയ് മാസത്തിലെ ഒരു രാത്രി. പ്രീഡിഗ്രിക്കാരനായ വിനയന്‍ ഒരു നോവലും വായിച്ചുതീര്‍ത്ത് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് ഒരു ഉള്‍വിളി പോലൊയൊരു തോന്നല്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവോ? അടുത്ത ദിവസം ഷെയര്‍മാര്‍ക്കറ്റിലെടുക്കേണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന അച്ഛനോടു വിനയന്‍ ഈ വിവരം പറഞ്ഞു. ഒരു പരിഹാസച്ചിരിയില്‍ പ്രതികരണമൊതുക്കി അയാള്‍. സംഗതി നിസ്സാരമാക്കി വിനയന്‍ ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയായപ്പോള്‍ അച്ഛന്‍ മകനെ വിളിച്ചുണര്‍ത്തുന്നു. കണ്ണുംതിരുമ്മിയെഴുന്നേറ്റപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും ഒരു കൌതുകവസ്തുവിനെയെന്നോണം അവനെ നോക്കിനില്‍ക്കുകയായിരുന്നു. വിനയനു വേവലാതിയായി. സസ്പെന്‍സിന്‍റെ കുറേ നിമിഷങ്ങള്‍ പൊഴിഞ്ഞുവീണു. ഒടുവില്‍ അച്ഛന്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വിനയനെ അറിയിക്കുന്നു. മകന്‍റെ ഉള്‍വിളി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏറെക്കുറെ അതേ സമയത്തുതന്നെ രാജീവ് ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടു.
“അത്ഭുതകരം! വിശദീകരിക്കാനാവാത്ത പ്രതിഭാസം!” വിനയന്‍റെ കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവികമായും ഇങ്ങനെയൊക്കെ തോന്നാം . പ്രശസ്തനായ ഒരു നേതാവിന്‍റെ അന്ത്യം എറണാകുളത്തെ ഒരു കൊച്ചു വീട്ടിലിരുന്ന് അതേ സമയം തന്നെ അറിയാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലല്ലോ. ബന്ധുമിത്രാദികളിലൂടെ ഈ വിശേഷം നാട്ടില്‍ പാട്ടാകുന്നു. കേട്ടവരൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വാര്‍ത്ത മറ്റുള്ളവര്‍ക്ക് കൈമാറി. രാജീവുവധത്തിന്‍റെ അതിസൂഷ്മമായ കാര്യങ്ങള്‍ വരെ വിനയന്‍ പറഞ്ഞുവെന്നും നടന്ന സംഭവപരമ്പരകള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ വിനയനു കാണുവാന്‍ കഴിഞ്ഞുവെന്നും കഥകളുണ്ടായി. വിശദീകരിക്കുവാനാവാത്ത ഒരു സംഭവം അങ്ങനെ ജന്മം കൊള്ളുകയായി. കേള്‍ക്കുന്ന വിശേഷങ്ങളെ മുഖവിലക്കെടുത്ത് അവയുടെ നിജസ്ഥിതി അന്വേഷിക്കുക പോലും ചെയ്യാതെ പ്രചരിപ്പിക്കുന്ന ആള്‍ക്കൂട്ടമനസ്സിന്‍റെ സൃഷ്ടികളാണോ വിശദീകരിക്കാനാവാത്ത സംഭവങ്ങളില്‍ ഏറിയ പങ്കും?
