വായനാമുറി
മാനസികരോഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള കൈപ്പുസ്തകം
നമ്മുടെ മനസ്സിന്‍റെ അടിസ്ഥാനം മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനമാണ്. ശിരസ്സിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏകദേശം1250 ഗ്രാം തൂക്കം വരുന്ന അവയവമാണ് മസ്തിഷ്കം അഥവാ തലച്ചോറ്. ധാരാളം കോശങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇത് ഉണ്ടായിരിക്കുന്നത്. ഈ കോശങ്ങള്‍ പരസ്പരം വിദ്യുത്, രാസ പ്രവര്‍ത്തനങ്ങളിലൂടെ സംവദിക്കുന്നു.
മസ്തിഷ്കത്തിന്‍റെ കീഴ്ഭാഗം (Hlndbrain)
ശ്വസനം, രക്തചംക്രമണം, ഹൃദയമിടിപ്പ്, താപനിലയുടെ നിയന്ത്രണം, ബാഹ്യലോകത്തെക്കുറിച്ചുള്ള അറിവ് (ബോധം) എന്നീ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
മധ്യഭാഗം (Midbrain and diencephalon)
വിശപ്പ്, ദാഹം,ലൈഗികചോദന, വികാരങ്ങള്‍ (ആഹ്ലാദം, കോപം,വിഷാദം എന്നിങ്ങനെ) ഇവയെ നിയന്ത്രിക്കുന്നു.
മേല്‍ഭാഗം (Forebrain)
കേള്‍വി, സംസാരം, കാഴ്ച, ഓര്‍മ്മ, ചലനങ്ങള്‍, ചിന്ത, തീരുമാനം എടുക്കല്‍, സാമൂഹ്യമായ പെരുമാറ്റങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നു.
നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന മറ്റു ഘടകങ്ങള്‍
മാനസിക സംഘര്‍ഷം
- നിത്യജീവിതത്തിലെ സംഭവങ്ങള്‍, ദാരിദ്ര്യം, മരണം, പ്രകൃതിദുരന്തങ്ങള്‍ മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങള്‍ എന്നിവയെല്ലാം മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു.
- മുന്‍പ് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ - നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു. അതുപോലെ സമപ്രായക്കാര്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരുടെ പ്രവൃത്തികളും നാം അറിയാതെ തന്നെ തന്നെ നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു.
ആന്തരിക ശാരീരിക മാറ്റങ്ങള്‍
- പ്രായം
- പ്രായപൂര്‍ത്തി വരുന്നതോടനുബന്ധിച്ചുള്ള ശാരീരിക മാറ്റങ്ങള്‍
- പ്രായാധിക്യം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍
- ശരീരത്തില്‍ പൊതുവായും മസ്തിഷ്കത്തില്‍ മാത്രമായും ഉണ്ടാകുന്ന ചില ഹോര്‍മോണ്‍, രാസവസ്തുക്കള്‍ ഇവയുടെ അളവിലുള്ള വ്യത്യാസം
- രോഗങ്ങള്‍
- ലഹരിപദാര്‍ത്ഥങ്ങള്‍ മൂലമുള്ള തകരാറുകള്‍
സമൂഹം, സംസ്കാരം
നാം ജീവിക്കുന്ന സാമൂഹ്യ പരിതസ്ഥിതി, കുടുംബം എന്നിവയെല്ലാം നമ്മുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു.
മനോരോഗങ്ങള്‍
മനോരോഗങ്ങളെ എങ്ങനെ തിരിച്ചറിയാം?
- പെരുമാറ്റം, ചിന്ത, ഓര്‍മ്മ, ബാഹ്യലോകത്തോടുള്ള പ്രതികരണം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിലുണ്ടാകുന്ന മാറ്റം
- ഈ മാറ്റങ്ങള്‍ പ്രസ്തുത വ്യക്തിക്കോ ചുറ്റുപാടുമുള്ളവര്‍ക്കോ കഷ്ടതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
- ഇവ രണ്ടും മൂലം ദൈനംദിന കൃത്യങ്ങള്‍, പരസ്പരബന്ധങ്ങള്‍, ജോലി ചെയ്യാനുള്ള കഴിവ് എന്നിവ തകരാറിലാകുന്നു.
