വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

2 minutes reading time (356 words)

കുട്ടികളുടെ മാനസികാരോഗ്യം

കുട്ടികളുടെ മാനസികാരോഗ്യം

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. പല രാജ്യങ്ങളിലായി നടന്ന അമ്പതോളം പഠനങ്ങളില്‍ ശരാ‍ശരി 15.8 ശതമാനം കുട്ടികള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍

 • ഭ്രൂണാവസ്ഥയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍: അമ്മമാരിലെ പുകവലി, മദ്യപാനം, വൈകാരികപ്രശ്നങ്ങള്‍, പോഷകാഹാരക്കുറവ്, പകര്‍ച്ചവ്യാധികള്‍, പരിക്ക്, തുടങ്ങിയവ
 • പ്രസവസമയത്തുണ്ടാകുന്ന പ്രശ്നങ്ങള്‍
 • തലച്ചോറിനെ ബാധിക്കുന്ന അപസ്മാരം, മസ്തിഷ്കജ്വരം തുടങ്ങിയ അസുഖങ്ങള്‍
 • ബുദ്ധിമാന്ദ്യം
 • മാതാപിതാക്കളുടെ അസാന്നിദ്ധ്യം
 • രക്ഷിതാക്കളിലെ ശാരീരികമോ മാനസികമോ ആയ അസുഖങ്ങള്‍
 • കുട്ടികളെ വളര്‍ത്തിയെടുക്കുന്ന ശൈലി: കര്‍ക്കശസ്വഭാവക്കാരായ മാതാപിതാക്കളുടെ കുട്ടികളില്‍ ഉത്ക്കണ്ഠ, അമിതമായ നാണം, ആത്മവിശ്വാസക്കുറവ് എന്നിവ രൂപപ്പെട്ടേക്കാം. അമിതസ്വാതന്ത്ര്യം ലഭിക്കുന്ന കുട്ടികള്‍ എടുത്തുചാട്ടക്കാരായേക്കാം.
 • കലുഷിതമായ ഗൃഹാന്തരീക്ഷം: കുടുംബാംഗങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ, കുട്ടികളുടെ കാര്യങ്ങളിലുള്ള മേല്‍നോട്ടക്കുറവ്, കുട്ടികളുടെ ബൌദ്ധികമായ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളുടെ അഭാവം, കഠിനമായ ശിക്ഷാനടപടികള്‍ തുടങ്ങിയവ കുട്ടികളുടെ മാനസികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.
 • ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ പീഢനം
 • സ്കൂളിലെ പ്രതികൂല സാഹചര്യങ്ങള്‍: ഇടക്കിടെ സ്കൂള്‍ മാറുന്നത്, മറ്റു കുട്ടികളില്‍ നിന്നുള്ള അവഗണന തുടങ്ങിയവ കുട്ടികളുടെ വൈകാരികതലത്തിലും പെരുമാറ്റത്തിലും വൈകല്യങ്ങള്‍ക്കു കാരണമാവുകയും, പഠനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം.
 • മാധ്യമങ്ങളുടെ സ്വാധീനം: സിനിമ, ടി.വി., വീഡിയോഗെയിംസ് തുടങ്ങിയവയില്‍  സ്ഥിരമായി അക്രമങ്ങളും ക്രൂരതയും കാണുന്നത് കുട്ടികളില്‍ അക്ഷമ, അന്തര്‍മുഖത്വം, അക്രമവാസന മുതലായവക്ക് കാരണമായേക്കാം.
 • ജനിതകകാരണങ്ങള്‍: ഓട്ടിസം, ഡൌണ്‍സ് സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങള്‍ ജനിതകകാരണങ്ങളാല്‍ ഉണ്ടാകുന്നതാണ്. മുപ്പത്തിയഞ്ചിലധികം വയസ്സുള്ള സ്ത്രീകള്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്ക്ഡൌണ്‍സ് സിന്‍ഡ്രോം ഉണ്ടാവാന്‍ സാദ്ധ്യത കൂടുതലാണ്.

കുട്ടികളുടെ മാനസികാരോഗ്യം വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കേണ്ട വസ്തുതകള്‍

ചില കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ അവരുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാവാം.

