വായനാമുറി
കുട്ടികളിലെ സ്വഭാവദൂഷ്യരോഗം (Conduct Disorder)
സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ അവനെക്കുറിച്ച് യാതൊരു പരാതികളുമുണ്ടായിരുന്നില്ല. മോശപ്പെട്ട കൂട്ടുകാരുമൊത്ത് ക്ളാസ്സ് കട്ട് ചെയ്ത് കവളികളിലും സിനിമാ തിയേറ്ററിലും മറ്റും കറങ്ങി നടക്കുന്നതിനാല്‍ കുട്ടിയുടെ പഠനനിലവാരം കുറഞ്ഞു വന്നിരുന്നു. ചില രാത്രികളില്‍ അവന്‍ വീട്ടിലേക്ക് വരാതെ സുഹൃത്തുക്കളുമൊത്ത് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുകയും ചെയ്തു. തന്‍റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്ന് രാജേഷ് പറയുക മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നുണ പറയുന്നതും പതിവായിരുന്നു. താന്‍ ശരിയായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അവന്‍ പറയുന്നു. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുവാനാണ് സ്ക്കൂള്‍ ഒഴിവാക്കുന്നതെന്നും വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് ബൈക്ക് ഓടിക്കാറുണ്ടെന്നും, ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും ഇടക്കിടെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അശ്ലീല സിനിമകള്‍ കാണാറുണ്ടെന്നും അവന്‍ ഡോക്ടറോട് പറഞ്ഞു. തന്‍റെ ഗ്രേഡിനെക്കുറിച്ചൊന്നും അവന് ഉത്കണ്ഠ ഉണ്ടായിരുന്നില്ല. തന്‍റെ യൌവനം ആസ്വദിക്കുവാന്‍ വല്ലപ്പോഴുമൊക്കെ അനുവദിക്കണമെന്നായിരുന്നു മാതാപിതാക്കളോടുളള അവന്‍റെ ആവശ്യം. വല്ലപ്പോഴുമൊക്കെ ചില പാര്‍ട്ടികളില്‍ നിന്നുളളതൊഴിച്ചാല്‍ മദ്യവും, ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ലെന്ന് അവന്‍ ആണയിട്ട് പറഞ്ഞു. അവന്‍റെ ചീത്ത പ്രവൃത്തികളെക്കുറിച്ച് ഉപദേശിച്ചാല്‍ വീട്ടുകാരുമായി വഴക്കിടുകയും ചില സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാരെ ഉപദ്രവിക്കുകയും പതിവായിരുന്നു.
തന്‍റെ പ്രായത്തിലുളള ഒരു സംഘത്തിനുളളില്‍ ഒരു വ്യക്തിയുടെ സമൂഹം അംഗീകരിക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളെയും പെരുമാറ്റരീതികളെയുമാണ് സ്വഭാവം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 18 വയസ്സിനു താഴെയുളള കുട്ടികളില്‍ സമൂഹത്തിലെ നിയമസംഹിതകള്‍ക്ക് നിരക്കാത്തതായി തുടര്‍ച്ചയായി കണ്ടുവരുന്ന അസാധാരണമായ പെരുമാറ്റത്തെയാണ് സ്വഭാവദൂഷ്യരോഗം (Conduct Disorder) എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവ ഇളംപ്രായക്കാരുടെ കുസൃതിയോ കേവലം വാശിയോ അല്ല.
കാരണം മനസ്സിലാക്കാന്‍ വളരെയേറെ പ്രയാസമുള്ള ഒരു മാനസികരോഗമാണ് സ്വഭാവദൂഷ്യരോഗം. കളവ് പറയല്‍, മോഷണം, ഒളിച്ചോടല്‍, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും നേരെ അക്രമം കാട്ടുക, മറ്റു കുട്ടികളെ ഭീഷണിയിലൂടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിക്കുക, രാത്രിയില്‍ വീടുവിട്ടിറങ്ങുക, സ്കൂളില്‍ പോകുന്നതിനുള്ള കടുത്ത മടി, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം എന്നിവയാണ് സ്വഭാവ ദൂഷ്യരോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍ . ഇത്തരം സ്വഭാവമുള്ളവര്‍ രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സഹപാഠികള്‍ എന്നിവരുമായി നിരന്തരം കലഹിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്യും. സാമൂഹിക നിയമങ്ങള്‍ക്കും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും പുല്ലുവില കല്‍പ്പിക്കുന്നവരാണ് സ്വഭാവദൂഷ്യക്കാര്‍ .