വിനയന്‍റെ അനുഭവത്തെ ഒരല്പം ഗവേഷണബുദ്ധിയോടെ പരിശോധിച്ചു നോക്കാം. ഒരു രാഷ്ട്രത്തലവനെ വധിക്കാനുള്ള പദ്ധതിയുടെ പരിണാമത്തെക്കുറിച്ചുള്ള നോവലാണു വിനയന്‍ വായിച്ചുകൊണ്ടിരുന്നത്. മനസു പൂര്‍ണ്ണമായും അതില്‍ ലയിച്ചുചേര്‍ന്നിരുന്നു. പുസ്തകം വായിച്ചുതീര്‍ത്ത് ഉറങ്ങാന്‍ പോകുമ്പോഴാണ് രാജീവിന്‍റെ വധത്തെക്കുറിച്ചുള്ള ഉള്‍വിളിയുണ്ടാകുന്നത്. ഉണ്ടാകാന്‍ പോകുന്ന സംഭവത്തെ മുന്‍കൂട്ടി കാണുവാന്‍ പോന്ന അപൂര്‍വ്വസിദ്ധിയാണോ, അതോ ആകസ്മികതയുടെ പരിവേഷമുള്ള ഒറ്റപ്പെട്ട തോന്നലോയെന്ന ഒരു വീണ്ടുവിചാരത്തിനപ്പോള്‍ പ്രസക്തിയേറുന്നു. വായിച്ച നോവലിന്‍റെ ഇതിവൃത്തത്തെ വര്‍ത്തമാനകാല സംഭവങ്ങളുമായി അറിഞ്ഞോ അറിയാതെയോ ബന്ധപ്പെടുത്തുമ്പോള്‍ വിനയന് ഇത്തരമൊരുള്‍വിളിയുണ്ടാകുന്നതില്‍ അത്ഭുതമൊന്നുമില്ല. ചക്ക വീണു മുയല്‍ ചത്തുവെന്ന പോലെ ഒറ്റപ്പെട്ട സംഭവം. അത്തരം കാര്യങ്ങള്‍ കൊട്ടിഘോഷിച്ച് പൊതുവായ നിഗമനങ്ങള്‍ പ്രഖ്യാപിക്കുന്നതു ശാസ്ത്രബുദ്ധിക്കു നിരക്കുന്നതല്ല. നടക്കാന്‍ പോകുന്ന സംഭവങ്ങളെക്കുറിച്ചു വിനയനു സ്ഥിരമായി ഉള്‍വിളികള്‍ ഉണ്ടാവുകയാണെങ്കില്‍ അതു ഗൌരവമായിത്തന്നെ പഠിക്കേണ്ടി വരുന്നു. ആവര്‍ത്തനസാദ്ധ്യതയുള്ള പ്രതിഭാസങ്ങളെ, അവ പ്രഥമദൃഷ്ട്യാ എത്ര അവിശ്വസനീയമാണെങ്കില്‍പോലും അവഗണിക്കരുതെന്നാണ് ശാസ്ത്രത്തിലെ തത്വം. അതീന്ദ്രിയ കഴിവുകളെയും അത്ഭുതങ്ങളെയും 'വിശദീകരിക്കാനാവാത്ത' സംഭവങ്ങളെയും ശാസ്ത്രത്തിന്‍റെ ഉരകല്ലില്‍ പരിശോധിക്കാന്‍ ശ്രമിക്കരുതെന്ന തെറ്റായ ധാരണ പുലര്‍ത്തുന്നവരാണ് അധികവും. അന്വേഷണങ്ങളെയും നിരീക്ഷണങ്ങളേയും ബോധപൂര്‍വ്വം നിഷേധിച്ചുകൊണ്ട് അത്ഭുതപരിവേഷം നിലനിര്‍ത്തുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാവില്ലല്ലോ? നിലവിലുള്ള സാങ്കേതികവിദ്യകള്‍ക്കും ശാസ്ത്രീയ അന്വേഷണരീതികള്‍ക്കും വഴങ്ങാത്ത ഏറെ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടെന്ന് എളിമയോടെ സമ്മതിച്ചേ മതിയാകൂ. അത്രമാത്രം ദുരൂഹമാണ് ഈ പ്രപഞ്ചവും മനുഷ്യമനസ്സും . ആള്‍ക്കൂട്ടത്തെ ഭ്രമിപ്പിക്കുന്ന കഥകളെയും തട്ടിപ്പുകളെയും നിരാകരിക്കുവാനും യഥാര്‍ത്ഥ അപൂര്‍വ്വ പ്രതിഭാസങ്ങളെ മനസിലാക്കുവാനുമുള്ള വിവേചനാശക്തി സാമാന്യജനങ്ങളിലുണ്ടാകേണ്ടതാണ്.
ആള്‍ക്കൂട്ടത്തെ ഭ്രമിപ്പിക്കുന്ന കഥകളെയും തട്ടിപ്പുകളെയും നിരാകരിക്കുവാനും യഥാര്‍ത്ഥ അപൂര്‍വ്വ പ്രതിഭാസങ്ങളെ മനസിലാക്കുവാനുമുള്ള വിവേചനാശക്തി സാമാന്യജനങ്ങളിലുണ്ടാകേണ്ടതാണ്.
