1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗവിദഗ്ദ്ധനാണ് കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. അതുവരെ സ്കീനോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുളള പതിനായിരം കുട്ടികളില്‍ ഏകദേശം 2 മുതല്‍ 5 വരെ പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്നുവയസ്സിനു മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പക്ഷേ ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞത മൂലം അസുഖം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്.
വായനാമുറി
സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ അവനെക്കുറിച്ച് യാതൊരു പരാതികളുമുണ്ടായിരുന്നില്ല. മോശപ്പെട്ട കൂട്ടുകാരുമൊത്ത് ക്ളാസ്സ് കട്ട് ചെയ്ത് കവളികളിലും സിനിമാ തിയേറ്ററിലും മറ്റും കറങ്ങി നടക്കുന്നതിനാല്‍ കുട്ടിയുടെ പഠനനിലവാരം കുറഞ്ഞു വന്നിരുന്നു. ചില രാത്രികളില്‍ അവന്‍ വീട്ടിലേക്ക് വരാതെ സുഹൃത്തുക്കളുമൊത്ത് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുകയും ചെയ്തു. തന്‍റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്ന് രാജേഷ് പറയുക മാത്രമല്ല ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നുണ പറയുന്നതും പതിവായിരുന്നു. താന്‍ ശരിയായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് അവന്‍ പറയുന്നു. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കുവാനാണ് സ്ക്കൂള്‍ ഒഴിവാക്കുന്നതെന്നും വീട്ടില്‍ നിന്നും പണം മോഷ്ടിച്ച് ബൈക്ക് ഓടിക്കാറുണ്ടെന്നും, ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും ഇടക്കിടെ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, അശ്ലീല സിനിമകള്‍ കാണാറുണ്ടെന്നും അവന്‍ ഡോക്ടറോട് പറഞ്ഞു. തന്‍റെ ഗ്രേഡിനെക്കുറിച്ചൊന്നും അവന് ഉത്കണ്ഠ ഉണ്ടായിരുന്നില്ല. തന്‍റെ യൌവനം ആസ്വദിക്കുവാന്‍ വല്ലപ്പോഴുമൊക്കെ അനുവദിക്കണമെന്നായിരുന്നു മാതാപിതാക്കളോടുളള അവന്‍റെ ആവശ്യം. വല്ലപ്പോഴുമൊക്കെ ചില പാര്‍ട്ടികളില്‍ നിന്നുളളതൊഴിച്ചാല്‍ മദ്യവും, ലഹരി വസ്തുക്കളും ഉപയോഗിക്കുന്നില്ലെന്ന് അവന്‍ ആണയിട്ട് പറഞ്ഞു. അവന്‍റെ ചീത്ത പ്രവൃത്തികളെക്കുറിച്ച് ഉപദേശിച്ചാല്‍ വീട്ടുകാരുമായി വഴക്കിടുകയും ചില സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാരെ ഉപദ്രവിക്കുകയും പതിവായിരുന്നു.
ഏകദേശം 10-12% സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെയ്ക്കുന്ന ഇവരെല്ലാം 'മണ്ടന്‍മാര'ല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും, ശ്രദ്ധയില്ലാത്തവരെന്നും, ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നോക്കാവസ്ഥയും മറ്റു ചില പ്രശ്നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്നങ്ങള്‍ പലതും പരിഹരിക്കുവാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്നങ്ങള്‍ മൂന്നോ നാലോ ക്ളാസ്സുകളില്‍ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ത്തന്നെയും കണ്ടെന്നുവരാം. ഇതിന് പലകാരണങ്ങളുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തില്‍ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schizophrenia). ആ അവസ്ഥയില്‍ വ്യക്തികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വ്വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും വികാരപ്രകടനങ്ങള്‍ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും. സ്കിസോഫ്രീനിയ രോഗികള്‍ക്ക് ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും തങ്ങളുടെ ശരീരത്തിനുള്ളില്‍ നിന്നും ആരോ പറയുന്നതായുമൊക്കെ തോന്നും.