ഉദാ: പരീക്ഷാ കാലത്ത് എല്ലാ വിദ്യാര്‍ത്ഥികളിലും ഉത്ക്കണ്ഠ ഉണ്ടാകാറുണ്ട്. പക്ഷേ ചിലര്‍ക്ക് അമിതമായും എല്ലാ നേരത്തും ഉത്ക്കണ്ഠ അനുഭവപ്പെടുന്നു. ഇത് മൂലം പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ, പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ കഴിയാതെ, ഉറക്കമില്ലാതെ അസ്വസ്ഥനാകുന്നു. ഈ വ്യക്തിയുടെ അസ്വസ്ഥത ചുറ്റുപാടുമുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുന്നു. ദൈനംദിന ജീവിതം താളം തെറ്റുന്നു. പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്നു. ഈ വ്യക്തിക്ക് അമിതമായ ഉത്ക്കണ്ഠ എന്ന വൈകാരിക പ്രശ്നമാണ്.
അടുത്ത ബന്ധുവിന്‍റെ മരണശേഷവും അമിതമായ ദുഖം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രീതിയില്‍ ചിലരില്‍ ഉണ്ടാകുന്നു. ഈ അമിത പ്രതികരണം കാരണം മറ്റ് പ്രശ്നങ്ങള്‍ കൂടെ ഉണ്ടാകുകയാണെങ്കില്‍ ഇതിനെ ഒരു വൈകാരിക പ്രശ്നമായി കരുതാം.
മനോരോഗലക്ഷണങ്ങള്‍
ശാരീരികം
- ഉറക്കത്തിലുള്ള മാറ്റം
- ആഹാരരീതിയിലുള്ള മാറ്റം
- ലൈംഗികചോദനയിലുള്ള മാറ്റം
മാനസികം / പെരുമാറ്റം
- സംസാരരീതി, ചിന്താരീതി ഇവയിലുള്ള മാറ്റം
- വൈകാരിക പ്രതികരണത്തിലുള്ള മാറ്റം- ഉത്ക്കണ്ഠ, ഭയം, വിഷാദം, അമിതമായ ആഹ്ലാദം.
- ഓര്‍മ്മശക്തിയിലുണ്ടാകുന്ന തകരാറ്.
- ബുദ്ധിശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയിലുണ്ടാകുന്ന വ്യതിയാനം
- ഹാലൂസിനേഷന്‍
- ബോധം നഷ്ടപ്പെടല്‍
സാമൂഹ്യം, വ്യക്തിപരം
- പല്ലുതേക്കുക, കുളിക്കുക, വൃത്തിയായി നടക്കുക എന്നിവയില്‍ ശ്രദ്ധ കുറയുന്നു
- മറ്റുള്ളവരോടുള്ള ഇടപെടലില്‍ മാറ്റം വരുന്നു
- ചില വ്യക്തികളില്‍ അമിതമായ ലോഹ്യവും ഇടപെടലും കാണപ്പെടാം. മറ്റു ചിലരില്‍ ഒറ്റപ്പെടാനുള്ള പ്രവണതയാവും കാണപ്പെടുക
- കുടുംബത്തെ ശ്രദ്ധിക്കാതെയാകുന്നു.
- ജോലി, പഠനം എന്നിവയില്‍ താല്പര്യം ഇല്ലാതെയാകുന്നു.