സംഭവത്തില്‍ പങ്കുചേരുന്നവരും ആ വിശേഷം കേള്‍ക്കുന്നവരും അതു പ്രചരിപ്പിക്കുന്നവരും ചേര്‍ന്നാണ് അതിന് അത്ഭുതപരിവേഷം ഉണ്ടാക്കുന്നത്. യുക്തിബോധം അധികം പ്രയോഗിക്കാതെ കാണുന്നതിന്‍റെ പകിട്ടില്‍ മയങ്ങുന്ന ഒരു ശരാശരി മനുഷ്യന്‍റെ കാഴ്ചപ്പാടുകള്‍ ഈ പ്രക്രിയയെ കാര്യമായി സ്വാധീനിക്കുന്നു. ആള്‍ക്കൂട്ടമനസ്സിനെ ഭ്രമിപ്പിക്കുന്ന അത്ഭുതങ്ങള്‍ എണ്ണിയാല്‍ തീരില്ല. മുന്നൂറും നാന്നൂറും വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ചു മരിച്ചവരുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെടുന്നവര്‍, തനത് വ്യക്തിത്വഭാവങ്ങള്‍ പാടേ ഉപേക്ഷിച്ചു ശബ്ദവും ചേഷ്ടകളും മാറ്റി ഏതോ പ്രേതമെന്ന മട്ടില്‍ പെരുമാറുന്ന യുവതികള്‍, വിശ്വാസികളെ സന്തോഷിപ്പിക്കുന്ന അത്ഭുതരോഗശാന്തികള്‍ നല്‍കാന്‍ കഴിവുള്ളവര്‍, മരിച്ചുപോയവരുമായി ആശയസംവേദനം നടത്താന്‍ മീഡിയമാകുവാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്നവര്‍- ഇവരൊക്കെ വര്‍ത്തമാനകാലത്തിലെ വിസ്മയങ്ങളാണ്. ദുര്‍മന്ത്രവാദംകൊണ്ടു ശത്രുദോഷം, പള്ളിക്കൂടത്തിലേക്ക് കല്ലും മലവും വലിച്ചെറിയുന്ന സാക്ഷരതാവിരോധിയായ ചാത്തന്‍ , കുറ്റവാളിയെ മഷിയിട്ടു നോക്കി പറയുന്ന വ്യക്തികള്‍- ഇത്തരം വിശേഷങ്ങള്‍ വേറെയും. ഇവയുടെ ആരാധകരും പ്രായോക്താക്കളും ഒപ്പം വിശദീകരണങ്ങളും നല്‍കാറുണ്ട്. കെട്ടുകാഴ്ചകളില്‍ മനംമയങ്ങി അന്ധമായി വിശ്വസിക്കുന്നവര്‍ വിശകലനത്തിനൊന്നും മുതിരാതെ അവയെ അംഗീകരിക്കുന്നു. കടുത്ത യുക്തിവാദികള്‍ ഇതൊക്കെ തട്ടിപ്പല്ലേയെന്നു പറഞ്ഞു ശക്തിയോടെ നിരാകരിക്കുന്നു. ഈ വ്യത്യസ്തധ്രുവങ്ങള്‍ക്കിടയില്‍ തുറന്ന മനസ്സോടെയുള്ള ഒരു സമീപനമില്ലേ?
