വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

4 minutes reading time (704 words)

വികൃതി അമിതമായാല്‍

വികൃതി അമിതമായാല്‍

നിങ്ങളുടെ കുട്ടിയുടെ വികൃതികള്‍ അതിരു കടക്കുന്നുണ്ടോ? ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും പ്രയോജനമില്ലേ? എ.ഡി.എച്ച്.ഡി. അഥവാ ഹൈപ്പര്‍കൈനറ്റിക് തകരാറാകാം വില്ലന്‍...

ഒന്‍പതു വയസ്സുകാരന്‍ നിതിന്‍.. ക്ലാസ്സ് നടക്കുമ്പോള്‍ മറ്റു കുട്ടികളെ ശല്യപ്പെടുത്തുക, റ്റീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, കൂട്ടുകാരുമായി വഴക്കിടുക, പേനയും പുസ്തകങ്ങളും എവിടെയെങ്കിലും മറന്നുവയ്ക്കുക, ഇടവേളയില്‍ സ്കൂള്‍മതിലില്‍ ചാടിക്കയറി താഴേയ്ക്കു ചാടുക തുടങ്ങിയവയാണ് ആശാന്റെ ഇഷ്ടവിനോദങ്ങള്‍... വീട്ടിലാകട്ടെ, ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ബഹളംവച്ച് ഓടിച്ചാടി നടക്കും. എന്തെങ്കിലും ആവശ്യപ്പെട്ടിട്ട് ഉടനടി കിട്ടിയില്ലെങ്കില്‍ അമിത ദേഷ്യവും.

സ്കൂളില്‍ നിന്നു ടീച്ചര്‍മാരുടെ പരാതി പതിവാണ്. മാതാപിതാക്കളാകട്ടെ, നിതിന്റെ വിക്രിയകള്‍ സഹിക്കാനാകാതെ നിരന്തരം അടികൊടുത്ത് നേരെയാക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മാത്രമല്ല, സ്വഭാവം കൂടുതല്‍ വഷളായെന്നു മാത്രം.

ഹൈപ്പര്‍ കൈനറ്റിക് ഡിസോഡര്‍

നിതിന്റെ പിരുപിരുപ്പിനും വികൃതികള്‍ക്കും കാരണമെന്താണ് ? നിതിന്‍ ഇതൊന്നും മനഃപൂര്‍വ്വം ചെയ്യുന്നതല്ല. ഈ പ്രശ്നം ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍ (Hyperkinetic disorder) അഥവാ അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ (Attention Deficit Hyperactivity Disorder-ADHD) എന്നാണ് അറിയപ്പെടുന്നത്.

ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിന്റെ മധ്യഭാഗത്തുള്ള മസ്തിഷ്കകാണ്ഡത്തിന്റെയും പാര്‍ശ്വഭാഗത്തുള്ള റ്റെമ്പോറല്‍  കാണ്ഡം (Temporal lobe), മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍  കാണ്ഡം (Frontal lobe) എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ്.  ഈ  പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും കാലതാമസവുമാണു ഹൈപ്പര്‍കൈനറ്റിക് കുട്ടികളുടെ പ്രശ്നം. 

മസ്തിഷ്കത്തിന്റെ സവിശേഷതരത്തിലുള്ള വളര്‍ച്ചയിലെ മാന്ദ്യവും പ്രവര്‍ത്തനതകരാറുമാണു ഈ രോഗത്തിന്റെ ശാരീരികാടിസ്ഥാനം.

മസ്തിഷ്കത്തിലെ അവശ്യരാസവസ്തുക്കളായ ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, സിറോട്ടോണിന്‍ എന്നിവയുടെ അസന്തുലിതാവസ്ഥയും രോഗകാരണമാണ്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, തീരെ ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേട്, അഛന്റെ മദ്യപാനശീലം, ചില ഹോര്‍മോണ്‍ തകരാറുകള്‍ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്. മസ്തിഷ്കത്തിന്റെ സവിശേഷതരത്തിലുള്ള വളര്‍ച്ചയിലെ മാന്ദ്യവും പ്രവര്‍ത്തനതകരാറുമാണു ഈ രോഗത്തിന്റെ ശാരീരികാടിസ്ഥാനം.

സ്കൂള്‍വിദ്യാര്‍ഥികളില്‍ ഏകദേശം മൂന്നു ശതമാനത്തിനും ഈ രോഗമുണ്ടെന്നു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണു കൂടുതല്‍.. 

