വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
Font size: +
3 minutes reading time (543 words)

മനോരോഗികളുടെ പുനരധിവാസം

മനോരോഗികളുടെ പുനരധിവാസം

ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും ആവശ്യം വരും. ദീര്‍ഘകാലം പഴക്കമുള്ള സ്കിസോഫ്രീനിയ, മേധാക്ഷയം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയ രോഗമുള്ളവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ഏറ്റവും ആവശ്യമായി വരുന്നു. മനോരോഗങ്ങളെ വികലാംഗക്ഷേമ നിയമത്തിനു കീഴില്‍ കൊണ്ടു വരികയും തല്‍ഫലമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗികളെ താമസിപ്പിക്കുന്ന ഒട്ടേറെ പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍? ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലുണ്ടോ?

കേരള സര്‍ക്കാരിന്‍റെ സാമൂഹ്യക്ഷേമ വകുപ്പ് 2012ല്‍ പുറത്തിറക്കിയ ‘കേരള മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍’ (Kerala Registration of Psycho-social rehabilitation centres for the mentally ill rules 2012) കൃത്യമായി ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പതു അധ്യായങ്ങളിലായി പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്.

എന്താണ് പുനരധിവാസ കേന്ദ്രം?

Kerala Orphanages and Other Charitable Homes നിയമം 1960 പ്രകാരം രജിസ്ട്രേഷന്‍ നേടിയ ഒരു സ്ഥാപനത്തിനു മാത്രമേ മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ അര്‍ഹതയുള്ളൂ. ഇതിനുവേണ്ടി നിശ്ചിത അപേക്ഷ ഫോറത്തില്‍ (Form No. I). പുനരധിവാസ കേന്ദ്രം നടത്തുന്ന വ്യക്തി രജിസ്ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അധികാരികള്‍ കേന്ദ്രത്തില്‍ പരിശോധന നടത്തി അവിടെയുള്ള സാഹചര്യം മനസ്സിലാക്കും. സൗകര്യങ്ങള്‍ തൃപ്തികരമെങ്കില്‍ നിശ്ചിത മാതൃകയില്‍ (Form No. II) രജിസ്ട്രേഷന്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇപ്പോഴും സൌകര്യങ്ങള്‍ അപര്യാപ്തമെങ്കില്‍ നിശ്ചിത മാതൃകയില്‍ (Form No. III) രജിസ്ട്രേഷനുള്ള അപേക്ഷ നിരസിച്ചു കൊണ്ടുള്ള അറിയിപ്പ് ലഭിക്കും.ഇതില്‍ പരാതിയുള്ള പക്ഷം മുപ്പതു ദിവസത്തിനകം സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണ്.

ഒരു പുനരധിവാസകേന്ദ്രത്തില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഒരു മാനസികാരോഗ്യ വിദഗ്ധന്‍ (Psychiatrist) എത്തുകയും എല്ലാ രോഗികളുടെയും മാനസികനില പരിശോധിച്ച് ചികിത്സ നിര്‍ദ്ദേശം നല്‍കുകയും വേണം. ആധുനിക വൈദ്യശാസ്ത്രത്തില്‍ അടിസ്ഥാന ബിരുദവും (MBBS) മനോരോഗ ചികിത്സയില്‍ ബിരുദാനന്തര ബിരുദം (MD) അല്ലെങ്കില്‍ ഡിപ്ലോമയും (DPM) ഉള്ള ആളായിരിക്കണം സൈക്യാട്രിസ്റ്റ്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച ഡിഗ്രികള്‍ ഉള്ള ആളായിരിക്കണം അദ്ദേഹം.

മാസത്തില്‍ ഒരിക്കലെങ്കിലും അന്തേവാസികളുടെ ശാരീരികനില പരിശോധന നടത്താന്‍ ഒരു ‘യോഗ്യതയുള്ള വൈദ്യശാസ്ത്ര പരിശീലകന്‍’ (Qualified Medical Practitioner) കേന്ദ്രം സന്ദര്‍ശിക്കണം. ഏതെങ്കിലും ഒരു വൈദ്യശാസ്ത്രത്തില്‍ (ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, ഹോമിയോപ്പതി) അതായത് മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ചു രജിസ്റ്റര്‍ ചെയ്ത അടിസ്ഥാന ബിരുദം ഉള്ളയാളായിരിക്കണം അദ്ദേഹം. ഇതോടൊപ്പം ഓരോ 50 അന്തേവാസികള്‍ക്കും ഒരു മുഴുവന്‍സമയ നഴ്സിന്‍റെ സേവനം ഉറപ്പു വരുത്തണം. ബി.എസ്.സി. നഴ്സിംഗ് യോഗ്യതയോ ഒക്സിലറി നഴ്സിംഗ് മിഡ്’വൈഫറി കഴിഞ്ഞ്‌ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉള്ള ആളെയോ നഴ്സായി നിയമിക്കാം. അന്തേവാസികള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ സൂക്ഷിക്കാനും സമയാസമയം അവ എടുത്തു നല്‍കാനുമുള്ള ബാധ്യത ഈ നഴ്സിനായിരിക്കും. ഓരോ 50 അന്തേവാസികള്‍ക്കും ഒരു മുഴുവന്‍സമയ ‘മാനസിക സാമൂഹിക പ്രവര്‍ത്തകന്‍റെയോ (PSW- Psychiatric Social Worker) മനശാസ്ത്രജ്ഞന്‍റെയോ (Psychologist) സേവനം ഉണ്ടാകണം. മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്കോ (MSW) മനശാസ്ത്രത്തില്‍ MA/MSc ബിരുദമോ ഉള്ളവരെ നിയമിക്കാം. ഓരോ രോഗിക്കും പ്രത്യേകം ‘പുനരധിവാസ പദ്ധതി’ (rehabilitation plan) എഴുതി തയ്യാറാക്കുകയും, അത് നടപ്പിലാക്കാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്യേണ്ട ജോലി ഇവര്‍ക്കാണ്.