പരിഷ്കൃതരുടെയും വിദ്യാസമ്പന്നരുടെയും സമൂഹത്തില്‍ അപൂര്‍വ്വവും നിരക്ഷരരുടെയും ഗ്രാമീണരുടെയും ഇടയില്‍ ധാരാളവുമായി കാണുന്ന പ്രേതബാധയുടെ കാര്യമെടുക്കാം. ഒഴിപ്പിക്കലിനു പേരുകേട്ട ആരാധനാലയങ്ങളും മന്ത്രവാദികളുമാണല്ലോ ഈ പ്രശ്നം സാധാരണയായി കൈകാര്യം ചെയ്യുന്നത്. സ്ഥിരമായി ശല്യപ്പെടുത്തുന്ന ശാരീരികാസുഖമുള്‍പ്പെടെ നിത്യജീവിതത്തിലെ എല്ലാ വൈഷമ്യങ്ങള്‍ക്കും കാരണം ദുര്‍മരണത്തിനിടയായ ഒരു വ്യക്തിയുടെ പ്രേതമാണെന്നു വിശ്വസിക്കാന്‍ തയ്യാറുള്ള ആര്‍ക്കും ബാധയിളകാം. കഥാപാത്രങ്ങള്‍ മിക്കവാറും സ്ത്രീകളായിരിക്കും. ജീവിതപ്രശ്നങ്ങളില്‍ നിന്നുള്ള മനോസംഘര്‍ഷം അസഹനീയമാകുമ്പോള്‍ സാമൂഹികാംഗീകാരമുള്ള ഒരു പ്രതിരോധതന്ത്രമെന്ന നിലയില്‍ പ്രേതബാധയെ സ്വീകരിക്കാന്‍ ദുര്‍ബലമാനസര്‍ക്ക് വിമുഖതയുമില്ല. കാര്‍മ്മികന്‍റെ പ്രകടനാത്മകമായ പ്രേതബാധ ഉണര്‍ത്തലിലൂടെ, വൈകാരികഭാവങ്ങളുടെ വേലിയേറ്റങ്ങളിലൂടെ തരളിതമായ മനസ്സിന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ സംസൂചനകളിലൂടെ അതു ലഭ്യമാകുമെന്നു തീര്‍ച്ച. പ്രേതബാധയുണ്ടെന്നു വിശ്വസിക്കുന്ന കുറേ പേരുടെ ഒത്തുചേരല്‍, എല്ലാത്തരം പ്രേതങ്ങളെയും ഒഴിപ്പിക്കാനുള്ള കഴിവു കാര്‍മ്മികനുണ്ടെന്ന പ്രശസ്തി, ബാധ ഒഴിപ്പിക്കുവാനുള്ള പ്രകടനാത്മകങ്ങളായ നടപടികള്‍ - ഇതൊക്കെയാകുമ്പോള്‍ കാണുന്നവര്‍ക്ക് അത്ഭുതമുളവാക്കുന്ന ആ നാടകം തുടങ്ങുകയായി. മുഖം വക്രിച്ച്, ശബ്ദവും മാറ്റി മരിച്ചുപോയ ഏതോ ഒരുവളുടെ പേരും ചൊല്ലി ഉന്മാദിനിയെപ്പോലെ കൂവുന്നവളിലെ അരൂപിയായ പ്രേതത്തെ അസുഖകരങ്ങളായ തല്ലും തലോടലും നല്‍കി കാര്‍മ്മികന്‍ ഒഴിപ്പിച്ചെടുക്കുന്നതോടെ നാടകത്തിന്‍റെ തിരശ്ശീല തല്‍കാലത്തേക്ക് വീഴുന്നു.
പ്രേതബാധയേറ്റ വ്യക്തി നല്‍കുന്ന പ്രേതത്തിന്‍റെ ജീവചരിത്രം യഥാര്‍ഥ കഥകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന ന്യായത്തില്‍ അരൂപിയായ പ്രേതത്തിന്‍റെ അസ്തിത്വത്തെ അംഗീകരിക്കാനാവില്ല. ദുര്‍മരണ വിശേഷങ്ങളെ അറിയാതെ തന്നെ മനസ്സിലേക്ക് ആവാഹിച്ചെടുത്ത് മനോസംഘര്‍ഷത്തിന്‍റെ നാളുകളില്‍ ആശയസംവേദനത്തിന്‍റെ ഉപാധിയാക്കി മാറ്റുന്നതാണീ പ്രേതബാധയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനോവ്യഥയുടെ ഈ ഭാഷയ്ക്കു രൂപം കൊടുക്കുന്ന മനസ്സിനെ പഠിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയാലേ സ്ഥായിയായ പ്രശ്നപരിഹാരം ഉണ്ടാകൂവെന്നതാണ് മനശാസ്ത്രമതം. ബാധയൊഴിപ്പിക്കുന്ന കാര്‍മ്മികനും വിശ്വാസത്തിന്‍റെ പിന്‍ബലമുള്ള പ്രാകൃതമായ ഒരു മന:ശാസ്ത്രശൈലി തന്നെയാണ് അവലംബിക്കുന്നത്. മനസിനെ അറിയാനോ കാരണങ്ങള്‍ തേടാനോ ശ്രമിക്കുന്നില്ലെന്നതാണ് ഇതിന്‍റെ ന്യൂനത. ബാധയിളകിയവരുടെ കൂട്ടത്തിലെങ്ങാനും അസ്സല്‍ പ്രേതമുണ്ടെങ്കില്‍ ആ പ്രതിഭാസത്തെയാണ് കണ്ടെത്തേണ്ടതും ഇനി ശാസ്ത്രീയമായി പഠിക്കേണ്ടതും.പ്രേതബാധയേറ്റ വ്യക്തി നല്‍കുന്ന പ്രേതത്തിന്‍റെ ജീവചരിത്രം യഥാര്‍ഥ കഥകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന ന്യായത്തില്‍ അരൂപിയായ പ്രേതത്തിന്‍റെ അസ്തിത്വത്തെ അംഗീകരിക്കാനാവില്ല.