വിവിധ തരം മനോരോഗങ്ങള്‍
സൈക്കോസിസ്
ലക്ഷണങ്ങള്‍
- തികച്ചും അസാധാരണമായ പെരുമാറ്റങ്ങള്‍
- പരസ്പരബന്ധമില്ലാതെ സംസാരിക്കല്‍
- മറ്റുള്ളവരെക്കുറിച്ച് അകാരണമായ സംശയം, ഭയം
- ആരോ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലായ്പ്പോഴും പറയുക
- എല്ലാവരില്‍ നിന്നും ഉള്‍വലിയല്‍
- എപ്പോഴും ഒരേ മുറിയില്‍ തന്നെയിരുന്ന് സമയം കളയാനുള്ള പ്രവണത
- ആരെയും കാണാനും സംസാരിക്കാനും താത്പര്യം ഇല്ലാതെയാവുക
- അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട് അല്ലെങ്കില്‍ പ്രത്യേക കാഴ്ചകള്‍ കാണുന്നുണ്ട് എന്നിങ്ങനെ പറയുക (Hallucination)
- തന്നെ പിശാച് അല്ലെങ്കില്‍ ദൈവശാപം ബാധിച്ചിട്ടുണ്ട്, തനിക്കെതിരേ കൂടോത്രം, ദുര്‍മന്ത്രവാദം എന്നിവ ചെയ്തിട്ടുണ്ടെന്ന തോന്നല്‍
- അമിതമായ ചിരി, ആഹ്ലാദം, തമാശ പറയല്‍ എന്നിവ പൊടുന്നനെ പ്രത്യക്ഷപ്പെടുക. താന്‍ ധനികനാണ്, താന്‍ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നവനാണ്, തനിക്ക് പ്രത്യേക കഴിവുകള്‍ ഉണ്ട് എന്നെല്ലാം പറയുക
- അമിതമായ ശോകഭാവം, എപ്പോഴും കരയാനുള്ള പ്രവണത, മുന്‍പ് ഇഷ്ടമായിരുന്ന കാര്യങ്ങളിലെല്ലാം താത്പര്യം കുറയുക, നിരാശ
- ആത്മഹത്യയെ കുറിച്ച് പറയുകയും, ചിന്തിക്കുകയും, ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുക
സൈക്കോസിസ് കൊണ്ടു വരാവുന്ന പ്രശ്നങ്ങള്‍
- ആത്മഹത്യാശ്രമങ്ങള്‍
- അക്രമ പ്രവണത
- ചികിത്സ ലഭിക്കാതെ ഇരുന്നാല്‍ ഇവര്‍ ക്രമേണ സമൂഹത്തിന് ഉപയോഗമില്ലാത്തവരായി തീരാം.
- കുടുംബാംഗങ്ങള്‍ക്ക് ഇത്തരം പ്രവണതകളുള്ളവരെ എന്ത് ചെയ്യണമെന്ന് അറിയില്ലായിരിക്കും
- അമിതമായ ഭയം മൂലം ഇവര്‍ ഇത്തരക്കാരെ ഉപേക്ഷിച്ചേക്കാം. അല്ലെങ്കില്‍ കെട്ടിയിടുകയോ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുകയോ ചെയ്യാം. ഇതുകൊണ്ട് പരസ്പരം ശത്രുതയും അകല്‍ച്ചയും ഉണ്ടാകുന്നു. പിന്നീടുള്ള ചികിത്സയെ ഇത് ദോഷകരമായി ബാധിക്കാം.
എന്തുചെയ്യണം?
a) പൊതുവായ കാര്യങ്ങള്‍
- തന്‍റെ പെരുമാറ്റ വ്യതിയാനത്തെക്കുറിച്ച് രോഗിയോട് സഹാനുഭൂതിയോടെ ചോദിച്ച് മനസിലാക്കുക
- കുറ്റപ്പെടുത്തല്‍, ദേഷ്യം, അവഗണന എന്നിവ ഒഴിവാക്കി അയാളോട് സംസാരിച്ചാല്‍ മിക്കവാറും രോഗികള്‍ തങ്ങളുടെ വിചിത്രമായ അനുഭവങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാകും
- കുടുംബാംഗങ്ങളുടെ പേടിയും തെറ്റിദ്ധാരണയും മാറ്റാനായി കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കുക
- ക്രൂരമായ പെരുമാറ്റരീതിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക
- കടുത്ത ആക്രമണപ്രവണതയുള്ളവരെ മാത്രമേ കെട്ടിയിടാന്‍ അനുവദിക്കാവൂ
- ആക്രമണപ്രവണത കാണിക്കാതെ തന്നെ തന്‍റെ കാര്യങ്ങള്‍ ശരിയാക്കാന്‍ സാധിക്കുമെന്ന് രോഗിയോട് സൌമ്യമായി പറയുക.