ഓരോ 20 അന്തേവാസികള്‍ക്കും ഒരു അറ്റണ്ടര്‍/നഴ്സിംഗ് അസിസ്റ്റന്റ്/ഹെല്‍പ്പര്‍ ഉണ്ടാകണം. അന്തേവാസികള്‍ക്കു തൊഴില്‍പരിശീലനം നല്‍കാനുള്ള പരിശീലകന്‍റെ (Vocational Instructor) സേവനവും പാര്‍ട്ട് ടൈം ആയെങ്കിലും ലഭ്യമാക്കണം. മേല്‍പ്പറഞ്ഞ എല്ലാ ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി ഒരു പ്രൊജക്റ്റ്‌ മാനേജര്‍/സൂപ്രണ്ട് ഓരോ സ്ഥാപനത്തിലും ഉണ്ടാകണം.

ഭൌതിക സൗകര്യങ്ങള്‍

സ്ത്രീകള്‍ക്കും പുരുഷന്മാര്‍കും പ്രത്യേകം താമസ സൗകര്യം ഉണ്ടാകണം. ഒരു ഡോര്‍മിറ്ററിയില്‍ പരമാവധി 25 പേരെ മാത്രമേ താമസിപ്പിക്കാവൂ. ഓരോ എട്ടു പുരുഷന്മാര്‍ക്ക് ഒരു കുളിമുറിയും (toilet) ഉണ്ടാകണം. ഓരോ അന്തേവാസിക്കും ചുരുങ്ങിയത് അറുപതു ചതുരശ്രയടി സ്ഥലം താമസിക്കാന്‍ ലഭിക്കണം (living space). ഓരോരുത്തര്‍ക്കും കട്ടില്‍, മെത്ത, തലയിണ, കിടക്കവിരികള്‍ എന്നിവയും സോപ്പ്, വെള്ളം തുടങ്ങിയ സൌകര്യങ്ങളും നല്‍കണം. കായിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തുറസായ സ്ഥലമായിരിക്കണം നല്‍കേണ്ടത്; കായിക വിനോദങ്ങള്‍, യോഗ, തൊഴില്‍ പരിശിലനം തുടങ്ങിയവക്കുള്ള സ്ഥലമായി ഇതുപയോഗിക്കാം. ഒരു പോഷകാഹാര വിദഗ്ധന്‍ (dietician) നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രകാരം ആയിരിക്കണം ഭക്ഷണക്രമം.

അനാഥരായ മാനസിക രോഗികളെ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്ന പക്ഷം അദ്ദേഹം ഒരു അനാഥന്‍ ആണെന്ന സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിലെ മാനസിക സാമൂഹിക പ്രവര്‍ത്തകന്‍, മനശ്ശാസ്ത്രജ്ഞന്‍, പോലിസ് ഉദ്യോഗസ്ഥര്‍, നിയമപരമായ അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാര്‍ക്കും നല്‍കാം. 48 മണിക്കൂറിനകം യോഗ്യതയുള്ള വൈദ്യശാസ്ത്ര പരിശീലകനും പത്തു ദിവസത്തിനകം മാനസികാരോഗ്യ വിദഗ്ദ്ധനും രോഗിയെ പരിശോധന നടത്തണം. രോഗിയുടെ ലക്ഷണങ്ങള്‍ നിയന്ത്രണവിധേയം ആണെങ്കിലും തുടര്‍ചികിത്സക്കായി മരുന്നുകളും പുനരധിവാസ പരിശീലനവും ആവശ്യം ഉണ്ടെങ്കില്‍ മാത്രമേ ആ വ്യക്തിയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാവൂ. തീവ്രമായ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഒരിക്കലും പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാന്‍ പാടില്ല. അവരെ അടുത്തുള്ള മാനസികരോഗ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റണം.

ഓരോ പുനരധിവാസ കേന്ദ്രത്തിലും അന്തേവാസികള്‍ക്കു പരാതി എഴുതി നിക്ഷേപിക്കുന്നതിനായി പരാതിപ്പെട്ടി ഉണ്ടാക്കണം. ഇതിന്‍റെ താക്കോല്‍ ജില്ലാ കലക്ടര്‍ കാണുകയും വേണം. സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏവര്‍ക്കും കാണാവുന്ന പ്രമുഖമായൊരു സ്ഥലത്ത് പ്രദര്‍ശിപ്പിക്കേണ്ടതാണ്. സാമൂഹികനീതിവകുപ്പ് ഡയറക്ടര്‍, ജില്ലാ ഓഫീസര്‍, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ലോക്കല്‍ പോലീസ് എസ്.ഐ, ജില്ലാ നിയമസഹായസമിതി,വികലാംഗ ക്ഷേമ കമ്മിഷണര്‍ എന്നിവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒരു ബോര്‍ഡില്‍ പ്രമുഖമായൊരു സ്ഥലത്ത് എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

മാനസികാരോഗ്യവും സന്തുഷ്ടജീവിതവും
ചികിത്സ തേടും മുന്‍പ്