ലക്ഷണങ്ങള്‍ മൂന്നു തരം

ഈ രോഗലക്ഷണങ്ങളെ അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാം.

അമിത വികൃതി

 • ക്ലാസിലും വീട്ടിലും അധിക നേരം തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയാതെ ഓടിനടക്കുക,
 • എപ്പോഴും അസ്വസ്ഥനായിരിക്കുകയും ഏതെങ്കിലും ശരീര ഭാഗങ്ങള്‍ എപ്പോഴും ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക,
 • തുടറ്ച്ചയായതും അലക്ഷ്യ സ്വഭാവമുള്ളതുമായ ചലനങ്ങള്‍.,
 • വേഗത്തില്‍ മരം കയറുക,
 • വളരെ ഉയരത്തില്‍ നിന്നും താഴേക്കു ചാടുക,
 • ഇലക്ട്രിക് സ്വിച്ചുകളിലും മറ്റും പെരുമാറുക തുടങ്ങിയ അപകടകരമായ കളികള്‍.,
 • അമിതവേഗത്തിലുള്ള സംസാരവും പ്രവര്‍ത്തികളും. 

ശ്രദ്ധക്കുറവ്

 • പുസ്തകങ്ങള്‍, പേന, പെന്‍സില്‍ തുടങ്ങിയവ നഷ്ടപ്പെട്ടു പോകുക.
 • പഠനത്തില്‍ അശ്രദ്ധ കാരണം നിരന്തരം തെറ്റുവരുത്തുക.
 • മാതാപിതാക്കളും അദ്ധ്യാപകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക.
 • തുടരെ ശ്രദ്ധ ആവശ്യമായ ഗൃഹപാഠങ്ങളും കളികളും ഒഴിവാക്കുക.
 • പാഠ്യവിഷയങ്ങളും മറ്റു കാര്യങ്ങളും വേഗം മറന്നുപോകുക.
 • ഏല്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുക.

എടുത്തുചാട്ടം

 • ക്യൂവിലും മറ്റും കാത്തുനില്‍ക്കാന്‍ കഴിയാതെ വരുക.
 • ചോദ്യം തീരുന്നതിനുമുമ്പ് മറുപടി പറയുക.
 • റോഡ് മുറിച്ചുകടക്കുമ്പോള്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഓടുക.
 • മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്കുകയറി പറയുക.

ഇത്തരം കുട്ടികള്‍ പക്ഷേ, ടിവിക്കു മുന്നില്‍ കാര്‍ട്ടൂണുകള്‍ കണ്ടും കമ്പ്യൂട്ടറില്‍ ചിത്രങ്ങള്‍ കണ്ടും ദീര്‍ഘനേരം ഇരുന്നെന്നുവരാം. ഇത്തരം കാര്യങ്ങള്‍ക്കു നിരന്തര ശ്രദ്ധ ആവശ്യമില്ലാത്തതുകൊണ്ടാണിത്.

രോഗനിര്‍ണ്ണയം എങ്ങനെ?

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി ആറുമാസം നീണ്ടുനിന്നാല്‍ എഡിഎച്ച്ഡി ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കുട്ടികളെ ഒരു മനോരോഗവിദഗ്ദ്ധനെയോ ശിശുരോഗവിദഗ്ദ്ധനെയോ കാണിച്ച് രോഗമുണ്ടോയെന്നു ഉറപ്പുവരുത്തണം. പലപ്പോഴും 6 വയസ്സിനുമുമ്പ് തന്നെ ഇത്തരം കുട്ടികള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. പലപ്പോഴും ഈ കുട്ടികളെ നിരന്തരം അടിച്ചും കഠിനമായി ശാസിച്ചും ക്ലാസ്സിനു പുറത്തു നിര്‍ത്തിയും നേരെയാക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കാറുണ്ട്. ഇതുകൊണ്ടൊന്നും കാര്യമായ പ്രയോജനമുണ്ടാവാറില്ല. മാത്രമല്ല കുട്ടികള്‍ക്കു മാനസികവിഷമവും നിഷേധാത്മക സ്വഭാവവും ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ക്രമേണ പഠനം മോശമാവുകയും കൌമാരപ്രായമെത്തുമ്പോള്‍ ലഹരിവസ്തുക്കളുടെ ദുരുപയോഗം, ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്നുപെടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.

ഭാവിയില്‍ സംഭവിക്കുന്നത്

50 ശതമാനം പേരില്‍ പ്രായപൂര്‍ത്തിയായ ശേഷവും ഈ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കാം.