- ആയുധമായി ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ ദൂരത്തേക്ക് മാറ്റുക
- രോഗിക്ക് ആഹാരം, വെള്ളം, വസ്ത്രം എന്നിവ നല്‍കുക
- ലഹരിപദാര്‍ത്ഥങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
b) പ്രത്യേക ചികിത്സ
നിങ്ങളുടെ പ്രദേശത്തെ ഡോക്ടറുമായോ മനോരോഗ വിദഗ്ധനുമായോ ബന്ധപ്പെട്ട് ഇത്തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക.
അപസ്മാരം അഥവാ ചുഴലി
ആവര്‍ത്തിച്ചു വരുന്ന ഒരുതരം രോഗമാണിത്. കൈകാലുകള്‍, മറ്റു പേശികള്‍ എന്നിവ പ്രത്യേക രീതിയില്‍ ചലിപ്പിക്കല്‍, ഭാഗികമായോ പൂര്‍ണ്ണമായോ ബോധം നഷ്ടപ്പെടുക, പെട്ടെന്നുള്ളതും വേഗം ശമിക്കുന്നതുമായ പെരുമാറ്റ വൈകല്യങ്ങള്‍ കാണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
എന്തു ചെയ്യണം?
- ചുറ്റുമുള്ള വസ്തുക്കള്‍ മാറ്റി രോഗിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക
- ചലനങ്ങള്‍ നിലച്ചശേഷം ഒരു വശം ചരിച്ച് കിടത്തുക
- ചലനം നിലച്ചശേഷം രോഗിയെ ഡോക്ടറുടെ അടുത്തേക്ക് അയക്കുക
- താക്കോല്‍, ഇരുമ്പ് വസ്തുക്കള്‍ എന്നിവ കൊടുക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമില്ല
- ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പനി വരുമ്പോള്‍ അപസ്മാരം വരുന്നത് സാധാരണയാണ്. ഇത്തരം കുട്ടികള്‍ക്ക് പനിയുടെ ആരംഭത്തില്‍ തന്നെ പാരസിറ്റമോള്‍ ഗുളിക കൊടുത്ത് താപ നില ഉയരാതെ നോക്കുക. നനഞ്ഞ തുണികൊണ്ട് പതുക്കെ ദേഹം തുടക്കുന്നതും നല്ലതാണ്. മുതിര്‍ന്ന കുട്ടികള്‍ക്ക് അപസ്മാരം ഉണ്ടാവുകയാണെങ്കില്‍ ചികിത്സ അനിവാര്യമാണ്.
ന്യൂറോസിസ്
ലക്ഷണങ്ങള്‍
- അമിതമായ ആകാംക്ഷ, ഉത്ക്കണ്ഠ, ആള്‍ക്കാരെ അഭിമുഖീകരിക്കാന്‍ ഭയം അമിതമായ നാണം
- ഓരോ കാര്യത്തെയും കുറിച്ച് അമിതമായി ചിന്തിക്കുക, വരും വരായ്കകളെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുക
- ചില പ്രവൃത്തികള്‍ (ഉദാ. കഴുകല്‍, വാതില്‍ പൂട്ടിയോ എന്ന് പരിശോധിക്കല്‍) അമിതമായി ആവര്‍ത്തിച്ച് ചെയ്യുക
- അമിതമായ ദു:ഖം, ശോകഭാവം, ആത്മവിശ്വാസമില്ലായ്മ
- വിവിധ ശാരീരിക രോഗലക്ഷണങ്ങളുമായി ആവര്‍ത്തിച്ച് വിവിധ ഡോക്ടര്‍മാരെ കാണുക. എന്‍റെ രോഗം ഒരു ഡോക്ടര്‍ക്കും മനസിലാക്കാന്‍ കഴിയില്ല എന്ന വിശ്വാസം
- ആവര്‍ത്തിച്ചുള്ള വീഴ്ച, ശാരീരിക ചലനങ്ങള്‍ (അപസ്മാരം പോലെ) വൈകാരിക സമ്മര്‍ദ്ദമുണ്ടാകുന്ന സമയത്ത് ഓര്‍മ്മ നഷ്ടപ്പെടുക
- താന്‍ ആരാണെന്നോ, എവിടെയാണെന്നോ അറിയാത്ത പോലെ സംസാരിക്കുക (വൈകാരിക സമ്മര്‍ദ്ദമുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ശേഷം)
എന്ത് ചെയ്യണം?
