ഇടവപ്പാതി തകർത്ത് പെയ്തുകൊണ്ടിരുന്ന ഒരു പ്രഭാതത്തിലാണ് അവർ എന്നെ കാണാൻ വന്നത്. 'അവർ' എന്നുപറഞ്ഞാൽ, 36 വയസുള്ള എൽസി, അവരുടെ 15-കാരനായ മകൻ ജോമോൻ, ഒപ്പം അകന്ന ബന്ധുവായ 70 വയസ്സു പ്രായം മതിക്കുന്ന ഒരു വൃദ്ധനും. എൽസി തന്റെ കൂടെയുള്ളവരോട് കയര്‍ക്കുന്നുണ്ടായിരുന്നു: “എന്താ എന്നെ ഭ്രാന്താശുപത്രിയില്‍ അടക്കാനാണോ ഉദ്ദേശം? ഞാൻ സമ്മതിക്കില്ല“ എന്നൊക്കെ അവർ പറയുന്നുമുണ്ടായിരുന്നു.
ആദ്യം സംസാരിച്ചു തുടങ്ങിയത് ബന്ധുവായ വൃദ്ധനായിരുന്നു: “സാറേ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകളായിരുന്നു എൽസി. ഇവളുടെ അച്ചനുമമ്മയും ചെറുപ്രായത്തിലേ മരിച്ചുപോയി. പിന്നെ ഞങ്ങളാ ഇവളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതുമൊക്കെ.