പ്രേതബാധകള്‍ പൂര്‍ണ്ണമായും മനോജന്യം തന്നെയാണെന്നു മന:ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നതുകൊണ്ടു ശാസ്ത്രം വിശദീകരിക്കാനാവാത്ത സംഭവങ്ങളെ നിഷേധിക്കുന്നെന്ന നിലപാടാണെടുക്കുന്നതെന്ന ധാരണ വേണ്ട. പുനര്‍ജന്മത്തെക്കുറിച്ചുള്ള ചില ഗവേഷണങ്ങള്‍തന്നെ ഉദാഹരണം. ഇതാ ഒരു പുനര്‍ജന്മകഥ. മഹാരാഷ്ട്രയിലെ ഒരു ബാലിക പെട്ടെന്ന് ഒരു ദിവസം ബംഗാളി പറയാന്‍ തുടങ്ങുന്നു. രണ്ടു മൂന്നു നൂറ്റാണ്ടു മുമ്പു ബംഗാളിലെ ഏതോ ഗ്രാമത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ പുനര്‍ജന്മമാണ് അവളെന്ന അവകാശവാദമുണ്ടായി. പുനര്‍ജന്മത്തെക്കുറിച്ച് പഠനം നടത്തുന്ന ഒരു സംഘം ഈ ബാലികയെ പരിശോധിക്കുന്നു. കേട്ടുകേള്‍വിയില്‍ മയങ്ങി ഒരു മുന്‍വിധിയില്‍പ്പെട്ട് ഒരു നിഗമനത്തിലെത്താനല്ല ഗവേഷണ സംഘത്തിന്‍റെ പുറപ്പാട്. വ്യക്തമായ ലക്ഷ്യങ്ങളും നടപടിക്രമങ്ങളും ശാസ്ത്രപഠനങ്ങള്‍ക്കുണ്ട്. ഈ ബാലിക സംസാരിക്കുന്നത് ബംഗാളിയാണോ? അവള്‍ പറയുന്നതു പോലൊരു ഗ്രാമം ബംഗാളിലുണ്ടോ? ആ ഗ്രാമത്തിലെ സംസാരശൈലിയോടു പൊരുത്തപ്പെടുന്നുവോ ബാലികയുടെ സംസാരരീതി? പുനര്‍ജന്മകഥയിലെ വ്യക്തി ഈ ഗ്രാമത്തില്‍ ജീവിച്ചിരുന്നുവോ? ആ വ്യക്തിയെക്കുറിച്ചും ബന്ധുമിത്രാദികളെക്കുറിച്ചും ബാലിക നല്‍കുന്ന വിവരങ്ങള്‍ ശരിയാണോ? ഈ വിവരങ്ങള്‍ ബാലികക്ക് മുന്‍കൂട്ടി ലഭ്യമാക്കിയതിനു ശേഷം വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി അരങ്ങേറിയ നാടകമാണോ ഇത്? നിലവിലുള്ള മനശാസ്ത്രതത്വങ്ങളും ശാസ്ത്രവസ്തുതകളും ഉപയോഗിച്ചു ബാലികയുടെ അനുഭവങ്ങളെ വിശദീകരിക്കാമോ? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഗവേഷകര്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. പുനര്‍ജന്മസാദ്ധ്യതകളുണ്ടന്നു സൂചിപ്പിക്കുന്ന നിഷ്പക്ഷമായ വസ്തുതകള്‍, അത്തരമൊരു സാദ്ധ്യതയെ നിഷേധിക്കുന്ന തെളിവുകള്‍ - ഇവയൊക്കെ വിശദമായി പരിശോധിച്ചതിനു ശേഷമേ ഈ ബാലികയുടെ അനുഭവങ്ങളുടെ പൊരുള്‍ തേടാനാവൂ. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോസയന്‍സിലെ ഡോ. സത്വന്ത് പസ്റീച്ച പുനര്‍ജന്മസാധ്യതകളുള്ള നിരവധി കേസുകള്‍ പഠിച്ചു തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തില്‍ പുനര്‍ജന്മമെന്ന സങ്കല്‍പത്തെ തള്ളിക്കളയുന്നില്ല. അത്തരമൊരു പ്രതിഭാസമുണ്ടാകാനിടയുണ്ടന്നും ചിലരുടെ അനുഭവങ്ങളെങ്കിലും പുനര്‍ജന്മമെന്ന സങ്കല്‍പത്തിലൂടെയേ വിശദീകരിക്കാനാവൂയെന്നും അവര്‍ പ്രസ്താവിക്കുന്നു. പൊതുവായ നിഗമനത്തിലെത്തുവാന്‍ വേണ്ടത്ര കേസുകള്‍ ഇല്ലാത്തതിനാലും വസ്തുനിഷ്ഠമായ തെളിവുകളോടെ സ്ഥാപിക്കാന്‍ പ്രായോഗികമല്ലാത്തതുകൊണ്ടും പുനര്‍ജന്മമെന്ന സാധ്യതയെക്കുറിച്ച് മാത്രമാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ശാസ്ത്രത്തിന്‍റെ രീതിയും അതാണല്ലോ.
കേട്ടറിവുള്ള അത്ഭുതപ്രതിഭാസങ്ങള്‍ക്കു പ്രായോഗികതലത്തില്‍ പ്രസക്തിയുണ്ടായാല്‍ അവയുടെ സാധ്യതകള്‍ അപാരമാണ്. കളവുമുതലിനെയും കള്ളനെയും മഷിയിട്ടുനോക്കി കണ്ടുപിടിക്കുന്ന ദിവ്യന്മാരുണ്ടല്ലോ കേരളത്തില്‍. സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാന്‍ അവര്‍ക്ക് ക്ലേശിക്കേണ്ടിവരില്ലല്ലോ? അത്താഴപ്പട്ടിണിക്കാരനായ അയല്‍ക്കാരനെ കൂടോത്രം ചെയ്തു ക്ഷയിപ്പികുന്ന മന്ത്രവാദികളുണ്ടല്ലോ നമ്മുടെ നാട്ടില്‍. രാഷ്ട്രത്തിന്‍റെ ഭദ്രതക്കു ഭീഷണിയുയര്‍ത്തുന്ന തീവ്രവാദികളെ കൂടോത്രം പ്രയോഗിച്ചു നശിപ്പിക്കാമല്ലോ ഇവര്‍ക്ക്? മരിച്ചവരുമായി സംസാരിക്കാന്‍ കഴിവുള്ള മീഡിയങ്ങളുണ്ടല്ലോ ഇവിടെ. പ്രമാദമായ കൊലക്കേസുകളില്‍ വധിക്കപ്പെട്ടവരുമായി സംസാരിച്ചു കുറ്റകൃത്യത്തിന്‍റെ യഥാര്‍ത്ഥചിത്രം കണ്ടെത്താന്‍ ഇവര്‍ക്കു കഴിയുമല്ലോ? ഇതൊന്നും സംഭവിക്കാറില്ലയെന്നതാണു വസ്തുത. വിശദീകരിക്കാനാവാത്ത സംഭവങ്ങള്‍ ഒറ്റപ്പെട്ട കഥകളോ, ഒരു വ്യക്തിയുടെ അതീന്ദ്രീയാനുഭവങ്ങള്‍ കുറേക്കാലത്തേക്കു മാത്രം ഏറെപ്പേര്‍ പറഞ്ഞ് അവസാനിപ്പിക്കുന്ന വിശേഷങ്ങളായോ വിസ്മരിക്കപ്പെടുന്നുവെന്നതാണു സത്യം.