- ഇത്തരം രോഗികളുമായി സഹാനുഭൂതിയോടെ സംസാരിച്ച് പ്രശ്നങ്ങള്‍ മനസിലാക്കി ധൈര്യം പകരുക
- തന്‍റെ രോഗലക്ഷണങ്ങള്‍ക്ക് കാരണം മാനസികമായ പ്രശ്നമാണ് എന്ന് പറഞ്ഞ് മനസിലാക്കുക
- വിദഗ്ധചികിത്സക്ക് റഫര്‍ ചെയ്യുക
ബുദ്ധിമാന്ദ്യം
മസ്തിഷ്കത്തിന്‍റെ വളര്‍ച്ചക്കുറവ് മൂലമുണ്ടാകുന്ന ഒരു മനോവൈകല്യം. ഇതിന്‍റെ തീവ്രത നിര്‍ണ്ണയിക്കാന്‍ ബുദ്ധിപരിശോധന(IQ test) ആവശ്യമാണ്. IQ-വിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ mild, moderate, severe, profound എന്നിങ്ങനെ തരംതിരിക്കാം.
എങ്ങനെ തിരിച്ചറിയാം?
ഇത്തരം കുട്ടികള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടം തരണം ചെയ്യാനും കൂടുതല്‍ സമയമെടുക്കും
- സാധാരണ കുട്ടികളുടെ കഴുത്ത് 5 മാസത്തില്‍ ഉറക്കുന്നു. എന്നാല്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികളില്‍ ഇതിന് താമസം നേരിടുന്നു.
- തനിയെ ഇരിക്കാന്‍ താമസം (6 മാസത്തിന് ശേഷം)
- പിടിച്ചുനില്‍ക്കല്‍ (9 മാസം)
- നടത്തം (1 വയസ്സ്)
- 1-2 വാക്കുകള്‍ ഉച്ചരിക്കാന്‍ (1.5 വയസ്സ്)
ഈ താമസത്തിന് പുറമെ ഇത്തരം കുട്ടികളുടെ ബാഹ്യരൂപത്തിലും വ്യത്യാസമുണ്ടാവാം.
ശ്രദ്ധിക്കുക
- എത്രയും നേരത്തെ ഈ അവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നുവോ അത്രയും ഗുണം ലഭിക്കും
- ബുദ്ധിമാന്ദ്യത്തിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ഔഷധവും നിലവിലില്ല
- IQ നിലവാരമനുസരിച്ച് ഇവര്‍ക്ക് കൊടുക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ട്.
അമിതമായ മദ്യം / ലഹരി ഉപയോഗം
- പലപ്പോഴും ഇത്തരക്കാര്‍ക്ക് എന്തെങ്കിലും മനോരോഗമോ മാനസിക പ്രശ്നമോ ഉണ്ടാകാം. ഇത് കണ്ടെത്താന്‍ വിശദമായ വിദഗ്ധപരിശോധന ആവശ്യമാണ്.
- ഇത്തരം അമിത ലഹരി ഉപയോഗത്തെ ഒരു മനോരോഗമായിത്തന്നെയാണ് വൈദ്യശാസ്ത്രം കാണുന്നത്.
എന്ത് ചെയ്യണം?
- തന്‍റെ ലഹരി ഉപയോഗം അമിതമാണെന്ന് പറഞ്ഞ് മനസിലാക്കുക.
- ഇത് മൂലം സ്വന്തം ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, ധനനഷ്ടം, മാനഹാനി, കുട്ടികള്‍ക്കും കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ട്, അവരുടെ നഷ്ടങ്ങള്‍ എന്നിവയെക്കുറിച്ച് അയാളോട് സംസാരിക്കുക. ശാന്തമായി, കുറ്റപ്പെടുത്താതെ വേണം സംസാരിക്കാന്‍.
- ഇതില്‍ നിന്നും രക്ഷനേടാന്‍ സാധ്യമാണെന്നും ഇങ്ങനെ ചെയ്താല്‍ ഒരു പരിധിവരെ എല്ലാ നഷ്ടങ്ങളും ദോഷങ്ങളും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും ആത്മവിശ്വാസം നല്‍കുക.