സ്ക്കൂള്‍ ഫോബിയ, സ്ക്കൂളില്‍ പോകാനുളള മടി എന്നീ വാക്കുകള്‍ ചില കുട്ടികളില്‍ കണ്ടുവരുന്ന യുക്തിരഹിതവും സ്ഥിരവുമായ സ്ക്കൂള്‍ പേടിയെ സൂചിപ്പിക്കുന്നു. അഡ്ലൈഡ് ജോണ്‍സണ്‍ 1941-ല്‍ ഈ പ്രശ്നത്തെക്കുറിച്ച് വിശദീകരിച്ചതിനുശേഷം നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടരെയും പഠിക്കാന്‍ താല്‍പ്പര്യമില്ലാതെ പഠനമുപേക്ഷിച്ചുപോകുന്നവരെയും ഒരേ ഗണത്തില്‍പെടുത്താനാകില്ല. പഠനമുപേക്ഷിച്ചു പോകുന്നവരെ അവരുടെ വഴിക്കു വിടാമെങ്കിലും സ്ക്കൂള്‍ ഫോബിയക്കാരെ രക്ഷിതാക്കളും മറ്റും നല്ലവണ്ണം ശ്രദ്ധിക്കണം. കാരണം ഇവര്‍ മിക്കപ്പോഴും ആകാംക്ഷാഭരിതരും പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരുമായിരിക്കും. സ്ക്കൂള്‍ ഫോബിയയുളള കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നതിനെപ്പറ്റി ചിന്തിക്കുമ്പോള്‍തന്നെ പരിഭ്രാന്തിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കാറുണ്ട്.
22 വയസ്സ് പ്രായമുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റനോഗ്രാഫര്‍ ആയി ജോലി ചെയ്യുന്നു. പ്രത്യേകിച്ച് യാതൊരു ശാരീരിക രോഗങ്ങളോ, മാനസികരോഗങ്ങളോ മറ്റ് ടെന്‍ഷനുകളോ ഇല്ലാത്ത ശ്രീലതയ്ക്ക് പെട്ടെന്നാണത് സംഭവിച്ചത്. രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപെട്ടു. ഇപ്പോള്‍ തന്നെ മരിച്ചുപോകും എന്ന പരിഭ്രാന്തി മൂലം ശ്രീലത ഉടനെ തന്നെ ബസ്സില്‍ നിന്നിറങ്ങി ഒരു ഓട്ടോ വിളിച്ച് സമീപത്തുള്ള ആശുപത്രിയിലെ അത്യാസന്നവിഭാഗത്തില്‍ എത്തി. ഉടന്‍ തന്നെ ശ്രീലതയെ രക്തം, മൂത്രം, ബ്ളഡ്, ഷുഗര്‍, ഇ.സി.ജി എന്നിങ്ങനെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും അതിലൊന്നും പ്രശ്നമില്ല എന്നു കാണുകയും ചെയ്തു. പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയങ്ങള്‍ക്കുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും പേടിക്കാനൊന്നുമില്ല എന്ന ഡോക്ടറുടെ ആശ്വാസവാക്കുകളോടെ ശ്രീലത തിരിച്ച് ജോലിക്ക് പോകുകയും ചെയ്തു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള ഭീതിജനകമായ അവസ്ഥ തുടരെത്തുടരെ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം ശ്രീലതയ്ക്ക് അനുഭവപ്പെടുകയും തന്‍മൂലം പുറത്ത് ഇറങ്ങാനുള്ള പേടി മൂലം ശ്രീലതയ്ക്ക് ജോലി രാജി വെയ്ക്കേണ്ടതായും വന്നു. തന്റെ ഹൃദയത്തിന് കഠിനമായ എന്തോ അസുഖം ബാധിച്ചിട്ടുണ്ടെന്ന തോന്നലാല്‍ കടുത്ത നിരാശ ബാധിച്ച ശ്രീലത നിരവധി ഡോക്ടര്‍മാരെ സന്ദര്‍ശിച്ചതിന് ശേഷം അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം ഹാര്‍ട്ട് അറ്റാക്ക് അല്ല പാനിക് അറ്റാക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടു കൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റ് ചികിത്സകള്‍ കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തി നേടുകയും എവിടേയും സധൈര്യം തനിയെ പോകുവാന്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.
എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.
അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം.
കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.
കേരളീയര്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മന:ശാസ്ത്രപരമായും ചികിത്സ ആവശ്യമുളള ഒരു രോഗമാണ്. ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനം അനുസരിച്ച് മദ്യപാനം ഒരുവന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നുവെങ്കില്‍, തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കുന്നുവെങ്കില്‍, സാമൂഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍, തുടര്‍ന്നും അയാള്‍ മദ്യം ഉപയോഗിക്കുന്നുവെങ്കില്‍ അയാളൊരു മദ്യപാന രോഗിയാണ്.
പ്രായമേറുന്ന ജനസമൂഹത്തോടൊപ്പം വാര്‍ദ്ധക്യരോഗങ്ങളുടെ സഹജവര്‍ദ്ധനയും പ്രതീക്ഷിക്കാം. വാര്‍ദ്ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലോകജനസംഖ്യയില്‍ 24 കോടി ജനങ്ങള്‍ അല്‍ഷിമേഴ്സ് രോഗത്താല്‍ ബുദ്ധിമുട്ടുന്നു. ഇന്ത്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്സ് രോഗബാധിത രോഗബാധിതര്‍ . 2030 ആകുമ്പോള്‍ രോഗബാധിതര്‍ ഭാരതത്തില്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ഇതില്‍ മലയാളികളായ നമുക്കെന്താണ് കൂടുതല്‍ ആകുലപ്പെടാനുള്ളതെന്ന് നോക്കാം. ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ദേശീയ ശരാശരി 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72-74 വയസ്സ് എന്നതാണ്. കേരള ജനസംഖ്യയില്‍ 2011ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതാണ് കണക്ക്. അപ്പോള്‍ അല്‍ഷിമേഴ്സ് രോഗഭീഷണിയും വ്യാപകമാവുന്നു. അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ മൂന്നു ശതമാനത്തോളം മറവിരോഗത്താല്‍ വലയുന്നുണ്ട്. എന്നാല്‍ അല്‍ഷിമേഴ്സ് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം കാര്യക്ഷമമല്ലാത്തതിന്റെ പശ്ചാത്തലത്തില്‍ ഈ കണക്കുകള്‍ കൃത്യമാകണമെന്നില്ല. അല്ലെങ്കില്‍ ഈ സംഖ്യ ഉയരാനാണ് സാദ്ധ്യത. കാരണം അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറേയും.
ഒരു വ്യക്തിയെയോ ഒരുകൂട്ടം വ്യക്തികളെയോ നിര്‍ബന്ധിച്ചോ നിരന്തരം പ്രേരിപ്പിച്ചോ നടത്തുന്ന ലൈംഗിക പ്രവൃത്തികളെല്ലാം ലൈംഗിക പീഢനങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. പ്രായം കൂടുതലുളള ഒരു വ്യക്തി തനിക്ക് സംതൃപ്തി ലഭിക്കുന്ന വിധത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു വ്യക്തിയുമായി വിവിധ ലൈംഗിക കേളികളില്‍ ഏര്‍പ്പെടുന്നതിനെ ലൈംഗിക പീഢനമായി കണക്കാക്കാം. ബലാത്സംഗം, മോശമായ രീതിയിലുളള ശരീരസ്പര്‍ശം, ലൈംഗികാവയവങ്ങളുടെ പ്രദര്‍ശനം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം എന്നിവയെല്ലാം ലൈംഗിക പീഢനങ്ങളില്‍പ്പെടുന്നു. കുട്ടികളെ ഉപയോഗിച്ച് അശ്ളീല സിനിമകളും ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ലൈംഗിക പീഢനമാണ്.