വിശ്വാസത്തെ മുതലെടുത്തു ചമക്കുന്ന ചില അത്ഭുതസംഭവങ്ങളില്‍ നിന്നു മനോജന്യങ്ങളായ നേട്ടങ്ങളുണ്ടാകുമെന്നതു നിഷേധിക്കാനാവില്ല. സുസംഘടിതമായ പ്രചാരണത്തിലൂടെ സിദ്ധനെന്ന പ്രശസ്തി സമ്പാദിച്ച ഒരുവനെ തേടി ആയിരക്കണക്കിനു ജനങ്ങള്‍ ഒരു കുഗ്രാമത്തിലെത്തിയത്രേ. മാറാരോഗങ്ങള്‍ക്കു ശമനം പ്രതീക്ഷിച്ചാണവര്‍ വന്നത്. എട്ടാം ക്ലാസ് മാത്രം പഠിച്ച, രോഗങ്ങളെക്കുറിച്ച് എട്ടുംപൊട്ടുമറിയാത്ത, വെറുമൊരു തട്ടിപ്പുകാരനായിരുന്നു സിദ്ധന്‍. വന്നവര്‍ക്കൊക്കെ കിണറ്റിലെ വെള്ളത്തില്‍ മന്ത്രമോതിക്കൊടുത്തു വിദ്വാന്‍ . ഏറെപ്പേര്‍ക്കു താത്കാലിക രോഗശാന്തി ലഭിച്ചു. സ്ഥായിയായ ശമനം കാണാതെ വന്നപ്പോള്‍ വിശ്വാസികള്‍ക്കിടയിലും അവിശ്വാസികള്‍ ഉണ്ടാകാന്‍ തുടങ്ങി. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടും നിര്‍ത്തി കിട്ടിയ ദക്ഷിണയും കൊണ്ടു സിദ്ധന്‍ മുങ്ങി. ഇത്തരം സംഭവങ്ങള്‍ സാക്ഷരത നിറഞ്ഞ കേരളത്തില്‍ പോലും അപൂര്‍വ്വമല്ല. പ്രാര്‍ഥന കൊണ്ടോ മറ്റു മന്ത്രങ്ങള്‍ക്കൊണ്ടോ രോഗശാന്തി നല്‍കുന്നവര്‍ അത്തരം നേട്ടങ്ങളെ വൈദ്യശാസ്ത്രത്തിന്‍റെ പരിശോധനക്കും ഏതാനും കാലം കഴിഞ്ഞുള്ള പുനപരിശോധനക്കും വിധേയമാക്കുവാന്‍ വിമുഖരാണ്. രോഗശാന്തിയുടെ ആഹ്ലാദം അതനുഭവിക്കുന്ന വ്യക്തി സാക്ഷ്യപ്പെടുത്തിയാല്‍ മതിയല്ലോയെന്നുള്ള വാദഗതി ബാലിശമാണ്. സദ്ഫലങ്ങള്‍ക്ക് ശാസ്ത്രീയമായ സാക്ഷ്യപ്പെടുത്തലുണ്ടായാലേ അവയിലൂടെ മാനവരാശിക്കു പ്രയോജനമുണ്ടാകൂ.
മനുഷ്യര്‍ക്ക് പൊതുവില്‍ പ്രയോജനപ്പെടുന്ന അത്ഭുതസംഭവങ്ങള്‍, ആവര്‍ത്തിക്കപ്പെടുന്ന അതീന്ദ്രിയാനുഭവങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന ഗവേഷണപഠനങ്ങളാണു നടക്കേണ്ടത്. നമ്മുടെ കഴിവുകളുടെയും അറിവുകളുടെയും പരിമിതികളെ ഓര്‍മ്മിപ്പിക്കുന്ന അത്ഭുതങ്ങളുടെ ചെപ്പ് പരിശോധിക്കുവാന്‍ നമുക്ക് പരിചിതമായ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതില്‍ ഒരപാകതയുമില്ല. ശാസ്ത്രത്തിനു ഫലപ്രദമായ വിശദീകരണം നല്‍കാനാവാത്തവയെ മാത്രം ‘വിശദീകരിക്കാനാവാത്തവ’യെന്നു വിളിക്കാം. കള്ളനാണയങ്ങള്‍ക്കിടയിലെ ഈ വിസ്മയങ്ങളെ കണ്ടെത്താനാകട്ടെ നമ്മുടെ പരിശ്രമം.
Painting: "The Fortune Teller" by Andrew Knaupp
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.