- തന്‍റെ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ കഴിയുന്നതാണെന്ന് ബോധ്യപ്പെടുത്തുക
- ചികിത്സക്ക് വിവിധ രീതികള്‍ ലഭ്യമാണെന്നും അവയില്‍ ഏതും പരീക്ഷിക്കാമെന്നും പറഞ്ഞ് മനസിലാക്കുക
- സഹാനുഭൂതി, പിന്തുണ എന്നിവ വാഗ്ദാനം ചെയ്യുക
സാമൂഹികാരോഗ്യപ്രവര്‍ത്തകന് വേണ്ട മാനസികാരോഗ്യ പരമായ കഴിവുകള്‍
- ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. ഈ അവകാശം അംഗീകരിക്കുക. എന്തുകൊണ്ട് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു എന്ന കാര്യത്തില്‍ അവരുടെ വിശ്വാസങ്ങള്‍ മാനിക്കുക.
- മറ്റു വ്യക്തികളുടെ സന്തുഷ്ടിയില്‍ താല്പര്യമുള്ളവരാകുക.
- മറ്റൊരാള്‍ പറയുന്ന കാര്യങ്ങള്‍ തടസ്സപ്പെടുത്തുകയോ തര്‍ക്കിക്കുകയോ ചെയ്യാതെ പൂര്‍ണ്ണ താല്പര്യത്തോടെ കേള്‍ക്കുക.
- വേണ്ട സന്ദര്‍ഭങ്ങളില്‍ നിശബ്ദത ഉപയോഗിക്കുക.
- വൈകാരികമായ പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ തടസ്സപ്പെടുത്താതെ അതിന് സമയം നല്‍കുക.
- രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
- മുന്‍വിധിയില്ലാതെ തുറന്ന മനസ്സോടെ സമീപിക്കുക.
- യുക്തമായ സന്ദര്‍ഭങ്ങളില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുക (ഉദാ: ലഹരി ഉപയോഗം, കുട്ടികളെ വളര്‍ത്താനുള്ള ഉപദേശം)
- എല്ലായ്പ്പോഴും സമാധാനിപ്പിക്കുക, ആശ്വസിപ്പിക്കുക.
സാമൂഹ്യാരോഗ്യപ്രവര്‍ത്തവന്‍റെ ചുമതലകള്‍
രോഗമുള്ളവരെ കണ്ടെത്തുക (case findings)
ഇതിന് മുന്‍പ് തന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുക
അടിയന്തിര ചികിത്സ (first aid)
അക്രമണപ്രവണതയുള്ള രോഗി
- അക്രമണപ്രവണത കാണിക്കുന്ന രോഗിയെ പ്രകോപിപ്പിക്കാതെയും അയാളോട് കോപത്തോടെ സംസാരിക്കാതെയും ശ്രദ്ധിക്കുക. രോഗിക്ക് ഇഷ്ടമില്ലാത്തവരെ പരിസരത്തു നിന്നും മാറ്റുക. ആയുധമായി ഉപയോഗിക്കാവുന്ന സാധനങ്ങള്‍ തന്ത്രപൂര്‍വ്വം നീക്കം ചെയ്യുക.
- രോഗിയെ എതിര്‍ക്കാനോ അയാളോട് തര്‍ക്കിക്കാനോ പോകരുത്. എന്താണ് താങ്കളുടെ പ്രയാസം, എന്തിനാണ് താങ്കള്‍ ഇത്രയും കോപിക്കുന്നത്, ആരാണ് താങ്കളെ ബുദ്ധിമുട്ടിക്കുന്നത് എന്നുതുടങ്ങിയ ചോദ്യങ്ങള്‍ സൌമ്യമായി ചോദിച്ച് അയാളുടെ സാഹചര്യം കൃത്യമായി മനസിലാക്കുക. ഇത് രോഗിക്ക് നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കും.
- ശാന്തനായാല്‍ അയാള്‍ക്ക് പാനീയമോ ആഹാരമോ നല്‍കുക.