 • ചില കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ അവരുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ പ്രതിഫലനമാവാം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികള്‍ക്കല്ല, മറിച്ച് അവരുടെ കുടുംബാംഗങ്ങള്‍ക്കാവാം മാറ്റം ആവശ്യം.
 • ചില കുട്ടികളില്‍ മാനസികപ്രശ്നങ്ങള്‍ പ്രകടമാവുന്നത് ശാരീരികലക്ഷണങ്ങളിലൂടെയാവാം. വയറുവേദന, തലവേദന, വിശപ്പില്ലായ്മ, ബോധക്ഷയം തുടങ്ങിയവ മാനസികസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാവാം.
 • കുട്ടികളുടെ പെരുമാറ്റത്തെ വിശകലനം ചെയ്യുമ്പോള്‍ അവരുടെ പ്രായം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ആഗ്രഹം സാധിക്കാതെ വരുമ്പോള്‍ തലയിട്ടടിക്കുന്ന സ്വഭാവം നാലഞ്ചുവയസ്സുള്ള കുട്ടികളില്‍ പ്രായാനുസൃതമാവാമെങ്കിലും മുതിര്‍ന്ന കുട്ടികളില്‍ ഇതിന് ചികിത്സ ആവശ്യമായേക്കാം.

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍

കുട്ടികളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതു കൊണ്ട് അവര്‍ തങ്ങളെ വകവെക്കാതാവുമെന്ന് ഭയക്കേണ്ടതില്ല.

 • കുട്ടികളെ അമിതമായി കുറ്റപ്പെടുത്താത്തതും അവരെ മനസ്സിലാക്കുന്നതുമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുക. കുട്ടികളില്‍ യാഥാര്‍ത്ഥ്യബന്ധമില്ലാത്ത പ്രതീക്ഷകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.
 • പെരുമാറ്റങ്ങള്‍ക്ക് വ്യക്തമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുകയും അവ കണിശമായി പാലിക്കുകയും ചെയ്യുക. (ഉദാഹരണത്തിന്, കുട്ടിയോട് നാം ഒരു കാര്യം പറ്റില്ല എന്നു പറയുകയും, തുടര്‍ന്ന് കുട്ടി കുറേ കരയുകയും ബഹളം വെക്കുകയും ചെയ്യുമ്പോള്‍ നാം തീരുമാനം മാറ്റി ആ കാര്യം നടത്തിക്കൊടുക്കുകയും ചെയ്യുമ്പോള്‍, കരഞ്ഞും ബഹളം വെച്ചും ഏതു കാര്യവും സാധിച്ചെടുക്കാമെന്ന കുട്ടിയുടെ ചിന്താഗതി പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്.) അതേ സമയം, സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ അനുയോജ്യമായ ഇളവുകള്‍ അനുവദിക്കുക. കുട്ടികള്‍ വളരുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ അയവുവരുത്തി അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഉത്തരവാദിത്തങ്ങളും നല്‍കുക. ഇത് കുട്ടികളില്‍ ഉത്തരവാദിത്തബോധവും സഹകരണമനോഭാവവും സ്വയംപര്യാപ്തതയും വളര്‍ത്താന്‍ സഹായിക്കുന്നു.
 • കുട്ടികളോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതു കൊണ്ട് അവര്‍ തങ്ങളെ വകവെക്കാതാവുമെന്ന് ഭയക്കേണ്ടതില്ല.
 • ശരിയായി ആശയവിനിമയം നടത്തുന്നതെങ്ങിനെയെന്നും സമൂഹവുമായി ഇടപഴകേണ്ടതെങ്ങിനെയെന്നും കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുക.
 • സിഗരറ്റ്, പാന്‍മസാല, മദ്യം മുതലായ ലഹരിപദാര്‍ത്ഥങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കുക.
 • ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ നേരത്തേതന്നെ തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ പരിശീലനങ്ങള്‍ ലഭ്യമാക്കുക.
 • അമിതമായ അക്രമവാസനയോ, ആത്മഹത്യാപ്രവണതയോ, മറ്റു സ്വഭാവവൈകല്യങ്ങളോ ഉള്ള കുട്ടികള്‍ക്ക് നേരത്തേ തന്നെ വിദഗ്ദ്ധസഹായം ലഭ്യമാക്കുക.
 • വൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ അവരെ ശരിയായി പരിചരിക്കേണ്ടതെങ്ങിനെ എന്ന അറിവു നേടുക.

Image courtesy: http://getfreesamplesbymailnosurveys.com

കൌമാരപ്രായക്കാരിലെ ഉത്കണ്ഠാരോഗങ്ങൾ
കുട്ടികളും ടെലിവിഷനും: രക്ഷകര്‍ത്താക്കള്‍ അറിയേണ്ട...
 

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!