പഠനത്തില്‍ പിന്നോട്ടു പോകുന്നതും മറ്റുള്ളവരുമായുള്ള ഇടപെടലില്‍ പോരായ്മകള്‍ സംഭവിക്കുന്നതുമാണ്  ഹൈപ്പര്‍കൈനറ്റിക് രോഗത്തിന്റെ പരിണതഫലങ്ങള്‍ . 50 ശതമാനം പേരില്‍ പ്രായപൂര്‍ത്തിയായ ശേഷവും ഈ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കാം. ഇതിനോടനുബന്ധിച്ച് മോഷണം, കളവുപറച്ചില്‍, അക്രമവാസന തുടങ്ങിയ പെരുമാറ്റവൈകല്യങ്ങളുള്ളവര്‍ ഭാവിയില്‍ സാമൂഹ്യവിരുദ്ധരാകാനും സാദ്ധ്യതയുണ്ട്.

മാതാപിതാക്കള്‍ ചെയ്യേണ്ടത്

 1. കുട്ടിയുടെ നല്ല ഗുണങ്ങളെ പുകഴ്ത്തുക. കുട്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ആ കാര്യം പറഞ്ഞുതന്നെ കുട്ടിയെ പ്രശംസിക്കുക. ഉദാഹരണത്തിന് 'ഇന്നു കടയിൽ പോയപ്പോൾ നീ എന്റെ കൂടെത്തന്നെ നിന്നു.'
 2. അവ്യക്തവും പൊതുസ്വഭാവമുള്ളതുമായ നിർദ്ദേശങ്ങൾക്കു പകരം കൃത്യവും ഹ്രൃസ്വവുമായ നിർദ്ദേശങ്ങൾ നല്കുക. ഉദാഹരണത്തിന് 'മുറി വൃത്തിയായി സൂക്ഷിക്കണം‍‍‌' എന്നു പറയുന്നതിന് പകരം 'ഷൂസും വസ്ത്രങ്ങളും നിശ്ചിത സ്ഥലത്ത് വെക്കണം' എന്ന രീതിയിൽ നിർദ്ദേശിക്കുക.
 3. തുടർച്ചയായി ദേഷ്യപ്പെടുകയും ഒരേകാര്യം പറഞ്ഞ് നിരന്തരം വിമർശിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. അന്യരുടെമുന്നില്‍ വച്ച് കുട്ടിയെ പരിഹസിക്കാതിരിക്കുക.
 4. കുട്ടിയെ പഠിപ്പിക്കുമ്പോൾ ചെറുവാചകങ്ങളിൽ നിർദ്ദേശങ്ങൾ നല്കുക. കാര്യങ്ങൾ കഥാരൂപത്തിൽ പരസ്പരം ബന്ധിപ്പിച്ചു പഠിപ്പിക്കുന്നത് സംഗതികൾ ഓർമയിൽ നില്ക്കാൻ കൂടുതൽ സഹായിക്കും.
 5. മറ്റു കുട്ടികളുമായി കളിക്കുമ്പോൾ പെട്ടെന്നു ക്ഷോഭിക്കാനും തല്ലുകൂടാനും സാധ്യതയുള്ളതിനാൽ മേൽനോട്ടം വേണം.
 6. എന്തെങ്കിലും ഒരു വസ്തു ഉടൻ കിട്ടണം എന്നു പറഞ്ഞു ബഹളം വയ്ക്കുമ്പോൾ ഇന്നു വാങ്ങിത്തരില്ല നാളെയാകാം എന്നു കർശനമായി പറഞ്ഞ ശേഷം പിന്നീടുണ്ടാകുന്ന ബഹളത്തെ അവഗണിക്കുക.
 7. കാർട്ടൂണുകളും കമ്പ്യൂട്ടർ ഗെയിമുകളും കണ്ടുകൊണ്ടു തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കുക.

വേണം നല്ലൊരു ടൈംടേബിള്‍

ഹൈപ്പര്‍ കൈനറ്റിക്കായ കുട്ടിക്ക്‌ ഒരു ദിവസം മുഴുവന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ക്ക് ഒരു ടൈംടേബിള്‍ ചിട്ടപ്പെടുത്തുക. അതു കൃത്യമായി പാലിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുക. കളിക്കാനും ഗൃഹപാഠം ചെയ്യാനുമൊക്കെ കൃത്യ സമയം നിശ്ച്ചയിക്കണം. ഓരോ കാര്യവും ചെയ്തു കഴിയുമ്പോൾ അതു  ടൈംടേബിളിൽ രേഖപ്പെടുത്താനും കുട്ടിയെ ശീലിപ്പിക്കണം 'എന്തു ചെയ്യരുത്' എന്നു പറയുന്നതിനു പകരം എന്തു ചെയ്യണം എന്നു പറഞ്ഞു കൊടുക്കുക. ഓടരുത് എന്നു പറയുന്നതിനു പകരം നടക്കൂ എന്നു പറയണം.