- താങ്കളെ സഹായിക്കാന്‍ ഒരു ഡോക്ടര്‍ക്ക് സാധിക്കും എന്ന് പറഞ്ഞ് അതിന് പ്രേരിപ്പിക്കുക.
ഉള്‍വലിഞ്ഞിരിക്കുന്ന വ്യക്തികള്‍
- ഇവര്‍ക്ക് ആള്‍ക്കാരുമായി അടുപ്പമുണ്ടാകുവാന്‍ കൂടുതല്‍ സമയം വേണം. ഇത് അനുവദിക്കുക. ഇടക്കിടെ ഇവരെ സന്ദര്‍ശിച്ച് സംസാരിക്കുക.
- ആഹാരം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുക.
- ആത്മഹത്യയെക്കുറിച്ച് ചോദിച്ച് അത്തരം പ്രവണതകള്‍ ഉണ്ടോ എന്ന് മനസിലാക്കുക.
- ചികിത്സയുടെ ആവശ്യകത പറഞ്ഞ് മനസിലാക്കി അതിന് പ്രേരിപ്പിക്കുക.
സംശയാലുവായ രോഗി
- ആരെയും വിശ്വാസമില്ലാത്ത സംശയാലുവായ രോഗിയെ സമീപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. സത്യസന്ധമായി മാത്രം ഇവരോട് സംസാരിക്കുക. അയാളുടെ വിശ്വാസങ്ങളെയോ അഭിപ്രായങ്ങളെയോ ചോദ്യം ചെയ്യരുത്. സംസാരത്തിന്‍റെ ആരംഭത്തില്‍ തന്നെ തര്‍ക്കം ഒഴിവാക്കുക. നിങ്ങളുടെ വിശ്വാസങ്ങള്‍ തെറ്റാണ് അടിസ്ഥാനമില്ലാത്തതാണ്, എന്നൊന്നും പറയരുത്.
- അയാള്‍ പറയുന്നത് കാര്യമായെടുത്ത് മുന്‍വിധികളില്ലാതെ എല്ലാ വിവരങ്ങളും ശേഖരിക്കുക. വിധിപ്രസ്താവനകള്‍ ഒഴിവാക്കുക.
- ഉറക്കക്കുറവ്, അസ്വസ്ഥത, വിശപ്പില്ലായ്മ, ഉത്സാഹക്കുറവ്, തളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ച് അവയ്ക്ക് ചികിത്സ തേടാന്‍ ഉപദേശിക്കുക.
ബോധാവസ്ഥയില്‍ വ്യതിയാനമുള്ള രോഗി
- അപസ്മാരം പോലുള്ള ശാരീരിക ചലനങ്ങളുണ്ടായോ എന്ന് അന്വേഷിക്കുക
- ശക്തമായ പനി ഉണ്ടോ എന്ന് നോക്കുക
- കൈകാലുകളെല്ലം ചലിപ്പിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
- രക്തസമ്മര്‍ദ്ദം, പ്രമേഹം,ഹൃദ്രോഗം എന്നിവ ഉള്ള ആളാണോ എന്ന് അന്വേഷിക്കുക
- ലഹരി ഉപയോഗം, അപകടങ്ങള്‍, തലയ്ക്ക് ക്ഷതമേല്‍ക്കല്‍ എന്നിവ ഈയിടെ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുക
- ആത്മഹത്യാ പ്രവണത കാണിച്ചിരുന്നോ, ഈ ഉദ്ദേശത്തോടെ എന്തെങ്കിലും കഴിച്ചിരിക്കുമോ, എന്ന് രഹസ്യമായി തിരക്കുക
- ഇത്തരം രോഗികളെ ഉടനെ ആശുപത്രിയിലേക്ക് അയക്കുക
തുടര്‍ചികിത്സ ഉറപ്പുവരുത്തല്‍ (Ensuring continued care & followup)
- മിക്ക മനോരോഗങ്ങള്‍ക്കും ദീര്‍ഘകാല ചികിത്സ ആവശ്യമാണ്. എന്നാല്‍ പല രോഗികളും ബന്ധുക്കളും തുടര്‍ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധിക്കാറില്ല. ഇതിനു പല കാരണങ്ങളുണ്ടാകാം.
