അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്‍പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക് ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു സ്വപ്നചിത്രമാണിത്. എന്നാല്‍ യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ ദൂരെയാണെന്ന് അനുഭവസ്ഥര്‍ സമ്മതിച്ചുതരും. അടിയും ഇടിയും കരച്ചിലും ബഹളവുമായാണ് പലപ്പോഴും നമ്മുടെ കുട്ടികള്‍ ആഹാരം കഴിക്കാറ്. കുഞ്ഞിനെന്തു നല്‍കണം, എപ്പോൾ, എത്ര അളവിൽ നല്‍കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ മിക്ക രക്ഷിതാക്കളും ആകുലരുമാണ്. ഈ അവസ്ഥകള്‍ക്കുള്ള പരിഹാരമാർഗ്ഗങ്ങള്‍ തിരിച്ചറിയാൻ ശ്രമിക്കുകയാണിവിടെ.
വായനാമുറി
മക്കളെ ഏറ്റവും നല്ല രീതിയില്‍ വളര്‍ത്തണമെന്നു തന്നെയാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. പോഷകാഹാരങ്ങളും പ്രതിരോധ കുത്തിവെപ്പുകളുമൊക്കെ നല്‍കി ആരോഗ്യമുള്ളവര്‍ ആക്കണമെന്ന വിചാരം ഏതാണ്ടെല്ലാവര്‍ക്കുമുണ്ട്. പത്തു കാശു സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തിലും തര്‍ക്കമില്ല. അവര്‍ക്ക് നല്ല കല്യാണവും കുടുംബവുമൊക്കെ ഉണ്ടാകണമെന്നും ആഗ്രഹിക്കും. അറിഞ്ഞോ അറിയാതെയോ വളര്‍ത്തലിന്‍റെ രീതികള്‍ ഈ പരിമിതവൃത്തത്തില്‍ ഒതുങ്ങിപ്പോവാറുണ്ട് പലപ്പോഴും. അച്ഛനമ്മമാരും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രകൃതമെന്തായിരിക്കണം? എല്ലാവിധ സംരക്ഷണത്തിന്‍റെയും ഉത്തരവാദിത്തമുള്ളതു കൊണ്ട് അധികാരിയോ ഉടമയോ ആയി മാറാന്‍ അവര്‍ക്കു കഴിയുമോ? തീര്‍ച്ചയായും അതു പാടില്ല. വേണ്ടത് സ്നേഹനിര്‍ഭരമായ ചങ്ങാത്തമാണ്. ഇതു സാധിക്കണമെങ്കില്‍ മക്കളുടെ വളര്‍ച്ചയ്ക്കൊപ്പം ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയുമൊക്കെ ചൂടും തണുപ്പും അറിഞ്ഞനുഭവിച്ച് ഓരോ മാതാപിതാക്കളും അവര്‍ക്കൊപ്പം കടന്നുപോകേണ്ടതുണ്ട്. എങ്കിലേ പ്രായത്തിനനുസരിച്ചുള്ള ആശയസംവേദനം നടക്കുകയുള്ളൂ, മനസ്സിലാക്കല്‍ പൂര്‍ണമാവുകയുള്ളൂ. മക്കളുടെ മനസ്സിലെ സന്തോഷവും സന്താപവും ആശയക്കുഴപ്പങ്ങളുമൊക്കെ അപ്പൊഴേ പെട്ടെന്ന് വായിച്ചെടുക്കാനാവുകയുള്ളൂ. ഉരിയാടാതെ തന്നെ ഉള്ളറിയാന്‍ പോന്ന അടുപ്പവും ഏതു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ നേര്‍വഴി കാട്ടുമെന്ന വിശ്വാസവുമാണ് മക്കള്‍ക്കു നല്‍കേണ്ടത്. അതിനെക്കാള്‍ വലിയ ശക്തി വേറെ നല്‍കാനില്ല അവര്‍ക്ക്.
മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ ശക്തമായ ദുസ്സ്വാധീനം ചെലുത്താനാവുമെന്ന് ആദ്യമായി വ്യക്തമാവുന്നത് ഏകദേശം ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഗഥേയുടെ “ദി സോറോസ് ഓഫ് യങ്ങ് വെര്‍തര്‍” എന്ന നോവല്‍ വായിച്ച നൂറുകണക്കിനാളുകള്‍ ആത്മഹത്യ ചെയ്തതോടെ അതുകാരണം പല യൂറോപ്യന്‍ രാജ്യങ്ങളും ആ നോവല്‍ നിരോധിക്കേണ്ടി വരികയുമുണ്ടായി. അങ്ങിനെയാണ് മാധ്യമങ്ങളുടെ സ്വാധീനം മൂലമുള്ള ആത്മഹത്യകളെ ശാസ്ത്രജ്ഞര്‍ “വെര്‍തര്‍ എഫക്റ്റ്” എന്നു വിളിച്ചുതുടങ്ങിയത്. അധികം പഴക്കമില്ലാത്ത ചരിത്രത്തിലെ മറ്റൊരു ഉദാഹരണം ഹോളിവുഡ് സുന്ദരി മെര്‍ലിന്‍ മണ്‍റോവിന്റെ ആത്മഹത്യ ടെലിവിഷനില്‍ക്കണ്ട അനേകം പേര്‍ ആത്മഹത്യ ചെയ്തതാണ്. പത്തൊമ്പതുകാരനായ നായകന്‍ തീവണ്ടിക്കുമുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുള്ള ഒരു സീരിയല്‍ ആദ്യമായി കാണിച്ചപ്പോഴും പുനസംപ്രേഷണം ചെയ്തപ്പോഴും ജര്‍മനിയില്‍ വളരെയധികം ചെറുപ്പക്കാര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.