സ്വഭാവദൂഷ്യരോഗം 10 വയസ്സിനു താഴെയുള്ളവരിലും 10 വയസ്സിനു മുകളിലുള്ള കൌമാരക്കാരിലും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്. ആദ്യവിഭാഗത്തെ ബാധിക്കുന്ന രോഗാവസ്ഥയെ “ചൈല്‍ഡ്ഹുഡ് - ഓണ്‍സെറ്റ് ടൈപ്പ്” (Childhood onset type) എന്നും രണ്ടാമത്തെ വിഭാഗത്തെ “അഡോളസന്‍റ് - ഓണ്‍സെറ്റ് ടൈപ്പ്”(Adolescent onset type) എന്നും പറയുന്നു.സ്വഭാവദൂഷ്യരോഗം 10 വയസ്സിനു താഴെയുള്ളവരിലും 10 വയസ്സിനു മുകളിലുള്ള കൌമാരക്കാരിലും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്.
ചൈല്‍ഡ്ഹുഡ് - ഓണ്‍സെറ്റ് വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ വളരെ കൂടിയ അക്രമസ്വഭാവം കാട്ടുന്നവരാണ്. അത്തരക്കാരില്‍ അമിതവികൃതി - ശ്രദ്ധക്കുറവ് എന്ന രോഗവും (Attention Deficit Hyperactivity Disorder) ഈ രോഗത്തോട് കൂടെ കണ്ടുവരാറുണ്ട്. ഒന്നിലും ശ്രദ്ധയില്ലായ്മ, കൂടിയ വികൃതി, അച്ചടക്കമില്ലായ്മ, മറ്റുള്ളവര്‍ക്ക് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള പ്രതികരണം എന്നിവയാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ . ഇവര്‍ക്ക് കുടുംബാംഗങ്ങളുമായും സഹപാഠികളുമായും നല്ല ബന്ധം പുലര്‍ത്താനാകില്ല. ചിലപ്പോള്‍ കൌമാരത്തിനു ശേഷവും തുടരുന്ന ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളെ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടാനും പ്രേരിപ്പിക്കുന്നു.
കൌമാരപ്രായത്തില്‍ ആരംഭിക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍ പൊതുവെ അക്രമസ്വഭാവം കുറഞ്ഞവരും സുഹൃത്ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ തല്‍പരരുമായിരിക്കും. അത്തരക്കാരുടെ സ്വഭാവദൂഷ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ് മിക്കപ്പോഴും അവരുടെ സുഹൃത്കൂട്ടായ്മകള്‍ . ADHD ഇത്തരക്കാരില്‍ കൂടുതലായി കാണാറില്ല. രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.
രോഗത്തിന്‍റെ ആധിക്യം
18 വയസ്സിനു താഴെയുള്ള 6-16 ശതമാനം ആണ്‍കുട്ടികള്‍ക്കും 2-9 ശതമാനം പെണ്‍കുട്ടികള്‍ക്കും ഈ പ്രശ്നമുണ്ട്. സ്വഭാവദൂഷ്യരോഗം പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് കൂടുതലായി കാണുന്നത്. ഈ രോഗാവസ്ഥയുടെ ആണ്‍ - പെണ്‍ അനുപാതം 4-12: 1 ആണ്.
കാരണങ്ങള്‍
കുട്ടിയുടെ സാമൂഹ്യവിരുദ്ധസ്വഭാവത്തിന്നു പിന്നില്‍ വെറും ഒരു കാരണം മാത്രമാകില്ല, മറിച്ച് ഒരു കൂട്ടം ജൈവ-മാനസിക-സാമൂഹിക പ്രശ്നങ്ങളാകാം.
