വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

3 minutes reading time (627 words)

കൌമാരപ്രായക്കാരിലെ ഉത്കണ്ഠാരോഗങ്ങൾ

കൌമാരപ്രായക്കാരിലെ ഉത്കണ്ഠാരോഗങ്ങൾ

ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം 10 മുതൽ 19 വയസുവരെയുള്ള കാലഘട്ടത്തെയാണ് കൌമാരം (Adolesence) എന്നു വിളിക്കുന്നത്. ഒരു വ്യക്തിയടെ ശാരീരികവും മാനസികവും സാമൂഹികവുമായിട്ടുള്ള വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത് അതിനാൽ ഈ പ്രായത്തിൽ സംഭവിക്കുന്ന അസ്വസ്ഥതകൾ ജീവിതത്തിൽ ദൂര വ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നു.

കൌമാരപ്രായക്കാരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ മാനസിക അസ്വസ്ഥതയാണ് 'ഉത്കണ്ഠാ രോഗങ്ങൾ' (Anxiety Disorders) എന്ന പേരിലറിയപ്പെടുന്ന ഒരു കൂട്ടം രോഗങ്ങൾ. സമൂഹത്തിലെ കൌമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഇത്തരം രോഗങ്ങളുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന മിക്കവാറും എല്ലാ  ഉത്കണ്ഠാരോഗങ്ങളുടെയും ആരംഭം കൌമാര പ്രായത്തിലാണെന്നതും ശ്രദ്ധേയമാണ്. ഫലപ്രദമായി ചികിൽസിക്കാത്തപക്ഷം ഇവ ജീവിതത്തിന്റെ പല മേഖലകളെയും ദോഷകരമായി ബാധിച്ചേക്കാം.

സോഷ്യല്‍ ഫോബിയ 

സമൂഹത്തിലെ 10 ശതമാനത്തോളം കൌമാരക്കാർക്ക് വിവാഹ ചടങ്ങുകൾ മറ്റു പൊതുചടങ്ങുകള്‍ എന്നിവയിലൊക്കെ പങ്കെടുക്കുമ്പോൾ കഠിനമായ ഉത്കണ്ഠ അനുഭവപ്പെടാറുണ്ട്. പൊതുവേദികളിൽ പ്രസങ്ങിക്കുക, അപരിചിതരുമായി പ്രത്യേകിച്ച് എതിർലിംഗത്തില്‍പ്പെട്ടവരുമായി സംസാരിക്കുക എന്നിവയൊക്കെ ഇവർക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇത്തരക്കാർ പൊതുചടങ്ങുകളിൽ നിന്നൊഴിഞ്ഞുനില്ക്കാനും അപരിചിതരുമായി ഇടപെടാതിരിക്കാനും പരമാവധി ശ്രമിക്കും. ഈ അവസ്ഥയെ സോഷ്യൽ ഫോബിയ (Social Phobia) എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർ തങ്ങളെ നിരന്തരം നിരീക്ഷിക്കുകയാണ് എന്ന ചിന്തയാണ് ഇക്കൂട്ടർക്ക്. ഉത്കണ്ടയുണ്ടാക്കുന്നത്. ഈ സാഹചര്യങ്ങളിൽ അമിതമായ നെഞ്ചിടിപ്പ്, വിറയൽ, നാക്കും, ചുണ്ടുകളും ഉണങ്ങുക അമിത വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഇവർക്കുണ്ടാകും. എതിർലിംഗത്തില്‍പ്പെട്ടവരോട് ഇടപെടേണ്ടിവരുമ്പോൾ മേല്പ്പറഞ്ഞ ലക്ഷണങ്ങൾ തീവ്രമാകാറുണ്ട്.

ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി പൊതു ചടങ്ങുകൾ ഒഴിവാക്കി കഴിവതും വീട്ടിൽത്തന്നെ ചടഞ്ഞുകൂടാനായിരിക്കും ഇവർക്ക് താല്പര്യം. സോഷ്യൽ ഫോബിയ ഉള്ള കുട്ടികളിൽ പൊതുവെ അപകർഷതാബോധം കൂടുതലായിരിക്കും. മാതാപിതാക്കൾ ഇവരെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നത് സ്ഥിതി വഷളാക്കും. ഏകദേശം 12 വയസ്സുപ്രായമുള്ളപ്പൊഴാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതെങ്കിലും വളരെ വൈകിമാത്രമെ ഇതൊരു പ്രശ്നമായി കുടുംബങ്ങൾക്ക് തോന്നുകയുള്ളൂ. ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറെക്കുറെ തുല്യമായ തോതിൽ ഇതു കണ്ടുവരുന്നുണ്ട്. ഭാവിയിൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ നിര്‍വഹിക്കാൻ കഴിയാതെ വരിക, മൽസരപരീക്ഷകളിലും മറ്റും പ്രകടനം മോശമാകുക, ഇന്റെര്‍വ്യുകളിൽ പങ്കെടുക്കാൻ മടി തോന്നുക എന്നിവയൊക്കെ ഇവർക്ക് വന്നു ഭവിക്കാൻ സാധ്യതയുണ്ട്.

സ്പെസിഫിക് ഫോബിയ

ചില കുട്ടികൾ, പരീക്ഷ അടുക്കുമ്പോൾ കഠിനമായ ഉത്കണ്ഠ അനുഭവിക്കാറുണ്ട്. മറ്റുള്ള സമയങ്ങളിൽ തികച്ചും ആഹ്ലാദത്തോടെ കഴിയുന്ന ഇവർക്ക് പരീക്ഷ അടുക്കുമ്പോൾ പ്രശ്നങ്ങൾ ആരംഭിക്കും. പഠിച്ചിരുന്ന കാര്യങ്ങൾ മറന്നു പോകുന്നതുമൂലം മാർക്കു കുറയുക, പരീക്ഷ എഴുതാതിരിക്കുക, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടാകാം. ഇങ്ങനെയൊരു പ്രത്യേകമായ സാഹചര്യത്തിൽ മാത്രം, അഥവാ, സവിശേഷമായ ഒരു സംഗതിയുമായി ബന്ധപ്പെട്ടുമാത്രം കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫിൿ ഫോബിയ (specific phobia)

സവിശേഷമായ ഒരു സംഗതിയുമായി ബന്ധപ്പെട്ടുമാത്രം കഠിനമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥയാണ് സ്പെസിഫിൿ ഫോബിയ

ചിലർക്ക് ഇഴജന്തുക്കളെ കാണുക മൃങ്ങളുമായി ഇടപെടുക ഇരുട്ട്, അടച്ചിട്ട മുറി, ഉയരത്തിൽ നില്ക്കുക, ഇടിയും മിന്നലും തുടങ്ങിയ എതെങ്കിലും സാഹചര്യത്തിലായിരിക്കും ഉത്കണ്ഠ തീവ്രമാകുന്നത്. കൂടുതലായി ആണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഈ അവസ്ഥ കൌമാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ തുടങ്ങാറുണ്ട്. രക്തം കണ്ടാൽ തലകറങ്ങിവീഴുന്നവരും പാറ്റയെ കണ്ടാൽ ഭയപ്പെട്ടോടുന്നവരും നമ്മുടെ സമൂഹത്തിൽ കുറവല്ലല്ലോ.

ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ

ഭക്ഷണം കഴിച്ചിട്ടു കൈകഴുകുമ്പോൾ കൈ വൃത്തിയായില്ലെന്നു തോന്നി ആവർത്തിച്ചു കഴുകിക്കൊണ്ടിരിക്കുക, വീടിന്റെ കതകിന്റെ കൊളുത്തിട്ടശേഷം വീണ്ടും സംശയിച്ച് കൊളുത്തു വീണിട്ടുണ്ടോയെന്നു പലവട്ടം പോയി പരിശോധിക്കുക തുടങ്ങിയ സ്വഭാവങ്ങളുള്ള ചില കൌമാര പ്രായക്കാരുണ്ട്. ഇങ്ങനെ ആവർത്തന സ്വഭാവമുള്ള പ്രവർത്തങ്ങൾ ചെയ്യുന്നവർക്ക് ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ (Obsessive Compulsive Disorder) എന്ന രോഗമാകാൻ സാധ്യതയുണ്ട്.

മനസിലുള്ളിലേക്ക് ആവർത്തിച്ചു കടന്നുവരുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളും (obsessions), ഈ ചിന്തകളുണ്ടാക്കുന്ന ഉത്കണ്ഠയെ അതിജീവിക്കാൻ ആ വ്യക്തി ചെയ്യുന്ന ആവർത്തന - സ്വഭാവമുള്ള പ്രവൃത്തികളും (compulsions) ചേര്‍ന്നതാണ് ഈ രോഗം. സമൂഹത്തിൽ 2 ശതമാനത്തോളം പേർക്കുള്ള ഈ രോഗം, കൌമാരത്തിന്റെ അവസാനഘട്ടത്തിലാണ് ആരംഭിച്ചു കാണുന്നത്. അമിതമായ വൃത്തി, അടുക്കും ചിട്ടയും പാലിക്കുന്നതിൽ അമിത ശ്രദ്ധ, മനസിലേക്ക് കടന്നുവരുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന, ലൈംഗിക സ്വഭാവമോ അക്രമ സ്വഭാവമോ ഉള്ള ദൃശ്യങ്ങൾ ഈ രോഗത്തിന്റെ ലക്ഷണമാകാം.

പാനിക് ഡിസോർഡർ

വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ശക്തമായ നെഞ്ചുവേദന, ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, അമിതവിയർപ്പ്, കണ്ണുകളിൽ ഇരുട്ടുകയറുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായി, 'ഉടന്‍ തന്നെ മരിച്ചുപോകും' എന്ന രീതിയിലുള്ള ഭീതി അനുഭവപ്പെടുന്ന അവസ്ഥ ചിലർക്കുണ്ടാകാറുണ്ട്. ആവർത്തിച്ചുള്ള ശാരീരിക പരിശോധനകളിലും, ടെസ്റ്റുകളിലും ശാരീരികമായ ഒരു രോഗത്തിന്റേയും ലക്ഷണങ്ങൾ കാണാറില്ലെങ്കിലും മേല്പറഞ്ഞ ലക്ഷണങ്ങൾ ആവർത്തിച്ചുണ്ടായിക്കൊണ്ടിരിക്കും. ഈ അവസ്ഥയെ പാനിക് ഡിസോർഡർ (Panic Disorder) എന്നുവിളിക്കുന്നു. ശരാശരി 15 വയസുള്ളപ്പോൾ ഇതിന്റെ ലക്ഷണങ്ങൾ ആരംഭിക്കുന്നതായി കണ്ടുവരുന്നു. സമൂഹത്തിൽ ഏകദേശം 3 ശതമാനം പേർക്ക് ഈ രോഗമുണ്ട്.

മനോജന്യ ശാരീരിക രോഗലക്ഷണങ്ങൾ

ആവർത്തിച്ചുള്ള ശാരീരിക വേദനകൾ, ഛർദ്ദി, ശ്വാസം മുട്ടൽ അകാരണമായ ക്ഷീണം എന്നിവയും ഉത്കണ്ഠയുടെ ലക്ഷണമാവാം. ശരീര പരിശോധനയും ടെസ്റ്റുകളും നടത്തിയിട്ടും രോഗമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഇത്തരക്കാരെ ഒരു മനോരോഗ വിദഗ്ധന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. മാനസിക സംഘർഷങ്ങളുണ്ടാകുന്ന സന്ദർഭങ്ങളുമായി ബന്ധപ്പെട്ട് വയറുവേദന, നടുവേദന, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ, കൌമാരക്കരിൽ കാണാറൂണ്ട്. ഇത്തരം രോഗവസ്ഥയെ 'സൊമറ്റൊഫോം ഡിസോർഡർ' (Somatoform Disorder) എന്ന പേരിലാണ് വിളിക്കുന്നത്.

