ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും ആവശ്യം വരും. ദീര്‍ഘകാലം പഴക്കമുള്ള സ്കിസോഫ്രീനിയ, മേധാക്ഷയം, ബുദ്ധിവളര്‍ച്ചക്കുറവ് തുടങ്ങിയ രോഗമുള്ളവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ ഏറ്റവും ആവശ്യമായി വരുന്നു. മനോരോഗങ്ങളെ വികലാംഗക്ഷേമ നിയമത്തിനു കീഴില്‍ കൊണ്ടു വരികയും തല്‍ഫലമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മനോരോഗികളെ താമസിപ്പിക്കുന്ന ഒട്ടേറെ പുനരധിവാസ കേന്ദ്രങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്താണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍? ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ നിയമങ്ങളോ ചട്ടങ്ങളോ നിലവിലുണ്ടോ?
വായനാമുറി
രോഗങ്ങള്‍ വന്ന് തളര്‍ന്നുപോകുന്ന മനസ്സിനെ ശാന്തി നല്‍കി ഉണര്‍ത്താന്‍ പോന്നവിധം ആധുനികശാസ്ത്രം വികസിച്ചിട്ടുണ്ട്. ശാസ്ത്രീയ ചികിത്സയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നവയാണ് മിക്ക മനോരോഗങ്ങളും.
വിവിധ ശാരീരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്തുവാന്‍ശാസ്ത്രീയ മാര്‍ഗങ്ങളുമുണ്ട്. പരിശോധനകളെ പിന്തുണയ്ക്കാന്‍ ആധുനിക സാങ്കേതികവിദ്യകളുമുണ്ട്. ഇതിനെക്കുറിച്ച് വായിച്ചറിവും കേട്ടറിവുമൊക്കെ സമൂഹത്തില്‍ വേണ്ടുവോളമുണ്ട്. " ഒരു സ്കാന്‍ വേണ്ടേ", "രക്തത്തിലെ ഷുഗര്‍ നോക്കേണ്ടേ" യെന്നൊക്കെ രോഗികള്‍ ആവശ്യപ്പെടും. എന്നാല്‍ മനസ്സ് രോഗാവസ്ഥയിലേക്കു പോകുമ്പോള്‍ ഏതുതരം സഹായം തേടണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമാണ്. ജീവിതത്തില്‍ സാധാരണ ചെയ്യാറുള്ള 'പറഞ്ഞുമനസ്സില്ലാക്കലും' 'ആശ്വസിപ്പിക്കലു' മൊക്കെ ഇത്തിരി ഡോസ് കൂട്ടിചെയ്താല്‍ തീരുന്നതല്ലേ മനസ്സിന്‍റെ എല്ലാ പ്രശ്നങ്ങളുമെന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്.
ആരോഗ്യമെന്നാല്‍ പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും രോഗത്തിന്‍റെ അഭാവം മാത്രമല്ലെന്നും ലോകാരോഗ്യ സംഘടന നിര്‍വ്വചിക്കുന്നു. ഈ നിര്‍വ്വചനത്തിന് ഇന്ന് സാമാന്യത്തിലധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ ഓരോ സമൂഹത്തിലും രാഷ്ട്രത്തിലും നിക്ഷിപ്ത്മാണ്. ഇതിനായി വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കപ്പെടാറുണ്ട്. ഈ മൂന്ന് മേഖലകളെ താരതമ്യം ചെയ്താല്‍ ഒരു കാര്യം വ്യക്തമായി ബോധ്യപ്പെടും. മറ്റു രണ്ടു മേഖലകള്‍ക്കും ലഭിക്കുന്ന പരിഗണന മാനസികാരോഗ്യത്തിന് ലഭിക്കാറില്ല. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഈ അവസ്ഥ നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളില്‍ ഈ രംഗത്ത് ആശാവഹമായ പ്രവണതകള്‍ പല രാജ്യങ്ങളിലും ദൃശ്യമാണ്. ഭൂരിപക്ഷം ജനങ്ങളിലും ശാരീരികാരോഗ്യപരമായ സൂചകങ്ങള്‍ കൈവരിക്കുന്നതില്‍ പിറകിലായ ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ ഇതില്‍ പെടുന്നില്ല.