1991 മേയ് മാസത്തിലെ ഒരു രാത്രി. പ്രീഡിഗ്രിക്കാരനായ വിനയന്‍ ഒരു നോവലും വായിച്ചുതീര്‍ത്ത് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് ഒരു ഉള്‍വിളി പോലൊയൊരു തോന്നല്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവോ? അടുത്ത ദിവസം ഷെയര്‍മാര്‍ക്കറ്റിലെടുക്കേണ്ട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്ന അച്ഛനോടു വിനയന്‍ ഈ വിവരം പറഞ്ഞു. ഒരു പരിഹാസച്ചിരിയില്‍ പ്രതികരണമൊതുക്കി അയാള്‍. സംഗതി നിസ്സാരമാക്കി വിനയന്‍ ഉറങ്ങാന്‍ കിടന്നു. അര്‍ധരാത്രിയായപ്പോള്‍ അച്ഛന്‍ മകനെ വിളിച്ചുണര്‍ത്തുന്നു. കണ്ണുംതിരുമ്മിയെഴുന്നേറ്റപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും ഒരു കൌതുകവസ്തുവിനെയെന്നോണം അവനെ നോക്കിനില്‍ക്കുകയായിരുന്നു. വിനയനു വേവലാതിയായി. സസ്പെന്‍സിന്‍റെ കുറേ നിമിഷങ്ങള്‍ പൊഴിഞ്ഞുവീണു. ഒടുവില്‍ അച്ഛന്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വിനയനെ അറിയിക്കുന്നു. മകന്‍റെ ഉള്‍വിളി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏറെക്കുറെ അതേ സമയത്തുതന്നെ രാജീവ് ഗാന്ധി ക്രൂരമായി വധിക്കപ്പെട്ടു.
“അത്ഭുതകരം! വിശദീകരിക്കാനാവാത്ത പ്രതിഭാസം!” വിനയന്‍റെ കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവികമായും ഇങ്ങനെയൊക്കെ തോന്നാം . പ്രശസ്തനായ ഒരു നേതാവിന്‍റെ അന്ത്യം എറണാകുളത്തെ ഒരു കൊച്ചു വീട്ടിലിരുന്ന് അതേ സമയം തന്നെ അറിയാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ലല്ലോ. ബന്ധുമിത്രാദികളിലൂടെ ഈ വിശേഷം നാട്ടില്‍ പാട്ടാകുന്നു. കേട്ടവരൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വാര്‍ത്ത മറ്റുള്ളവര്‍ക്ക് കൈമാറി. രാജീവുവധത്തിന്‍റെ അതിസൂഷ്മമായ കാര്യങ്ങള്‍ വരെ വിനയന്‍ പറഞ്ഞുവെന്നും നടന്ന സംഭവപരമ്പരകള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെ വിനയനു കാണുവാന്‍ കഴിഞ്ഞുവെന്നും കഥകളുണ്ടായി. വിശദീകരിക്കുവാനാവാത്ത ഒരു സംഭവം അങ്ങനെ ജന്മം കൊള്ളുകയായി. കേള്‍ക്കുന്ന വിശേഷങ്ങളെ മുഖവിലക്കെടുത്ത് അവയുടെ നിജസ്ഥിതി അന്വേഷിക്കുക പോലും ചെയ്യാതെ പ്രചരിപ്പിക്കുന്ന ആള്‍ക്കൂട്ടമനസ്സിന്‍റെ സൃഷ്ടികളാണോ വിശദീകരിക്കാനാവാത്ത സംഭവങ്ങളില്‍ ഏറിയ പങ്കും?