എന്റെ മകള്‍ എന്നും വെളുപ്പിന് മൂന്നരക്ക് എഴുന്നേറ്റ് പഠിച്ചു തുടങ്ങും, എന്റെ മകന്‍ നിത്യവും അര്‍ദ്ധരാത്രിവരെ പഠിക്കും എന്ന മട്ടില്‍ അഭിമാനപൂര്‍വ്വം പറയുന്ന രക്ഷിതാക്കള്‍ ധാരാളം ഉണ്ട്. കൂടുതല്‍ നേരം പഠിക്കുന്നതു വഴി പഠനം ഫലപ്രദമാക്കാമെന്ന വികലസങ്കല്പം ഈ വാക്കുകള്‍ക്കു പിന്നിലുണ്ട്. പഠനത്തിന് ഏറ്റവും കാര്യക്ഷമമായ ശൈലികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്. പല രക്ഷിതാക്കളും കുട്ടികളോട് പഠിക്ക് പഠിക്ക് എന്നാവര്‍ത്തിക്കും. പക്ഷേ എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പറഞ്ഞെന്ന് വരില്ല.
അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ലക്ഷ്യത്തെപ്പറ്റി നാം ചിന്തിക്കണം. ലക്ഷ്യമെന്നതിന് സ്വല്പം വിശദീകരണം വേണം. നിങ്ങള്‍ എട്ടിലോ പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നു കരുതുക. നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം ഡോക്ടറോ, എഞ്ചിനീയറോ, കളക്ടറോ ആവുകയായിരിക്കും. ഈ ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍ പല ഹ്രസ്വകാല ലക്ഷ്യങ്ങളും നേടി ക്രമത്തില്‍ മുന്നേറണം. ഇപ്പോള്‍ പഠിക്കുന്ന ക്ളാസില്‍ മികച്ച വിജയം കൈവരിക്കുക, അതോടൊപ്പം ദീര്‍ഘകാലം പ്രയോജനപ്പെടുന്ന ഭാഷാസാമര്‍ത്ഥ്യവും, പൊതുവിജ്ഞാനവും, വ്യക്തിത്വവൈഭവങ്ങളും നിരന്തരം ആര്‍ജ്ജിക്കുക എന്നതാണ് തത്കാല ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ വര്‍ഷാരംഭത്തില്‍ തന്നെ മൂന്നു കാര്യങ്ങല്‍ കണ്ടെത്തണം.