സ്വഭാവദൂഷ്യരോഗത്തിന്‍റെ കാരണങ്ങളെ പൊതുവെ നാലായി വിഭജിക്കാം.
- രക്ഷിതാക്കള്‍:- :- ചില രക്ഷിതാക്കളുടെ മനോഭാവവും കുട്ടികളെ വളര്‍ത്തുന്നതിലുള്ള പോരായ്മയും സ്വഭാവദൂഷ്യങ്ങള്‍ക്ക് കാരണമാകുന്നു. വീട്ടിലെ മോശമായ അന്തരീക്ഷം, തകര്‍ന്ന കുടുംബബന്ധങ്ങള്‍, മാനസികപ്രശ്നങ്ങളുള്ള രക്ഷിതാക്കള്‍, കുട്ടികളെ അകാരണമായി ശകാരിക്കലും അവഗണിക്കലും, സമൂഹവിരുദ്ധ സ്വഭാവമുള്ളവരോ, മദ്യം, മയക്കുമരുന്ന് എന്നിവ ശീലമാക്കിയവരോ ആയ രക്ഷിതാക്കള്‍ എന്നിവയെല്ലാം കുട്ടികളിലെ സ്വഭാവദൂഷ്യങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളാണ്.
- സമൂഹം/സംസ്ക്കാരം:- സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ അവരുടെ മനസ്സിലുള്ള മോഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി ചീത്ത മാര്‍ഗങ്ങള്‍ തേടാറുണ്ട്.
- മന:ശാസ്ത്രം:- മോശമായ ഗൃഹാന്തരീക്ഷത്തില്‍ അവഗണിക്കപ്പെട്ട് വളരുന്ന കുട്ടികള്‍ പൊതുവെ ദേഷ്യപ്രകൃതക്കാരും ക്ഷമയില്ലാത്തവരും നല്ല സുഹൃത്-സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്തവരുമായിരിക്കും. ദീര്‍ഘകാലത്തോളം ശാരീരിക-ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്ന കുട്ടികള്‍ മിക്കപ്പോഴും അക്രമസ്വഭാവം പ്രകടിപ്പിക്കുന്നു. കാരണം അവര്‍ ജീവിതത്തില്‍ മാതൃകയാക്കുന്നത് വീണ്ടുവിചാരമില്ലാതെ പല കാര്യങ്ങളും ചെയ്തുകൂട്ടുന്ന ചീത്ത സ്വഭാവമുള്ള വ്യക്തികളെയാണ്.
- ജൈവപരം:- രക്തത്തിലെ ബീറ്റാഡോപമിന്‍ ഹൈഡ്രോക്സിലേസ് എന്‍സൈമിന്‍റെ കുറവും തലച്ചോറിലെ സിറോടോണിന്‍റെ അപര്യാപ്തതയും സ്വഭാവദൂഷ്യക്കാരിലെ അക്രമസ്വഭാവത്തിനു കാരണമാകുന്നു. തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയെയാണ് ഇത് കാണിക്കുന്നത്.
സ്വഭാവദൂഷ്യരോഗത്തിന്‍റെ വിവിധഘട്ടങ്ങള്‍
ശൈശവകാലം
രണ്ടു വയസ്സുള്ള ഒരു കുട്ടി രക്ഷിതാക്കളുടെ സ്നേഹവും വാത്സല്യവും വേണ്ട വിധത്തില്‍ ലഭിക്കാതെ, അശ്രദ്ധയോടെ വളരാനിടയായാല്‍ ആ കുട്ടി പില്‍ക്കാലത്ത് ചില സ്വഭാവദൂഷ്യങ്ങള്‍ പ്രകടിപ്പിക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍, ദാമ്പത്യപ്രശ്നങ്ങള്‍ എന്നീ കാരണങ്ങളാലും രക്ഷിതാക്കള്‍ക്ക് കുട്ടികളെ അവരുടെ വികാര-വിചാരങ്ങളെ പരിഗണിച്ച് വളര്‍ത്തിയെടുക്കാന്‍ കഴിയാതെ വരുന്നു.