വികൃതി കുറയ്ക്കും ചികിൽസ

എത്രയും നേരത്തേ ചികിൽസ തുടങ്ങുന്നത് രോഗം നിയന്ത്രിക്കാൻ സഹായകമാണ്. കുട്ടിയെ കൈകാര്യം ചെയ്യേണ്ട രീതികളേപ്പറ്റി മാതാപിതാക്കൾക്കു കൌൺസലിങ്ങ് നല്കുന്നത് ചികിൽസയുടെ ആദ്യപടിയാണ്. (Parent Management Training). പലപ്പോഴും രോഗം മൂർച്ചിക്കുന്നത് വരെ സൈക്യാട്രിസ്റ്റിനെ കാണാൻ മാതാപിതാക്കൾ തയ്യാറാവില്ല. മരുന്നുകളെക്കുറിച്ചുള്ള അബദ്ധധാരണകളും ചികിൽസ തേടാനുള്ള നാണക്കേടും കാര്യങ്ങൾ വഷളാക്കാറുണ്ട്. 

പാർശ്വഫലങ്ങൾ കുറഞ്ഞ പലതരം ഫലപ്രദ ഔഷധങ്ങൾ ഈ രോഗത്തിന് ഇന്നുണ്ട്. മീതയിൽ ഫെനിഡേറ്റ് പോലെയുള്ള ഉത്തേജക ഔഷധങ്ങൾ (stimulants) അറ്റൊമൊക്സെറ്റിൻ, ക്ളോണിഡിൻ, ഗ്വാന്ഫാസിൻ തുടങ്ങിയ മരുന്നുകൾ ലഭ്യമാണ്. റിസ്പെരിഡോൺ പോലെയുള്ള ആന്റി-സൈക്കോട്ടിൿ ഔഷധങ്ങളും ലിഥിയം പോലെയുള്ള മൂഡ് സ്റ്റബിലൈസർ വിഭാഗത്തില്‍പെട്ട ഔഷധങ്ങളും ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.

കുട്ടിയുടെ പ്രായവും ശാരീരികാരോഗ്യവും രോഗലക്ഷണങ്ങളുടെ സവിശേഷതയും മനസിലാക്കിയ ശേഷമാണ് ഇന്ന ഔഷധം വേണമെന്ന് തീരുമാനിക്കുന്നത്. ഔഷധങ്ങളോടൊപ്പം ടൈം ഔട്ട് പോലെയുള്ള സ്വഭാവ ചികിൽസാരീതികളും (behavioral therapy) ഉപയോഗിക്കാം. പ്രത്യേക വിദ്യാഭാസം, ഒക്കുപ്പേഷൻ തെറാപ്പി തുടങ്ങിയ രീതികളും ഉപയോഗിക്കാം. ശ്രദ്ധ കൂട്ടാൻ സഹായിക്കുന്ന പരിശീലനങ്ങളും റിലാക്സേഷന്‍ വ്യായാമങ്ങളും പ്രയോജനം ചെയ്തേക്കാം.

കുട്ടികളുടെ രോഗലക്ഷണങ്ങൾ പലപ്പോഴും ആദ്യം ശ്രദ്ധിക്കുന്നത് അദ്ധ്യാപകരാണ്. ഹൈപ്പർ കൈനറ്റിൿ കുട്ടികളോട് ഇടപെടേണ്ട രീതികളെക്കുറിച്ച് ഇപ്പോൾ അദ്ധ്യാപകർക്ക് പരിശീലനം നല്കുന്നുണ്ട്. രോഗലക്ഷണങ്ങൾ ആരംഭിച്ച് അധികം വൈകാതെ ചികിൽസ ആരംഭിച്ചാൽ എഡിഎച്ച്ഡി ബാധിച്ച കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും പുരോഗതി നേടാവുന്നതേയുള്ളൂ.

അതിര്‍വരമ്പുകളിൽ കുടികൊള്ളുന്നവർ
ലൈംഗികപീഢനങ്ങള്‍ക്കു പിന്നിലെ മന:ശാസ്ത്രം
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is developed by Dean Marshall Consultancy Ltd