ചികിൽസ

മസ്തിഷ്കത്തിലെ ചില രാസപദാർഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമാവുന്നത്.

മസ്തിഷ്കത്തിലെ ചില രാസപദാർഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമാവുന്നത്. ജനിതകകാരണങ്ങൾ, ജീവിത സാഹചര്യങ്ങൾ, ചെറുപ്പത്തിലുണ്ടാകുന്ന ദുരനുഭവങ്ങൾ തുടങ്ങിയ പലതും ഉത്കണ്ഠാരോഗങ്ങൾക്ക് കാരണമായേക്കാം. ഔഷധങ്ങളും മനശാസ്ത്രചികിൽസയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിൽസയാണ് എറ്റവും ഫലപ്രദമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സോഷ്യൽ ഫോബിയ, സ്പെസിഫിക് ഫോബിയ തുടങ്ങിയവ ആരംഭഘട്ടത്തിൽ മനശാസ്ത്ര ചികിൽസകൾ കൊണ്ടുതന്നെ തരണം ചെയ്യാൻ കഴിയും. എന്നാൽ ഉത്കണ്ഠാരോഗങ്ങൾ പഴക്കം ചെന്നതോ തീവ്രസ്വഭാവമോ ഉള്ളതോ ആണെങ്കിൽ മരുന്നുകളും വേണ്ടിവരാറുണ്ട്. എസ്.എസ്.ആർ.ഐ (S.S.R.I.) വിഭാഗത്തില്പ്പെട്ട മരുന്നുകൾ താരതമ്യേന പാർശ്വ ഫലങ്ങൾ കുറഞ്ഞവയും ഫലപ്രദവുമാണ്. ക്ളോമിപ്രമീൻ, വെൻലാഫാക്സീൻ, ഡുലോക്സറ്റിൻ തുടങ്ങിയ ഔഷധങ്ങളും ഫലപ്രദമാണ്. റിലാക്സേഷൻ വ്യായാമങ്ങൾ, കോഗ്നിറ്റീവ് ബിഹേവിയർ തെറാപി (C.B.T.) തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കാറുള്ള മനശാസ്ത്ര ചികിൽസാ രീതികൾ. എക്സ്പോഷർ & റെസ്പോൺസ് പ്രിവെൻഷൻ (E.R.P.), സിസ്റ്റമാറ്റിക് ഡീ സെൻസിറ്റൈസേഷൻ, ബ്രയിൻ ലോക്ക്, അക്സെപ്റ്റൻസ് ആന്റ് കമിറ്റ്മെന്റ് തെറാപ്പി എന്നിവയും, ഉത്കണ്ഠാരോഗങ്ങൾക്ക് ഉപയോഗിക്കാറുള്ള മനശാസ്ത്ര രീതികളാണ്. രോഗാവസ്ഥ എറെ പഴകുന്നതിനു മുമ്പ് ചികിൽസിച്ചാൽ ഇവയെ വളരെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുള്ള 'ജീവിതനൈപുണ്ണ്യ പരിശീലനം' (Life Skill Training) ഉത്കണ്ഠാ സ്വഭാവമുള്ള കുട്ടികൾക്ക് എറെ ഗുണകരമാണ്.

Image courtesy: http://doorwaysarizona.com

ഞാന്‍ പ്രധാനമന്ത്രിയാണ്
കുട്ടികളുടെ മാനസികാരോഗ്യം
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is a Joomla Security extension!