കുട്ടികളുടെ സ്വഭാവദൂഷ്യപ്രശ്നങ്ങള്‍ കാരണം അസ്വസ്ഥരാകുന്ന രക്ഷിതാക്കള്‍ കുട്ടികളെ അവരുടെ വഴിക്കു വിടുകയോ അവര്‍ക്കെതിരെ കൂടുതല്‍ കഠിനമായ ശിക്ഷാരീതികള്‍ സ്വീകരിക്കുകയോ ചെയ്യാറുണ്ട്. സ്വഭാവദൂഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു പ്രവൃത്തികളും ഒരുപോലെ ദോഷകരമാണ്. അതിലൂടെ സ്വഭാവം കൂടുതല്‍ മോശമാകുന്ന കുട്ടികള്‍ ചിലപ്പോള്‍ ശാരീരികാതിക്രമങ്ങള്‍ക്കും മുതിര്‍ന്നേക്കാം എന്നതാണ് കാരണം.
ഇത്തരം സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോള്‍ മിക്ക രക്ഷിതാക്കളും കുട്ടികളെ പൊതുസ്ഥലങ്ങളിലും ബന്ധുവീടുകളിലും കൊണ്ടുപോകുന്നതില്‍ നിന്നും പിന്തിരിയുന്നു. അങ്ങനെ രക്ഷിതാക്കള്‍ കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയം വളരെ പരിമിതമാകുന്നു. ഇക്കാരണത്താല്‍ സ്വഭാവദൂഷ്യക്കാര്‍ക്ക് തങ്ങളുടെ തെറ്റുകള്‍ മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കാനും സ്വയം നിയന്ത്രിച്ച് പരിഹരിക്കാനുമുള്ള സാഹചര്യം നഷ്ടപ്പെടുന്നു.
പ്രാഥമിക വിദ്യാഭ്യാസകാലം
സ്വഭാവദൂഷ്യമുള്ളവര്‍ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കൂട്ടുകാരുമായും അധ്യാപകരുമായും മറ്റും നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. അവര്‍ക്ക് മറ്റു കുട്ടികളുമായി ഇടപഴകുന്നതിനുള്ള സാമൂഹികമായ കഴിവ് ഉണ്ടാകില്ല. സാമൂഹികമായ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ സഹപാഠികളെ മിക്കപ്പോഴും ശത്രുക്കളായി തെറ്റിദ്ധരിക്കുന്നു. ഇക്കൂട്ടര്‍ കൌമാരത്തിന്‍റെ ആദ്യഘട്ടത്തിലെത്തുമ്പോള്‍ നിസ്സാരമായ തര്‍ക്കങ്ങളില്‍ പോലും സഹപാഠികളുടെ നേരെ ശാരീരികാതിക്രമങ്ങള്‍ക്കു മുതിരുകയും അവരുടെ കുഴപ്പം കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും പറഞ്ഞ് സഹപാഠികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
അപ്പര്‍പ്രൈമറി & ഹൈസ്കൂള്‍ കാലം
സ്വഭാവദൂഷ്യമുള്ളവര്‍ അപ്പര്‍പ്രൈമറി-ഹൈസ്കൂള്‍ ക്ളാസുകളിലെത്തുന്നതോടെ പ്രശ്നങ്ങളും കൂടുന്നു. അവരില്‍ മൂന്നു തരത്തിലുള്ള പെരുമാറ്റരീതികളാണ് സാധാരണയായി കണ്ടുവരുന്നത് :-
- അധ്യാപകരും മറ്റും പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനുള്ള വിമുഖത
- അനിയന്ത്രിതമായ വികാരപ്രകടനം
- തങ്ങളുടെ മോശം പ്രവൃത്തികള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തല്‍