- അജ്ഞത, ഔഷധത്തെക്കുറിച്ചുള്ള ഭയം, ഔഷധങ്ങള്‍ക്ക് അടിമയാകുമോ അല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളുണ്ടാകുമോ എന്ന ഭയം, മരുന്നിന്‍റെ വില, അല്ലെങ്കില്‍ ലഭ്യതക്കുറവ്, ആശുപത്രിയിലേക്കുള്ള ദൂരം, യാത്രാ ചിലവ് ഇവയെല്ലാം കാരണങ്ങളാവാം.
- മനോരോഗത്തിന് ചികിത്സ തേടുന്ന നിങ്ങളുടെ പ്രദേശത്തുള്ളവരുടെ വീടുകള്‍ ഇടക്ക് സന്ദര്‍ശിക്കുക. താഴെപ്പറയുന്ന കാര്യങ്ങള്‍ അന്വേഷിക്കുക.
- ഔഷധങ്ങള്‍ കൃത്യമായി കഴിക്കുന്നുണ്ടോ?
- ഡോക്ടറെ കാണേണ്ട സമയത്ത് കാണുന്നുണ്ടോ?
- പാര്‍ശ്വഫലങ്ങളെന്തെങ്കിലുമുണ്ടോ?
- എത്രത്തോളം രോഗശമനമുണ്ടായിട്ടുണ്ട്?
- വ്യക്തിശുചിത്വം, ആഹാരം, ഉറക്കം എന്നിവയില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ?
- മറ്റുള്ളവരുമായി ആവശ്യത്തിന് ഇടപഴകുന്നുണ്ടോ?
- രോഗി വീണ്ടും ജോലി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ടോ?
- രോഗിക്ക് മാനസികസമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടോ?
- രോഗിയെ അമിതമായി വിമര്‍ശിക്കുന്നുണ്ടോ അല്ലെങ്കില്‍ രോഗി അവഗണിക്കപ്പെടുന്നുണ്ടോ?
ബോധവല്‍കരണം
ആരോഗ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തുന്ന എല്ലാ പരിപാടികളിലും മനോരോഗം, ആത്മഹത്യ, അമിതലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക.
മനോരോഗങ്ങളെക്കുറിച്ച് സാധാരണ വരാവുന്ന ചോദ്യങ്ങള്‍
- മാനസികരോഗങ്ങള്‍ പാരമ്പര്യമായി ഉണ്ടാകുന്നതാണോ?
- മനോരോഗങ്ങള്‍ പകരുമോ?
- ഭൂതപ്രേതബാധ, ദുര്‍മന്ത്രവാദം, ദൈവികശാപം എന്നിവ മൂലം മനോരോഗങ്ങളുണ്ടാകുമോ?
- സ്വയംഭോഗം, ശുക്ലനഷ്ടം, സ്വപ്നസ്ഖലനം എന്നിവ മനോരോഗങ്ങള്‍ക്ക് കാരണമാവുമോ?
- മദ്യം, ലഹരിമരുന്ന് എന്നിവയുടെ ഉപയോഗം മനോരോഗം ഉണ്ടാക്കുമോ?
- മനോരോഗങ്ങള്‍ക്ക് ചികിത്സയുണ്ടോ? ഔഷധ ചികിത്സ ഫലപ്രദമാണോ?
- ഔഷധചികിത്സക്ക് പാര്‍ശ്വഫലങ്ങളുണ്ടോ?
- മനോരോഗത്തിനുള്ള മരുന്നുകള്‍ ഞരമ്പുകളെ തളര്‍ത്തുവാന്‍ മാത്രം ഉപയോഗിക്കുന്നതാണോ. ഇവ മയക്കുമരുന്നുകളാണോ?
- എല്ലാ മനോരോഗികളെയും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതുണ്ടോ?
- വിവാഹം കഴിച്ചാല്‍ മനോരോഗം, ബുദ്ധിമാന്ദ്യം എന്നിവ മാറുമോ?
- ബുദ്ധിമാന്ദ്യം ഉണ്ടാകുന്നത് മാതാപിതാക്കളുടെ തെറ്റുകൊണ്ടാണോ?
- രോഗശമനത്തിന് ശേഷം തൊഴില്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാമോ?
- മനോരോഗങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.