സ്വഭാവദൂഷ്യക്കാര്‍ ഹൈസ്കൂളിലേക്ക് വരുന്നതോടെ അവരും അധ്യാപകരും തമ്മില്‍ പ്രശ്നങ്ങളും പതിവാകുന്നു. അത്തരക്കാര്‍ വീട്ടിലും സ്കൂളിലും വച്ച് മറ്റുള്ളവരുമായി വേണ്ട വിധത്തില്‍ ഇടപഴകുകയുമില്ല. സ്വഭാവദൂഷ്യമുള്ളവരുടെ പഠനനിലവാരവും പൊതുവെ മോശമായിരിക്കും. കുട്ടികളുടെ മോശം പെരുമാറ്റം കാരണം രക്ഷിതാക്കള്‍ അവരോട് കൂടുതല്‍ ഇടപഴകാത്തതും പഠനവിഷയങ്ങളില്‍ ശ്രദ്ധിക്കാത്തതുമാണ് പഠനനിലവാരത്തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. ഇതിനുപുറമെ ചില കുട്ടികളില്‍ കാണപ്പെടുന്ന ADHD എന്ന രോഗവും, പഠനവൈകല്യരോഗങ്ങളും പഠനത്തിനു തടസ്സമാകുന്നു.കുട്ടികളുടെ മോശം പെരുമാറ്റം കാരണം രക്ഷിതാക്കള്‍ അവരോട് കൂടുതല്‍ ഇടപഴകാത്തതും പഠനവിഷയങ്ങളില്‍ ശ്രദ്ധിക്കാത്തതുമാണ് പഠനനിലവാരത്തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണം.
മോശം പെരുമാറ്റവും മറ്റു കുട്ടികളെ ഉപദ്രവിക്കുന്ന സ്വഭാവവും സ്വഭാവദൂഷ്യക്കാരെ മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും അകറ്റുന്നു. സഹപാഠികള്‍ തമ്മിലുള്ള നല്ല ബന്ധം തുടങ്ങേണ്ട അവസരത്തിലാണിതെന്നോര്‍ക്കണം. സ്വഭാവദൂഷ്യക്കാരുടെ പ്രവൃത്തികള്‍ അതിരു കടന്നാല്‍ അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും അവരെ പാടെ അവഗണിക്കുന്നു. അതോടെ രക്ഷിതാക്കള്‍ ഇക്കൂട്ടരെ കൂടുതല്‍ വെറുക്കുകയും അവരുടെ കൂട്ടുകാരെയും പ്രവൃത്തികളെയും യാതൊരു താല്പര്യവുമില്ലാതെ അവഗണിക്കുകയും ചെയ്യുന്നു. ഈ സമീപനം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സഹായിക്കൂ.
സ്വഭാവദൂഷ്യപ്രശ്നങ്ങളാല്‍ സ്കൂളില്‍ മോശം പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികള്‍ എല്ലാവരാലും അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ പഠനത്തിലുള്ള താല്‍പര്യം തീരെ നശിച്ച്, തങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന വിചാരത്തില്‍ മുഴുകി വിഷാദരോഗികളായി മാറിയേക്കാം. ഇക്കൂട്ടരെ വേണ്ട വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ അവര്‍ കുടുംബം, സ്കൂള്‍, സമൂഹം എന്നീ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട് തികഞ്ഞ ഏകാകികളായി മാറുന്നു. ഇങ്ങനെ ഒറ്റപ്പെടുന്നവരാണ് പിന്നീട് ക്രിമിനല്‍ സ്വഭാവവും, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗശീലവുമുള്ള ക്രിമിനല്‍ സംഘങ്ങളായി മാറുന്നത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്കുള്ള ജയിലുകളിലും മറ്റും അവര്‍ക്ക് കഴിയേണ്ടി വന്നേക്കാം. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ട് ദുര്‍ഗുണപരിഹാരപാഠശാലകളില്‍ കഴിയുന്നവര്‍ അവിടെ വെച്ച് അവരേക്കാള്‍ മോശമായ മറ്റു കുട്ടികളുമായി ബന്ധം സ്ഥാപിച്ച് സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യത എന്നതാണ് ദൌര്‍ഭാഗ്യകരമായ വസ്തുത.
ചികിത്സ
സ്വഭാവദൂഷ്യരോഗം ചികിത്സിച്ചു മാറ്റാന്‍ വളരെയേറെ പ്രയാസമാണ്. രോഗാവസ്ഥ ആദ്യമേ മനസ്സിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ്സ് എന്നീ ഘടകങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്തുള്ള ഒരു സമഗ്ര ചികിത്സാരീതിയാണാവശ്യം. ഇക്കാരണത്താല്‍ അത്തരം ചികിത്സകള്‍ ഒരു വിദഗ്ദ്ധ സംഘത്തിന്‍റെ നിയന്ത്രണത്തിലായിരിക്കണം നടക്കേണ്ടത്. മരുന്നു ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മന:ശാസ്ത്രപരമായ നിര്‍ദ്ദേശങ്ങള്‍, സ്കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍, പഠനകാര്യങ്ങളിലുള്ള സഹായം, വ്യക്തിഗത ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു വലിയ പദ്ധതിയാണ് അത്തരം ചികിത്സകള്‍.
ആദ്യമായി ADHD രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് ഒരു മന:ശാസ്ത്രവിദഗ്ദ്ധന്‍റെ പരിശോധനയിലൂടെ തിരിച്ചറിയേണ്ടതാണ്. സ്റ്റിമുലന്‍റ് മെഡിസിന്‍ (മീതൈല്‍ ഫിനഡേറ്റ്) ADHD-യുടെ ലക്ഷണങ്ങളായ ശ്രദ്ധക്കുറവ്, അമിതവികൃതി, അച്ചടക്കമില്ലായ്മ, മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രതികരണം എന്നിവ നിയന്ത്രിക്കുന്നതില്‍ ഫലവത്താണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വഭാവദൂഷ്യരോഗത്തിന് മാത്രമായി ഫലപ്രദമായ മരുന്നുകള്‍ ഒന്നും തന്നെ ഇല്ല. ലിതിയം, കാര്‍ബമാസിപൈന്‍, ക്ളോണിഡിന്‍ എന്നീ മരുന്നുകള്‍ സ്വഭാവദൂഷ്യക്കാരുടെ അക്രമവാസന, എടുത്തുചാട്ടം എന്നിവ ലഘൂകരിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്.
മന:ശാസ്ത്ര ചികിത്സ
മന:ശാസ്ത്രചികിത്സകളില്‍ പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ് (Parent Management Training) എന്ന രീതിക്ക് കുട്ടികളിലെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കുന്നതില്‍ വളരെ വലിയ പങ്കുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ രക്ഷിതാക്കളെ പരിശീലിപ്പിക്കുന്ന രീതിയാണിത്. കുട്ടികളും രക്ഷിതാക്കളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കാത്തതാണ് സ്വഭാവദൂഷ്യപ്രശ്നങ്ങള്‍ക്കുള്ള കാരണമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ രീതി. പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ് ശുഭകരമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ലഘുവായ ശിക്ഷകളിലൂടെ കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ മാറ്റിയെടുക്കാനും രക്ഷിതാക്കളെ സഹായിക്കുന്നു.
ഇതോടനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാര ചികിത്സകളും, ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ചുള്ള സൈക്കോതെറാപ്പികളും കുടുംബം, സ്കൂള്‍, സമൂഹം, എന്നീ മേഖലകളില്‍ ശുഭകരമായ മാറ്റങ്ങള്‍ വരുത്താന്‍ പര്യാപ്തമാണ്.
വേണ്ടരീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍?
സ്വഭാവദൂഷ്യമുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അവര്‍ പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവയുടെ കൂടുതലായ ഉപയോഗം, ലൈംഗികാതിക്രമങ്ങള്‍, ആത്മഹത്യാശ്രമങ്ങള്‍, സാമൂഹ്യവിരുദ്ധസ്വഭാവം എന്നിവ പ്രകടമാക്കുന്നു.
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.